സ്ത്രീ സാന്നിദ്ധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്; പി വി അന്‍വര്‍

അയ്യപ്പനുമായി ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു

സ്ത്രീ സാന്നിദ്ധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയത്; പി വി അന്‍വര്‍
dot image

മലപ്പുറം: ആഗോള അയ്യപ്പ സംഗമം നാടകമാണെന്ന് പി വി അന്‍വര്‍. ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ എല്ലാവരും ആദരവോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും വിഷയത്തിലെ നിലപാട് മൂന്നുവര്‍ഷം മുന്‍പ് നമ്മള്‍ കണ്ടതാണെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്ത്രീ സാന്നിദ്ധ്യം ശബരിമലയില്‍ ഉറപ്പാക്കാന്‍ വലിയ ശ്രമമാണ് അന്ന് സര്‍ക്കാര്‍ നടത്തിയതെന്നും അയ്യപ്പനുമായി ഒരു ആത്മാര്‍ത്ഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

'മുഖ്യമന്ത്രിയും സര്‍ക്കാരും മോശം കാര്യമാണ് ചെയ്തത്. താന്‍ ഒരു വര്‍ഗീയവാദി ആണെന്ന് നെറ്റിപ്പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറില്‍ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. മോദിയെക്കാള്‍ വര്‍ഗീയത തുപ്പുന്ന യോഗിയെ കൊണ്ടുവരാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്? പൊലീസ് വിഷയങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം. വര്‍ഗീയമായി വിഭജിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഗീയത ഏല്‍ക്കില്ലെന്ന് ഇന്നലത്തെ സംഗമം തെളിയിച്ചു. മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അണിനിരത്തിയിട്ടും പരിപാടി പരാജയപ്പെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സദസില്‍ ഉണ്ടായിരുന്നത് അഞ്ഞൂറില്‍ താഴെ ആളുകള്‍': പി വി അന്‍വര്‍ പറഞ്ഞു.

യോഗിയുടെ കത്ത് രണ്ടുവര്‍ഷം മുന്‍പാണ് ലഭിച്ചതെങ്കില്‍ സര്‍ക്കാര്‍ പുകഴ്ത്തിയേനേ എന്നും ഇപ്പോള്‍ അവര്‍ യോഗിയുടെ കത്ത് കൊട്ടിഘോഷിക്കുകയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. 'വെളളാപ്പളളി നടേശന്‍ ആദ്യം പറഞ്ഞത് മുസ്‌ലീം വിഭാഗത്തിന് എതിരെ. പിന്നീട് പറഞ്ഞത് ക്രൈസ്തവര്‍ക്ക് എതിരെ. മൂന്നാമതും പിണറായി മുഖ്യമന്ത്രിയാകണം എന്ന് വെളളാപ്പളളി പറഞ്ഞത് അയ്യപ്പ സംഗമ വേദിയിലാണ്. അപ്പോള്‍ അത് രാഷ്ട്രീയമല്ലേ? അയ്യപ്പന്റെ സ്വര്‍ണം തന്നെ അടിച്ചുമാറ്റി. അയ്യപ്പ സംഗമം പൊളിഞ്ഞു. അവിടത്തെ രണ്ട് പഞ്ചായത്തിലെ സഖാക്കള്‍ വന്നാല്‍ പോലും സദസ് നിറഞ്ഞേനെ. മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് ഇപ്പോള്‍ ആളില്ലാത്ത അവസ്ഥയാണ്.': പി വി അന്‍വര്‍ പറഞ്ഞു.

എംവി ഗോവിന്ദന്റെ എ ഐ കസേര പരാമര്‍ശത്തിലും അന്‍വര്‍ പ്രതികരിച്ചു. നാളെ വെളളാപ്പളളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചത് എ ഐ ആണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐയ്ക്ക് ഇപ്പോള്‍ ഒരു നിലപാടുമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:PV Anwar against Global Ayyappa Sangamam and CPIM Government Inviting Yogi Adityanath

dot image
To advertise here,contact us
dot image