ഡിമെൻഷ്യയെക്കുറിച്ച് ചോദിക്കുക,അൽഷിമേഴ്സിനെക്കുറിച്ച് ചോദിക്കുക തീവ്രത തിരിച്ചറിയുക! ഡോ സരീഷ്‌കുമാർ എഴുതുന്നു

മറവി രോഗങ്ങളുടെ തീവ്രത തിരിച്ചറിയുന്നത് എങ്ങനെയാവണം? സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഡിമെൻഷ്യയെക്കുറിച്ച് ചോദിക്കുക,അൽഷിമേഴ്സിനെക്കുറിച്ച് ചോദിക്കുക തീവ്രത തിരിച്ചറിയുക! ഡോ സരീഷ്‌കുമാർ എഴുതുന്നു
ഡോ. സരീഷ് കുമാർ
1 min read|21 Sep 2025, 11:02 am
dot image

കേരളം എന്തുകൊണ്ട് ഡിമെന്‍ഷ്യ എന്ന് ചോദിക്കണം? അന്താരാഷ്ട്ര അല്‍ഷിമേഴ്സ് ദിനമാണിന് സെപ്റ്റംബര്‍ 21. ''ഡിമെന്‍ഷ്യയെക്കുറിച്ച് ചോദിക്കുക. അല്‍ഷിമേഴ്സിനെക്കുറിച്ച് ചോദിക്കുക.'' ഇതാണ് ഈ ദിവസത്തെ മുദ്രാവാക്യം.. നമ്മുടെ ഈ കൊച്ചു കേരളത്തില്‍, കുടുംബബന്ധങ്ങള്‍ വളരെ ദൃഢവും മുതിര്‍ന്നവര്‍ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രങ്ങളുമാണ് . ഇവിടെ അല്‍ഷിമേഴ്സും മറ്റ് ഡിമെന്‍ഷ്യ രോഗങ്ങളും വെറുമൊരു വൈദ്യശാസ്ത്ര പ്രശ്‌നം മാത്രമല്ല -അടഞ്ഞു കിടക്കുന്ന വീട്ടു വാതിലുകള്‍ക്ക് പിന്നില്‍ വളര്‍ന്നു വലുതായ ഒരു സാമൂഹിക, വൈകാരിക പ്രതിസന്ധി കൂടിയാണ്. ഡിമെന്‍ഷ്യ കേരളത്തില്‍ സാധാരണമാണെന്നും, ഇന്ത്യയിലെ പല ഭാഗങ്ങളേക്കാളും നമ്മുടെസമൂഹത്തില്‍ ഇതിന് സാന്ദ്രത കൂടുതലാണെന്നും പഠനങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നുണ്ട്. ഈയിടെ നടന്ന കേരളത്തിലെ ഒരു കമ്മ്യൂണിറ്റി പഠനം പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ഡിമെന്‍ഷ്യ നിരക്കാണ് രേഖപ്പെടുത്തിയത്.

60 വയസ്സിന് മുകളിലുള്ള ഇന്ത്യയിലെ മുതിര്‍ന്നവരില്‍ ഏകദേശം 7.4% പേര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടെന്നാണ് സമീപകാല ദേശീയ/സംസ്ഥാന വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്. നേരിട്ടു അനുഭവമില്ലെങ്കിലും മറവി രോഗങ്ങളെക്കുറിച്ചു നമ്മളെ ഓര്‍മിപ്പിച്ചത് സിനിമകളാണ്. വ്യക്തിയിലും സമൂഹത്തിലും ഈ രോഗം വരുത്തുന്ന മാറ്റങ്ങള്‍ എത്ര ആഴത്തിലാണ് എന്നു നമ്മള്‍ തിരിച്ചറിയുകയായിരുന്നു അപ്പോള്‍. തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായരുടെ കഥാപാത്രം, അല്‍ഷിമേഴ്സ് എങ്ങനെയാണ് ഒരു വ്യക്തിയുടെ കഴിവിനെയും, വ്യക്തിത്വത്തെയും പതിയെ ഇല്ലാതാക്കുന്നതെന്ന് കാണിച്ചു തരുന്നുണ്ട്.

