
കേരളത്തിന്റെ തെക്കും വടക്കും തൊഴിലാളി പ്രസ്ഥാനം ചെങ്കൊടിയേന്തി അവകാശപ്പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന വേളയിൽ മധ്യകേരളത്തിൽ ആ പോരാട്ടങ്ങളുടെ മുൻനിരയിൽ യാതൊരു ഭയാശങ്കകളുമില്ലാതെ അണിനിരന്ന നേതാവാണ് സഖാവ് എം എം ലോറൻസ്. ലാത്തിയടിയാണോ ഗ്രനേഡാണോ തോക്കിൻകുഴലിൽ നിന്ന് വെടിയുണ്ടയാണോ വരികയെന്ന ആശങ്കകൾ ഏതൊരു പ്രക്ഷോഭത്തിന് നേർക്കുമുണ്ടായിരുന്ന ആ ഘട്ടത്തിൽ ഒരടി പിന്നോട്ടുനിൽക്കാതെ ഏറ്റവും മുന്നിൽ നിന്ന് തൊഴിലാളികളെ നയിച്ച സഖാവ്. അദ്ദേഹത്തെ ആദ്യമായി കണ്ട വേളയിൽ 'ആലുവാപ്പുഴ പിന്നെയുമൊഴുകി' എന്ന പ്രശസ്ത നോവൽ അനശ്വരമാക്കിയ മുഹൂർത്തങ്ങളാണ് മനസ്സിലേക്ക് വന്നത്. കാനൻഷെഡ് റോഡിലൂടെ ക്രൂര പൊലീസ് മർദനത്തിന് വിധേയനാക്കി ഒരു തൊഴിലാളിനേതാവിനെ കൊണ്ടുപോകുന്ന ചിത്രം. ആവേശത്തോടെയായിരുന്നു അന്നുമുതൽ എക്കാലവും അദ്ദേഹത്തെ നോക്കിയത്.
കക്കൂസ് മാലിന്യം വൃത്തിഹീനമായ അന്തരീക്ഷത്തിൽ ശുചിയാക്കാനും അത് ചുമന്നുകൊണ്ടുപോകാനും നിർബന്ധിതനായ മനുഷ്യരെ സംഘടിപ്പിച്ച് സമരം നടത്തിയ, ആ മനുഷ്യരുടെ ആത്മാഭിമാനവും നമ്മുടേതിലും ഒട്ടും കുറവല്ലെന്ന് ഈ സമൂഹത്തിനോട് വിളിച്ചുപറഞ്ഞ സഖാവ്. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ചുള്ളിക്കാടിന്റെ പേനയിലൂടെ 'തോട്ടി' എന്ന കവിത ജനിച്ചു. കേരളത്തെ ചുവപ്പണിയിച്ച സമരോജ്ജ്വല ഭൂതകാലത്തിന്റെ കരുത്തുറ്റ പ്രതീകങ്ങളിലൊന്നാണ് സഖാവ് ലോറൻസ്.
കക്കൂസ് മാലിന്യമേന്തിയ തൊഴിലാളിയോടും കടമുറികളിലെ ഒറ്റപ്പെട്ട പീടികത്തൊഴിലാളികളോടും ചാപ്പക്കായി മത്സരിക്കേണ്ടിവന്ന തുറമുഖ തൊഴിലാളികളോടും അദ്ദേഹം രാഷ്ട്രീയം പറഞ്ഞു. ആദ്യമൊക്കെ ചെവികൊടുക്കാതിരുന്നവർ ജിഞ്ജാസയോടെ സഖാവിനെ കേട്ടുതുടങ്ങി
തൊഴിലാളിവർഗ സമര പാന്ഥാവിൽ മധ്യകേരളത്തെ തിരുവിതാംകൂറിനോടും മലബാറിനോടും കണ്ണിചേർത്ത ഉശിരൻ വിപ്ലവകാരികളിൽ പ്രധാനി. കക്കൂസ് മാലിന്യമേന്തിയ തൊഴിലാളിയോടും കടമുറികളിലെ ഒറ്റപ്പെട്ട പീടികത്തൊഴിലാളികളോടും ചാപ്പക്കായി മത്സരിക്കേണ്ടിവന്ന തുറമുഖ തൊഴിലാളികളോടും അദ്ദേഹം രാഷ്ട്രീയം പറഞ്ഞു. ആദ്യമൊക്കെ ചെവികൊടുക്കാതിരുന്നവർ ജിഞ്ജാസയോടെ സഖാവിനെ കേട്ടുതുടങ്ങി. ഇതൊക്കെ നമ്മുടെ അവകാശങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഒന്നിച്ചുനിൽക്കേണ്ടതിന്റെയും യൂണിയനുണ്ടാകേണ്ടതിന്റെയും പ്രാധാന്യം ഈ തൊഴിലാളികൾക്ക് മനസിലായി. ഇതിനായി നീണ്ട കാലമെടുത്തു. ഫലമായി യാഥാസ്ഥിതിക-വലത് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന എറണാകുളത്ത് ചെങ്കൊടിത്തണലിൽ സമരങ്ങൾ അനവധിയുണ്ടാകാൻ തുടങ്ങി.
