ഓർമ്മകൾ മറന്ന് തുടങ്ങിയോ? എങ്കിൽ ശ്രദ്ധിച്ച് തുടങ്ങണം

ഓരോ മൂന്ന് സെക്കൻഡിലും ഭൂമുഖത്ത് ഒരാൾ മറവിരോഗത്തിന് അടിപ്പെടുന്നു എന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്

ഓർമ്മകൾ മറന്ന് തുടങ്ങിയോ? എങ്കിൽ ശ്രദ്ധിച്ച് തുടങ്ങണം
ഡോ. അഷ്റഫ് വി വി
1 min read|21 Sep 2025, 09:32 am
dot image

നമ്മുടെ ജീവിതത്തിന്റെ താളം തന്നെ ഓർമ്മകളാൽ തിങ്ങിനിറഞ്ഞതാണെല്ലോ. കൈവരിച്ച വിജയങ്ങളും പരാജയങ്ങളും അടിസ്ഥാനമാക്കിയാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും നാം മുന്നോട്ട് പോവുന്നത്. ഈ ഓർമകളെല്ലാം നശിച്ചു പോയാലുള്ള അവസ്ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ജീവിതം ഏറ്റവും ഭയാനകമായ പ്രതിസന്ധിയാകുമെന്ന് നിസ്സംശയം പറയാം. സമീപകാല സംഭവങ്ങളോ സംഭാഷണങ്ങളോ മറന്നു തുടങ്ങി ക്രമേണ ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മറവിയുടെ പടുകുഴിയിലേക്ക് പതിക്കുന്ന എത്രയോ മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത്. അവരെ ഓർക്കാനൊരു ദിനമാണ് സെപ്തംബർ 21, 'ലോക അൽഷിമേഴ്സ് ദിനം'.

ഓരോ മൂന്ന് സെക്കൻഡിലും ഭൂമുഖത്ത് ഒരാൾ മറവിരോഗത്തിന് അടിപ്പെടുന്നു എന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്തുന്നതാണ് രോഗാവസ്ഥയെ മറികടക്കാൻ ഏറ്റവും പ്രധാനമായത്. നമ്മുടെ തലച്ചോർ ഒരു കംപ്യൂട്ടർ പോലെയാണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. ശരീരത്തിലെ ഓരോ പ്രവൃത്തികളും നിയന്ത്രിക്കുന്നതു തലച്ചോറിന്റെ ഓരോ ഭാഗങ്ങളാണ്. ഇവ തമ്മി‍ൽ കൃത്യമായ ഏകോപനവും ഉണ്ട്. ഏതെങ്കിലും ഒരു ഭാഗം നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വിവിധ ഭാഗങ്ങളിലേക്കുള്ള ഏകോപനം നഷ്ടപ്പെടും. അത് മറവി രോഗത്തിന്റെ തുടക്കമാവുന്നു.

തലച്ചോറിന്റെ അടിസ്ഥാന കോശങ്ങളാണ് ന്യൂറോണുകൾ. കോടാനുകോടി ന്യൂറോണുകളുടെ പ്രവർത്തനമാണ് നമ്മൾ ഓരോരുത്തരുടെയും തലച്ചോറിൽ നടക്കുന്നത്. ഏതെങ്കിലും കാരണവശാൽ ന്യൂറോണുകൾ ക്ഷയിക്കുകയോ മൃതമാവുകയോ ചെയ്യുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നു. ഇങ്ങനെ നാഡീ ഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഓർമശക്തിയെയും ബുദ്ധിശക്തിയെയും പെരുമാറ്റത്തെയുമെല്ലാം ബാധിക്കുന്നു. ന്യൂറോണുകളുടെ പ്രവർത്തനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന ഏത് രോഗാവസ്ഥയും മറവിരോഗത്തിനു കാരണമാകാം.

60 വയസ്സു കഴിഞ്ഞവരിലാണു രോഗലക്ഷണങ്ങൾ ആരംഭിക്കുന്നത്. 60 വയസ്സു കഴിഞ്ഞവരിൽ അഞ്ച് ശതമാനത്തോളം പേർക്കും മറവി രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനിതകമായ കാരണങ്ങളാൽ 45 വയസ്സ് മുതലുള്ളവർക്കും അപൂർവമായെങ്കിലും ഇത്തരം രോഗലക്ഷണങ്ങളുണ്ടാകാനും സാധ്യതയുണ്ട്. എല്ലാ മറവിയും അൽഷിമേഴ്‌സ് അല്ല എന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളിൽ ഒന്നുമാത്രമാണിത്. തലച്ചോറിലുണ്ടാകുന്ന മുഴകൾ, സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം, രക്താർബുദം തുടങ്ങിയ രോഗങ്ങളുടെ ഭാഗമായും മറവി ഉണ്ടാകാം.

