അൻവറിൻ്റെ ഡിഎംകെ, ക്രൗഡ്‌ പുള്ളർ ഷാഫി, ചെങ്കൊടിയേന്തി സരിൻ, താമര പിടിച്ച് പത്മജ; 2024ലെ പൊളിറ്റിക്കൽ ഐക്കൺസ്

ഇക്കഴിഞ്ഞ വർഷം രാഷ്ട്രീയ കേരളത്തില്‍ ചർച്ചകള്‍ സൃഷ്ടിച്ച ചിലരെ പരിചയപ്പെടാം

അൻവറിൻ്റെ ഡിഎംകെ, ക്രൗഡ്‌ പുള്ളർ ഷാഫി, ചെങ്കൊടിയേന്തി സരിൻ, താമര പിടിച്ച് പത്മജ; 2024ലെ പൊളിറ്റിക്കൽ ഐക്കൺസ്
ആമിന കെ
1 min read|01 Jan 2025, 01:36 pm
dot image

സസ്പെന്‍സുകളും കൂറുമാറ്റങ്ങളും വിവാദങ്ങളും നിറഞ്ഞ രാഷ്ട്രീയ വർഷമാണ് കഴിഞ്ഞുപോയത്. സർക്കാരിനെ പിടിച്ചുകുലുക്കാന്‍ പോന്ന വിവാദങ്ങളും പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളും ഉള്‍പ്പടെ 2024ല്‍ കേരളം കണ്ടു. രാഷ്ട്രീയ സംഭവങ്ങളോടൊപ്പം തന്നെ ചർച്ചകള്‍ സൃഷ്ടിച്ച് നിരവധി വ്യക്തികളും ശ്രദ്ധാ കേന്ദ്രമായി. ഇത്തരത്തിൽ ഇക്കഴിഞ്ഞ വർഷം കേരളത്തിലെ പൊളിറ്റിക്കൽ ഐക്കൺസായ ചിലരെ പരിചയപ്പെടാം.

പി വി അൻവർ

ഈ വർഷം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളില്‍ ഒന്ന് നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വെളിപ്പെടുത്തലുകളും പുതിയ പാർട്ടി പ്രഖ്യാപനവുമായിരുന്നു. വെറും മാസങ്ങൾ കൊണ്ടാണ് അൻവർ തൻ്റെ നിലപാടുകളിൽ മാറ്റം വരുത്തിയതും കേരളത്തിലെ രാഷ്ട്രീയ ഭൂമികയിലേക്ക് പുതിയൊരു പ്രസ്ഥാനത്തെ അവതരിപ്പിച്ചതും. വലിയ ചലനങ്ങളൊന്നും തന്നെ അൻവറിൻ്റെ ഡിഎംകെ(ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള)യ്ക്ക് ഇക്കാലയളവിലുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തന്നിലേക്ക് കൊണ്ടെത്തിക്കാൻ സാധിച്ചുവെന്നതാണ് അൻവറിനുണ്ടായ നേട്ടം.

P V Anvar
പി വി അൻവർ

കോൺഗ്രസിൽ നിന്ന് തുടങ്ങി ഡിഐസിയിലെത്തി അവിടെ നിന്നും പുറത്തുപോയി സ്വതന്ത്രനായി മത്സരിച്ചാണ് ഒടുവിൽ അൻവർ ഇടതുപാളയത്തിലെത്തിയത്. അൻവറിന് സിപിഐഎം പാർട്ടി അണികൾക്കിടയിൽ, പ്രത്യേകിച്ചും സൈബർ ഇടങ്ങളിൽ ഹീറോ പരിവേഷമാണ് ലഭിച്ചത്.

പൊലീസിന് എതിരെ ആരോപണങ്ങളുമായി അൻവർ രംഗത്തെത്തിയതാണ് സംഭവവികാസങ്ങളുടെ തുടക്കം. മുൻ മലപ്പുറം എസ് പി സുജിത് ദാസ് മലപ്പുറം പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്നായിരുന്നു ആരോപണം. മലപ്പുറത്തെ സ്വർണം പൊട്ടിക്കൽ പൊലീസിന്റെ അറിവോടെയെന്നായിരുന്നു അൻവർ പിന്നീട് നടത്തിയ ആരോപണം. അതിന് ചുക്കാൻ പിടിക്കുന്നത് സുജിത് ദാസാണെന്നും എഡിജിപി അജിത് കുമാർ കൊടും ക്രിമിനലാണെന്നും അൻവർ ആരോപണമുന്നയിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ് ആഭ്യന്ത വകുപ്പ് ഭരിക്കുന്നതെന്നായിരുന്നു അൻവറിന്റെ മറ്റൊരു ഗുരുതര ആരോപണം. വാർത്താ സമ്മേളനങ്ങളിൽ ഇക്കാര്യത്തിൽ നിരന്തരം സർക്കാരിനെ കുറ്റപ്പെടുത്തിയ അൻവർ പാർട്ടിയുടെ കണ്ണിലെ കരടായി. അൻവറിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തെത്തി. അതോടെ അതുവരെ മുഖ്യമന്ത്രി പിണറായി വിജയനെ പിതൃ തുല്യനായി കണക്കാക്കുന്നുവെന്ന് പറഞ്ഞ അൻവറിൻ്റെ പ്രധാന എതിരാളിയായി മുഖ്യനും മാറി.

