
തെന്മല: ആര്യങ്കാവ് രാജാത്തോട്ടത്തില്‍ വനമേഖല കാണാന്‍ പോയ യുവാക്കള്‍ക്ക് വഴിതെറ്റി വനത്തിനുള്ളില്‍ കുടുങ്ങി. വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. കൊട്ടാരക്കര കിഴക്കേത്തെരുവ് മികവില്‍വിള പുത്തന്‍വീട്ടില്‍ ഷൈന്‍(20), മുളക്കല്‍ വീട്ടില്‍ മെറിന്‍(25) എന്നിവരാണ് വനത്തിനുള്ളില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി 11.30ഓടെയാണ് ഇവരെ വനത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്.
രാജാത്തോട്ടം കണ്ട് തിരിച്ചിറങ്ങുന്നതിനിടയിലാണ് ഇവര്‍ക്ക് വഴിതെറ്റിയത്. വഴിയറിയാതെ തമിഴ്‌നാട് ഭാഗത്തെ വനമേഖലയിലേക്കാണ് ഇവര്‍ പോയത്. മൂടല്‍മഞ്ഞ് വ്യാപിച്ചതും വഴികണ്ടെത്താന്‍ തടസ്സമായി. വനംവകുപ്പ് ഓഫീസുമായി യുവാക്കള്‍ മൊബൈല്‍വഴി ബന്ധപ്പെടുകയായിരുന്നു. മൊബൈല്‍വഴി ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്തു. യുവാക്കളോട് സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാന്‍ നിര്‍ദേശം നല്‍കിയശേഷം ആര്യങ്കാവ് റെയ്ഞ്ചിലെ കടമാന്‍പാറ സ്റ്റേഷനിലെ ജീവനക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ ആരംഭിച്ചു. യുവാക്കളുടെ മൊബൈലില്‍ ചാര്‍ജ് കുറവായതും തുടര്‍ച്ചയായി ബന്ധപ്പെടുന്നതിന് തിരിച്ചടിയായി.
കാട്ടാന, കടുവ, പുലി, കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നിറഞ്ഞ മേഖലയില്‍ മണിക്കൂറുകളാണ് യുവാക്കള്‍ കഴിച്ചുകൂട്ടിയത്. വന്യമൃഗങ്ങളുടെ ആക്രമണസാധ്യതയുള്ള മേഖലയില്‍ തിരച്ചില്‍ നടത്തുന്നത് വനംവകുപ്പ് ജീവനക്കാര്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചു. രാത്രി 11.30-ഓടെയാണ് യുവാക്കളെ കണ്ടെത്തിയത്. ഈറ്റക്കാട്ടില്‍ അഭയംതേടിയ നിലയിലാണ് യുവാക്കളെ കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനകം യുവാക്കളുടെ ബന്ധുക്കളും ആര്യങ്കാവ് റെയ്ഞ്ച് ഓഫീസില്‍ എത്തിയിരുന്നു. അനധികൃതമായി വനമേഖല സന്ദര്‍ശിക്കില്ലെന്ന് എഴുതിവാങ്ങിയശേഷം ബന്ധുക്കളോടൊപ്പം ഇവരെ വിട്ടയച്ചു.
Content Highlight; Youths visiting Rajathottam in Aryankavu went missing