കൊച്ചി തുറമുഖമുൾപ്പെടെ 5 പേർ ഒന്നിച്ചുനിന്ന് ശബ്ദമുയർത്താൻ പേടിച്ചിരുന്ന എല്ലായിടങ്ങളിലും 50ഉം 100ഉം അതിലധികവും പേർ ഒന്നിച്ച് സമരം നടത്തി. തോട്ടിപ്പണിക്കാർ കൂലിവർധനയ്ക്കും ആത്മാഭിമാന സംരക്ഷണത്തിമായി സംഘടിച്ചു. തൊഴിലാളിപ്രസ്ഥാനത്തിന് ഒരിക്കലും മറക്കാനാകാത്ത ഏടുകളിലൊന്നായ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലും തുടർന്നുള്ള ചെറുത്തുനിൽപ്പിലും സഖാവ് ലോറൻസ് മുഖ്യ പങ്ക് വഹിച്ചു. ഇന്നത്തെ തലമുറയ്ക്കും വരും തലമുറകൾക്കും സിനിമാക്കഥകളെ വെല്ലുന്ന അവിശ്വസനീയതയോടെ മാത്രമേ ഈ ചരിത്രം കേട്ടിരിക്കാനാകൂ. സഖാവ് ഇടപെട്ട എല്ലാ വിഷയങ്ങളിലും ആദിമധ്യാന്തം തൊഴിലാളിക്കും അവന്റെ കുടുംബത്തിനും ഒരു ചുവട് മുന്നോട്ടുവെക്കാനുള്ള എന്ത് നേട്ടം ലഭിക്കുമെന്ന കാര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഞാൻ എസ്എഫ്‌ഐ നേതൃചുമതലകളിലേക്ക് വരുന്ന ഘട്ടത്തിൽ അദ്ദേഹം പാർടി കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായിരുന്നു. കൂത്തുപറമ്പ് സംഭവത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിച്ചപ്പോൾ ഭീകരമായ പൊലീസ് മർദനത്തിന് ഞാനും സഖാക്കളും വിധേയരായി. ചികിത്സയിൽ കഴിയുമ്പോൾ എം എം ലോറൻസ് കാണാൻ വന്നു. മർദനം ശരീരത്തിലേൽപ്പിച്ച ആഘാതം മറികടക്കാനാകുമെന്ന് സ്വന്തം അനുഭവം ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞത് വലിയ പ്രചോദനമായി. ഞാൻ രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ ഒരു പാർലമെന്റ് അംഗം ഏതൊക്കെ നിലയിൽ സഭയിൽ ഇടപെടണമെന്നതിനുള്ള മാർഗരേഖയായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ ശ്രമിച്ചു. ആ പാതയിൽ തന്നെ ഇന്നും മുന്നോട്ടുപോകുന്നു. സഖാവിന്റെ ഓർമ്മകൾക്ക് മരണമില്ല, ആ പോരാട്ടങ്ങൾക്ക് അവസാനവുമില്ല.
Content Highlights: P Rajeev says M M Lawrence is a powerful symbol of the glorious past of communism in Kerala