ആറ് 'സിങ്കപ്പെണ്ണുങ്ങൾ' ബഹിരാകാശത്തേക്ക്, പട്ടികയിൽ കാറ്റി പെറിയും; ചരിത്രം രചിക്കാൻ ബ്ലൂ ഒറിജിൻ

ലോകപ്രശസ്ത സംഗീതജ്ഞ കാറ്റി പെറി അടക്കമുള്ള ആറ് വനിതകളാണ് ഈ മിഷനിൽ അംഗമാകുന്നത്

dot image

ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ എന്ന എയ്റോസ്‌പെയ്‌സ് കമ്പനി ചരിത്രം രചിക്കാൻ പോകുകയാണ്. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേർഡ് റോക്കറ്റ് തങ്ങളുടെ പതിനൊന്നാം മിഷനായി ഏറ്റെടുക്കുന്നത് ഒരു ചെറിയ ബഹിരാകാശ യാത്രയാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ന്യൂ ഷെപ്പേർഡ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്, ആറ് സ്ത്രീകളുമായാണ്.

ലോകപ്രശസ്ത സംഗീതജ്ഞ കാറ്റി പെറി അടക്കമുള്ള ആറ് വനിതകളാണ് ഈ മിഷനിൽ അംഗമാകുന്നത്. യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറും, കലയിലൂടെ കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫയർവർക്ക് ഫൗണ്ടേഷൻ സ്ഥാപകയുമാണ് കാറ്റി പെറി.

നാസയിലെ മുൻ റോക്കറ്റ് സയന്റിസ്റ്റും സംരംഭകയുമായ ഐഷ ബൊവെയാണ് മറ്റൊരു യാത്രിക. സ്റ്റെംബോർഡ്, ലിംഗോ എന്നീ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ഐഷ ചെറുപ്പക്കാർക്കടിയിൽ പ്രവർത്തിക്കുന്നയാളാണ്. ബയോസ്ട്രോനോട്ടിക്സ് ഗവേഷകയും, ലൈംഗിക ക്രൂരകൃത്യങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമാൻഡ ഗുയെൻ ആണ് മറ്റൊരു യാത്രിക. വിയറ്റ്നാമിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണിവർ.

പുരസ്‌കാര ജേതാവും, മികച്ച പത്രപ്രവർത്തകയുമായ ഗെയിൽ കിങ്ങും ഈ യാത്രയിലുണ്ട്. ചലച്ചിത്രപ്രവർത്തക കെരിയാൻ ഫ്ലിൻ, എമ്മി അവാർഡ് ജേതാവാവായ പത്രപ്രവർത്തകയും പൈലറ്റുമായ ലോറൻ സാഞ്ചസ് എന്നിവരും ഈ ദൗത്യത്തിലുണ്ട്.

ഏപ്രിൽ പതിനാലിനാണ് ആറ് വനിതകളുമായി ന്യൂ ഷെപ്പേർഡ് റോക്കറ്റ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുക. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും അതിർത്തിയായ കാർമൻ ലൈനിന് അല്പം മുകളിലായി പത്ത് മിനുട്ട് നേരം പേടകം ചുറ്റും. തുടർന്ന് യാത്രികരുമായി ഭൂമിയിലേക്കെത്തും.

Content Highlights: 6 women to reach space at Blue Origin mission

dot image
To advertise here,contact us
dot image