ലോകമെമ്പാടുമുള്ള അഞ്ചര കോടിയിലധികം ആളുകൾക്ക് മറവിരോഗം ബാധിച്ചു എന്നാണ് കണക്കുകൾ. മരുന്നുകൾക്കു രോഗപുരോഗതി തടയാമെന്നല്ലാതെ പരിപൂർണമായി സുഖപ്പെടുത്താൻ സാധിക്കില്ല എന്നുകൂടി നാം മനസ്സിലാക്കേണ്ടതാണ്

ലോകമെമ്പാടുമുള്ള അഞ്ചര കോടിയിലധികം ആളുകൾക്ക് മറവിരോഗം ബാധിച്ചു എന്നാണ് കണക്കുകൾ. മരുന്നുകൾക്കു രോഗപുരോഗതി തടയാമെന്നല്ലാതെ പരിപൂർണമായി സുഖപ്പെടുത്താൻ സാധിക്കില്ല എന്നുകൂടി നാം മനസ്സിലാക്കേണ്ടതാണ്. വളരെ സാവധാനമാണ് രോഗം മൂർച്ഛിക്കുന്നതും ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതും. അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. രോഗികളോടുള്ള കരുതൽ ഈ വേളയിൽ അത്യാവശ്യമാണ്. എപ്പോഴും കർമനിരതരാക്കുന്ന പ്രവർത്തനങ്ങൾ രോഗികൾക്ക് വളരെ പ്രയോജനം ചെയ്യും. ചെസ് കളിക്കുക, പത്രം വായിക്കുക, ഗ്രൂപ്പ് ആക്ടിവിറ്റീസിൽ ഏർപ്പെടുക എന്നിവയെല്ലാം അൽഷിമേഴ്‌സ് രോഗം തീവ്രമാകുന്നതിൻ്റെ തോത് കുറയ്ക്കും.

World Alzheimer's Day, which takes place every Sept. 21, is a global effort to raise awareness and challenge the stigma around Alzheimer's disease and other dementia. Join the Alzheimer's Association as we recognize the more than 55 million people across the world who are affected by this terrible disease.

ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ കഴിയില്ല എന്നുള്ളതാണ്
പ്രത്യേകം ഓർക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ അസുഖം ചികിത്സിച്ച് ഭേദമാക്കുക എന്നത് പ്രായോഗികവുമല്ല. എന്നാൽ ഈ രോഗത്തിൻ്റെ ഭാഗമായുണ്ടാകുന്ന ചില ലക്ഷണങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നവയാണ്. അത്തരത്തിൽ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന മരുന്നുകളാണ് രോഗികൾക്ക് നിലവിൽ നൽകിവരുന്നത്. രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ തേടേണ്ടതാണ്. ആവശ്യമായ പരിചരണവും സ്വാന്തനവും നൽകി ഇത്തരം രോഗികളുടെ കൂടെ നിൽക്കേണ്ടത് സമൂഹത്തിൻ്റെ കടമയും കൂടിയാണ്.

മറവിരോഗികൾ പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ

  • വർധിച്ചുവരുന്ന ഓർമക്കുറവ്
  • സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
  • ‌പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും പറയുക
  • ‌ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുക
  • വർഷം, തീയതി, ദിവസം എന്നിവ മറന്നു പോകുക
  • സ്ഥലകാലബോധം നഷ്ടപ്പെടുക
  • അടുത്തകാലത്തു നടന്ന കാര്യങ്ങൾ മറന്നുപോകുകയും വളരെ നാളുകൾക്കുമുമ്പുള്ള കാര്യങ്ങൾ പറയാനുള്ള താൽപര്യം കാണിക്കുകയും ചെയ്യുക
    വളരെ കാലമായി ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ വേണ്ട രീതിയിൽ ചെയ്യാൻ കഴിയാതെ വരിക
  • ഭാഷാപരമായ കഴിവുകൾ നഷ്ടപ്പെടുക
  • സ്വഭാവത്തിലും വ്യക്തിത്വത്തിലും പ്രകടമാകുന്ന മാറ്റങ്ങൾ
  • ഒരുകാര്യത്തിലും താൽപര്യമില്ലാതിരിക്കുക, നിസ്സംഗത, അകാരണമായ വിഷാദം, ദേഷ്യം

Content Highlights: World Alzheimer's Day which takes place every September 21

dot image
To advertise here,contact us
dot image