'അലൻഡേ ഭരണത്തിൽ വന്നാൽ ദാരിദ്ര്യമേ ഉണ്ടാകില്ല', കേൾക്കുമ്പോൾ എല്ലാം വിഎസിനെ ഓർമ വരും, സ്വാഭാവികമായി

ഗാന്ധിയുടെ 'രക്ഷാകവചം' വായിക്കുമ്പോഴും വി എസി നെ ഓർമ്മ വരും, സ്വാഭാവികമായി, വിട…

dot image

1964 ലെ ഇലക്ഷനിൽ ആണെന്ന് തോന്നുന്നു. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ എഡ്വാർഡോ ഫ്രൈ സാൽവതോർ അലെൻഡെയെ തോല്പിച്ച് ചിലിയുടെ പ്രസിഡന്റായി. സി ഐ എ ഫ്രൈയ്ക്ക് വേണ്ടി ധാരാളം പണമൊഴുക്കിയിരുന്നു. അലെൻഡേയും സഖാക്കളും ദരിദ്രർ.

അക്കാലത്തെ അലെൻഡേയുടെ പ്രചരണത്തെപ്പറ്റി എഡ്വാർഡോ ഗലിയാനോ എഴുതിയിട്ടുണ്ട്. പോസ്റ്ററടിക്കാൻ അലെൻഡേയുടെ പക്ഷത്ത് പൈസയില്ല. ഫ്രൈയ്ക്ക് ആണെങ്കിൽ ബഹുവർണ്ണ പോസ്റ്ററുകൾ. ചിലിയിലെ ചേരികളിൽ കാലിലിടാൻ ചെരിപ്പോ ഉടുക്കാൻ വസ്ത്രമോ ഇല്ലാത്ത മനുഷ്യർ വസിക്കുന്ന ഇടത്ത് ഫ്രൈയുടെ പോസ്റ്റർ ഇങ്ങനെയായിരുന്നു.

'ഫ്രൈ ഭരണത്തിൽ വന്നാൽ ദരിദ്രരായ കുഞ്ഞുങ്ങൾക്ക് ഷൂസ് ലഭിക്കും', അലൻഡേയും കൂട്ടരും അതിനടിയിൽ ഇങ്ങനെ എഴുതി വെച്ചു. 'അലൻഡേ ഭരണത്തിൽ വന്നാൽ ദാരിദ്ര്യമേ ഉണ്ടാകില്ല' എതിരാളിയുടെ മുദ്രാവാക്യങ്ങളും ബഹുവർണ്ണ പോസ്റ്ററുകളും തോറ്റു പോകുന്ന സർഗ്ഗാത്മകത. ആ ഇലക്ഷനിൽ പക്ഷെ അലെൻഡേ തോറ്റു. പിന്നീട് 1970 ൽ ജയിച്ചു. ഈ കഥ എപ്പോൾ വായിക്കുമ്പോഴും സഖാവ് വി എസിനെ ഓർമ്മ വരും, സ്വാഭാവികമായി.

രണ്ടാമത്തെ അനുഭവം, ഗാന്ധിയുടെ 'രക്ഷാകവചത്തെ' ക്കുറിച്ച് വായിക്കുമ്പോഴാണ്. ഇടക്കാല മന്ത്രിസഭയിലെ കോൺഗ്രസ്സ് മന്ത്രിമാർക്ക് ഗാന്ധി കൊടുക്കുന്ന ഉപദേശം, പ്രശ്നങ്ങൾ അവരെ കുഴക്കുമ്പോൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദരിദ്രനായ മനുഷ്യൻ്റെ മുഖം ആലോചിക്കാനാണ്. തങ്ങൾ ചെയ്യാൻ പോകുന്ന കാര്യം ആ മനുഷ്യന് ഭൗതികമായോ ആത്മീയമായോ എന്തെങ്കിലും ഉന്നമനം കൊണ്ടുവരുമെങ്കിൽ അത് ചെയ്യാൻ ഒരു തരത്തിലും മടിക്കരുത്. ഇതാണ് ഗാന്ധിയുടെ 'രക്ഷാകവചം'. ഇത് വായിക്കുമ്പോഴും വി എസി നെ ഓർമ്മ വരും, സ്വാഭാവികമായി, വിട…

Content Highlights: pn gopikrishnan on vs achuthanandan

dot image
To advertise here,contact us
dot image