സ്‌നേഹമുള്ള അച്ഛന്‍, ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍, പിറന്നാളുകളും ദിനചര്യകളും ഓര്‍ക്കുന്ന പങ്കാളി എന്നിങ്ങനെ ഓരോ റോളില്‍ നിന്നും അദ്ദേഹം അകന്നകന്നു പോകുന്നത് ആ സിനിമയില്‍ നമ്മള്‍ അറിയുന്നു. ഭര്‍ത്താവിനും അച്ഛനും മാറ്റങ്ങള്‍ വരുമ്പോള്‍ കുടുംബം അനുഭവിക്കുന്ന ഹൃദയവേദനയും നമ്മള്‍ പങ്കു വയ്ക്കും അപ്പോള്‍. മറവി രോഗം വന്നവരോട് ഒപ്പം കുട്ടികള്‍, പങ്കാളി, മാതാപിതാക്കള്‍, സമൂഹം എന്നിവര്‍ എങ്ങനെ ജീവിക്കണമെന്ന് നമുക്ക് ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു. മലയാളികള്‍ക്ക് തന്മാത്ര എന്ന ഈ ചിത്രം വളരെ ഹൃദയസ്പര്‍ശിയായി തീര്‍ന്നതിനു കാരണം ഇത് നമ്മുടെ വീടുകളിലും, ജോലിസ്ഥലങ്ങളിലും, സാമൂഹിക ചുറ്റുപാടുകളിലും സംഭവിക്കുന്ന ഒന്നായിരുന്നു എന്നും അത് നമുക്കും വന്നു ചേരാവുന്ന ഒന്നാണെന്നും ബോധ്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ്. പ്രായമായ ആളുകള്‍ കൂടി വരുന്ന കേരളത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും മറ്റു ജീവിതശൈലി രോഗങ്ങളും കൂടി ആവുമ്പോള്‍ മറവി രോഗികളുടെ എണ്ണവും കൂടുന്നത് സ്വഭാവികമാണ്.

അല്‍ഷിമേഴ്‌സ് രോഗം: കേരളം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

  • പ്രായമാകുന്ന ജനസംഖ്യ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രായമായവരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വാര്‍ദ്ധക്യം അല്‍ഷിമേഴ്സ് രോഗത്തിന്റെ പ്രധാന കാരണമായതിനാല്‍, ഈ ജനസംഖ്യാപരമായ പ്രത്യേകത സംസ്ഥാനത്ത് ഡിമെന്‍ഷ്യ സാധ്യതയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
  • വര്‍ദ്ധിച്ചുവരുന്ന പരിചരണ പ്രതിസന്ധികള്‍ :ഉയര്‍ന്ന തോതിലുള്ള കുടിയേറ്റവും അണുകുടുംബങ്ങളുടെ വര്‍ദ്ധനവും കാരണം പരമ്പരാഗതമായ കുടുംബ പരിചരണ സംവിധാനങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇത് പലപ്പോഴും ഒരു കുടുംബാംഗത്തെ മാത്രം വൈകാരികവും, ശാരീരികവും, സാമ്പത്തികവുമായ വലിയ ഭാരം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാക്കുന്നുമുണ്ട്.
  • സമൂഹത്തിലെ തെറ്റായ ധാരണകളും അവബോധമില്ലായ്മയും: ഓര്‍മ്മക്കുറവ് പോലുള്ള പ്രാഥമിക ലക്ഷണങ്ങളെ പലരും 'സാധാരണ വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളായി' കണക്കാക്കുന്നു. ഇത് രോഗനിര്‍ണയം വൈകിപ്പിക്കാനും ചികിത്സ തേടുന്നത് തടയാനും കാരണമാകുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ കാരണം കുടുംബങ്ങള്‍ ഇത് പുറത്തുപറയാന്‍ മടിക്കുകയും, തന്‍മൂലം ഒറ്റപ്പെടുകയും ചെയ്യുന്നു.
  • പരിമിതമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍: കേരളത്തിന് ശക്തമായ പൊതു ആരോഗ്യസംരക്ഷണ സംവിധാനമുണ്ടെങ്കിലും, ഡിമെന്‍ഷ്യ രോഗത്തിനായുള്ള പ്രത്യേക പരിചരണം ഇപ്പോഴും വികസിതമായിട്ടില്ല. പ്രത്യേക മെമ്മറി ക്ലിനിക്കുകള്‍, ജെറിയാട്രീഷ്യന്‍മാര്‍, പരിശീലനം ലഭിച്ച ന്യൂറോ വിദഗ്ധന്മാര്‍ എന്നിവരുടെ കുറവുണ്ട്. കൂടാതെ, ഡേ കെയര്‍ സെന്ററുകള്‍, വിശ്രമ പരിചരണ കേന്ദ്രങ്ങള്‍ എന്നിവ പോലുള്ള സമൂഹത്തില്‍ അധിഷ്ഠിതമായ സേവനങ്ങളും വളരെ പരിമിതമാണ്.
  • സാമ്പത്തിക-സാമൂഹിക അപകടസാധ്യതകള്‍: പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കേരളത്തില്‍ വ്യാപകമാണ്, ഇവ ഡിമെന്‍ഷ്യക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, ദീര്‍ഘകാല പരിചരണത്തിനും മരുന്നുകള്‍ക്കും വേണ്ടിവരുന്ന സാമ്പത്തിക ചെലവുകളും മിക്ക കുടുംബങ്ങള്‍ക്കും വലിയൊരു ഭാരമാണ്.

