
പത്തനംതിട്ട: അയ്യപ്പസംഗമം ചീറ്റിപ്പോയെന്ന കോണ്‍ഗ്രസ് വിമര്‍ശനം വിഷമകരമായ സാഹചര്യത്തില്‍ സ്വയം സംതൃപ്തി അടയാനുള്ള പാഴ്ശ്രമത്തിന്റെ ഭാഗമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. അതിന്റെ അര്‍ത്ഥം ആഗോള അയ്യപ്പ സംഗമം വിജയിച്ചുവെന്നതാണെന്നും വി എന്‍ വാസവന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഗമം തുടങ്ങും മുമ്പ് എടുത്ത വിഷ്വല്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചു. വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ആളുകള്‍ മൂന്ന് സെഷനായി പിരിഞ്ഞു. കുറച്ചുപേര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നവരുമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെയും ഹരിത പ്രോട്ടോകോള്‍ പാലിച്ചുമാണ് പരിപാടി നടത്തിയത്. ഒരാള്‍ക്ക് പോലും ഒരു പരാതിയുമുണ്ടായിരുന്നില്ല. സെഷനുകളില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ വന്നു. ആഗോള അയ്യപ്പ സംഗമം വിജയിപ്പോള്‍ പ്രതിപക്ഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുവെന്നും വി എന്‍ വാസവന്‍ പറഞ്ഞു. കണക്കുകള്‍ പരിശോധിക്കണമെങ്കില്‍ രജിസ്റ്റര്‍ പരിശോധിക്കാം. നാളെ നടക്കാനിരിക്കുന്ന ബദല്‍ സംഗമത്തിലെ മികച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വി എന്‍ വാസവനും മുഖ്യമന്ത്രിയുടെ സ്റ്റേറ്റ് കാറില്‍ വന്നിറങ്ങിയതിലെ വിമര്‍ശനത്തെയും മന്ത്രി പ്രതിരോധിച്ചു. ഒരുമിച്ച് വന്നതില്‍ ഒരു രാഷ്ട്രീയ സന്ദേശവും ഇല്ല. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ഒരേ ലക്ഷ്യത്തിലേക്കല്ലേ രണ്ടാളും പോയത്, അത്രമാത്രം എന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. 4600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. ലോകപ്രശസ്തമായ വിജയമാണ് സംഗമത്തിന്റേത്. എന്തെങ്കിലും കൊടുക്കുന്നതിന് നാണവും മാനവും വേണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: Some media deliberately disseminated visual taken before global ayyappa sangamam start