മറവി രോഗങ്ങളുടെ തീവ്രത തിരിച്ചറിയുന്നത് എങ്ങനെയാവണം? സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

  • ഓര്‍മ്മക്കുറവ്: പുതിയ വിവരങ്ങള്‍ മറക്കുക, ഒരേ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുക, പ്രധാനപ്പെട്ട തീയതികളും സംഭവങ്ങളും മറന്നുപോകുക.
  • കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട്: പാചകം ചെയ്യുക, വാഹനം ഓടിക്കുക തുടങ്ങിയ പരിചിതമായ കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുക.
  • ആസൂത്രണ പ്രശ്‌നങ്ങള്‍: സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പോലുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ബുദ്ധിമുട്ട്.
  • സമയത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും ആശയക്കുഴപ്പം: തീയതി, കാലം, അല്ലെങ്കില്‍ തങ്ങള്‍ എവിടെയാണെന്ന് ഓര്‍ക്കാന്‍ കഴിയാതെ വരിക.
  • കാഴ്ചയെയും സ്ഥലങ്ങളെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍: ദൂരം മനസ്സിലാക്കാനും ചിത്രങ്ങള്‍ മനസ്സിലാക്കാനും ബുദ്ധിമുട്ട്.
  • വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട്: സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടുകയോ ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യുക.
  • സാധനങ്ങള്‍ വെക്കുന്ന സ്ഥലം മറക്കുക: സാധനങ്ങള്‍ അസാധാരണമായ സ്ഥലങ്ങളില്‍ വെക്കുകയും അവ കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്യുക.
  • തീരുമാനമെടുക്കാന്‍ കഴിയാതെ വരിക: പണമിടപാടുകളില്‍ മോശം തീരുമാനങ്ങള്‍ എടുക്കുക, വ്യക്തിപരമായ ശുചിത്വം ശ്രദ്ധിക്കാതിരിക്കുക.
  • സാമൂഹിക ബന്ധങ്ങളില്‍ നിന്ന് പിന്മാറുക: താല്‍പ്പര്യമുള്ള കാര്യങ്ങളില്‍ നിന്നും, ജോലികളില്‍ നിന്നും, സാമൂഹിക ഒത്തുചേരലുകളില്‍ നിന്നും അകന്നുമാറുക.
  • സ്വഭാവത്തിലും മാനസികാവസ്ഥയിലും മാറ്റങ്ങള്‍: ആശയക്കുഴപ്പത്തിലാകുക, സംശയമുള്ളവരാകുക, ഭയമുള്ളവരാകുക, അല്ലെങ്കില്‍ എളുപ്പത്തില്‍ അസ്വസ്ഥരാകുക.

എങ്ങനെ ഈ രോഗത്തെ നേരത്തേ കണ്ടെത്താം?

  • സൂക്ഷ്മമായി നിരീക്ഷിക്കുക: രോഗബാധിതര്‍ക്ക് അവരുടെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സാധ്യതയില്ലാത്തതുകൊണ്ട്, അവര്‍ക്ക് വരുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കണം.
  • ഡോക്ടറെ സമീപിക്കുക: രോഗനിര്‍ണയം നടത്താനും സമാന ലക്ഷണങ്ങളുള്ള മറ്റ് രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും: പ്രാഥമിക പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, വിദഗ്ധ പരിശോധനകള്‍ വേണം അതില്‍ ഉള്‍പ്പെടുന്നവ ഇതൊക്കെ ആണ്.
  • രോഗിയുമായുള്ള വിശദമായ അഭിമുഖം: രോഗിയുമായും കുടുംബാംഗങ്ങളുമായും വിശദമായി സംസാരിക്കുക.
  • കോഗ്‌നിറ്റീവ് ടെസ്റ്റുകള്‍: രേഖാമൂലമുള്ള, ആഴത്തിലുള്ള പരിശോധനകള്‍.
  • ശാരീരിക പരിശോധന: രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ (വിറ്റാമിന്‍ കുറവ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍) ഇല്ലെന്ന് ഉറപ്പാക്കുക.
  • ബ്രെയിന്‍ ഇമേജിംഗ്: എംആര്‍ഐ അല്ലെങ്കില്‍ പിഇടി സ്‌കാനുകള്‍ വഴി തലച്ചോറിലെ മാറ്റങ്ങള്‍ കണ്ടെത്തുക.
  • ബയോമാര്‍ക്കര്‍ ടെസ്റ്റുകള്‍: ചില പ്രത്യേക പ്രോട്ടീനുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ രക്തപരിശോധനയോ അല്ലെങ്കില്‍ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡ് ടെസ്റ്റുകളോ നടത്തുക. എന്നിവ ഒക്കെ രോഗ നിര്‍ണയത്തിന് സഹായിക്കും.

നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?- കേരളത്തിന് പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പറയാം..

  1. നേരത്തെ ചോദിക്കുക, ഇടയ്ക്കിടെ ചോദിക്കുക: ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ട്, വ്യക്തിത്വത്തിലുള്ള മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിക്കുക. നേരത്തെയുള്ള രോഗനിര്‍ണയം രോഗത്തെ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും, തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും സഹായിക്കുന്നു.
  2. വാസ്‌കുലര്‍ രോഗസാധ്യതകള്‍ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുക: ജീവിതകാലം മുഴുവന്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക. ഇവ ഡിമെന്‍ഷ്യക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.
  3. കഥകളിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക: 'തന്മാത്ര', 'ദി ഫാദര്‍' എന്നീ സിനിമകള്‍ പോലെയോ തെരുവ് നാടകങ്ങള്‍ മറ്റു കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴിയോ ഒക്കെ ഈ വിഷയത്തെ കൂടുതല്‍ മാനുഷികവല്‍ക്കരിക്കുക, അതിലൂടെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക. ഉദാഹരണത്തിന് പറയുകയാണെങ്കില്‍ the ഫാദര്‍ എന്ന സിനിമയെ കുറിച്ച് പറയാം.ഡിമെന്‍ഷ്യ ബാധിച്ച ഒരു വ്യക്തിയുടെ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ ലോകത്തേക്ക് ആന്റണി ഹോപ്കിന്‍സ് ന്റെ ദി ഫാദര്‍ എന്ന സിനിമ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്.സമയം ചിതറിത്തെറിക്കുന്നതും, വ്യക്തികള്‍ അപരിചിതരാകുന്നതും, വിശ്വസിച്ച മുഖങ്ങള്‍ പോലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുന്നതും നാം അനുഭവിക്കുന്നു. ഈ സിനിമ ഡിമെന്‍ഷ്യ ബാധിച്ച ആളുടെയും അവരുടെ പരിചാരകരുടെയും മനസ്സിലെ ഭയവും, ആശയക്കുഴപ്പവും നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. സ്ഥിതിവിവരക്കണക്കുകള്‍ക്ക് മാത്രം കാണിക്കാന്‍ കഴിയാത്ത ഈ മറവി രോഗത്തിന്റെ തീവ്രതയും, ഇടയ്ക്കിടെയുണ്ടാകുന്ന ഓര്‍മ്മകള്‍ തിരികെ വരുമ്പോള്‍ സംഭവിക്കുന്ന വികാര തീവ്രമായ വ്യക്തതയുടെ നിമിഷങ്ങളും ഇത്തരം സിനിമകള്‍ നമുക്ക് കാണിച്ചുതരുന്നു. കലകള്‍ എല്ലായ്പോഴും സഹാനുഭൂതി വളര്‍ത്തുന്ന ഒരു ശക്തമായ ഉപകരണമാണ്.
  4. പരിചരിക്കുന്നവരെ പിന്തുണയ്ക്കുക: പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, എന്‍ജിഒകളിലൂടെ ഉണ്ടാക്കുന്ന ഗ്രൂപ്പുകളിലൂടെയും പരിശീലന പരിപാടികള്‍, വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കുക. പരിചാരകര്‍ക്ക് സുരക്ഷയെക്കുറിച്ചും, ആശയവിനിമയത്തെക്കുറിച്ചും, നിയമ-സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു നല്‍കേണ്ടത് പ്രധാനമാണ്.
  5. സേവനങ്ങള്‍ ശക്തിപ്പെടുത്തുക: പ്രായമായ ജനസംഖ്യ കൂടുതലുള്ള കേരളത്തിലെ ജില്ലകളില്‍ ഡിമെന്‍ഷ്യയെക്കുറിച്ച് അവബോധമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മെമ്മറി ക്ലിനിക്കുകള്‍, കമ്മ്യൂണിറ്റി ഡേ കെയര്‍ സെന്ററുകള്‍ എന്നിവ ആരംഭിക്കാന്‍ മുന്‍കൈ എടുക്കുക.
  6. ചോദിക്കുക. മനസ്സിലാക്കുക. പിന്തുണയ്ക്കുക. അല്‍ഷിമേഷ്‌സിന്റെ, ഓര്‍മ്മക്കുറവിന്റെ ,ഡിമെന്‍ഷ്യയുടെ ഈ യാത്രയില്‍ ആരും ഒറ്റയ്ക്ക് സഞ്ചരിക്കരുത്. അത് നമുക്ക് ഉറപ്പിക്കേണ്ടി ഇരിക്കുന്നു..

Content Highlights: Dr SareeshKumar writes about severity of dementia

dot image
To advertise here,contact us
dot image