Pinarayi Vijayan and P V anvar
മുഖ്യമന്ത്രി പിണറായി വിജയനും പി വി അൻവറും

മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖം, മാമി തിരോധാനക്കേസ് എന്നിവയ്ക്കെതിരെയും പ്രത്യക്ഷത്തിൽ തന്നെ സർക്കാരിനെതിരെ അൻവർ രംഗത്തെത്തി. ആഭ്യന്തര വകുപ്പിൽ നിന്ന് തുടങ്ങി പി ശശിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി റിയാസിനെതിരെയുമുള്ള ആരോപണങ്ങളായിരുന്നു പിന്നീട് അൻവറിൽ നിന്ന് കണ്ടത്. നവീൻ ബാബുവിന്റെ മരണത്തിലും, ഇ പി ജയരാജന്റെ പുസ്തക വിവാദത്തിലും പങ്കുണ്ടെന്നും സാമ്പത്തിക തർക്കത്തിൽ ഇടനിലക്കാരൻ ആണെന്നുമടക്കമുള്ള ആരോപണങ്ങളായിരുന്നു പി ശശിക്കെതിരെ അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രതിരോധത്തിലായതോടെ അന്‍വറിനെ തള്ളി മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉള്‍പ്പടെ രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു അന്‍വറിന്റെ പാർട്ടി പ്രഖ്യാപനം. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലാണ് അദ്ദേഹം പാർട്ടി രൂപീകരിച്ചത്. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ചേലക്കരയിൽ നിന്നും പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുകയും ചെയ്തു.

പി സരിൻ

2024ൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ നിർണായക മുഖമായി മാറിയ ഒരാളാണ് ഡോ. പി സരിൻ. കോൺഗ്രസിൻ്റെ സൈബർ വിങ് തലവനെന്ന് പോലും അറിയപ്പെട്ടിരുന്ന സരിൻ്റെ കൂറുമാറ്റം തിരഞ്ഞെടുപ്പിൽ വലിയൊരു ഓളം തന്നെയുണ്ടാക്കി. ഐഎഎസിൽ നിന്നും പടിയിറങ്ങി യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ആളായിരുന്നു പി സരിൻ. കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയിലുണ്ടായിരുന്ന സരിനാണ് പിന്നീട് കോൺഗ്രസിന്റെ സൈബർ ഇടത്തെ മുന്നോട്ട് കൊണ്ടുപോയത്.

P Sarin
പി സരിൻ

എട്ട് വർഷം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച സരിൻ നിയമസഭാ ഉപതിരഞ്ഞടുപ്പോട് കൂടിയാണ് കോൺഗ്രസുമായി ഇടയുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനമായിരുന്നു സരിനെ ചൊടിപ്പിച്ചത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതോട് കൂടി രാഹുൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സരിൻ പാർട്ടിയിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു.

പിന്നാലെ സിപിഐഎമ്മിലേക്ക് ചേക്കേറിയ പി സരിനെ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും ചെയ്തു. എന്നാൽ മൂന്നാം സ്ഥാനത്തേക്ക് പോയ സരിൻ തിരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയിലുള്ള ഇടപെടലുകളൊന്നും നടത്തിയിട്ടില്ല.

സന്ദീപ് വാര്യർ

അൻവർ സിപിഐഎമ്മിനോടുള്ള സഹവർത്തിത്വം അവസാനിപ്പിച്ചപ്പോഴും സരിൻ കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലെത്തിയപ്പോഴും ബിജെപി പാർട്ടിയിൽ വലിയ വിള്ളലുകളില്ലെന്ന അവകാശവാദങ്ങളുണ്ടായിരുന്നു. ഇതിനുള്ള അപവാദമായി ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ചേക്കേറി. അതും, ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ.

Sandeep G Varier
സന്ദീപ് ജി വാര്യർ

2019 മുതലാണ് സന്ദീപ് ബിജെപിയിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയർന്നത്. ചാനൽ ചർച്ചകളിലൂടെ പ്രശസ്തനായ സന്ദീപ് വാര്യർ തൻ്റെ വർഗീയ പരാമർശങ്ങളിലൂടെയാണ് അറിയപ്പെട്ട് തുടങ്ങിയത്.

എന്നാൽ സന്ദീപിൻ്റെ കൂറുമാറ്റം പെട്ടെന്ന് സംഭവിച്ച ഒന്നായിരുന്നില്ല. കഴിഞ്ഞ കുറേക്കാലമായി കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളോട് സന്ദീപിന് വലിയ എതിർപ്പുണ്ടായിരുന്നു. അതൃപ്തി പരസ്യമാക്കി സന്ദീപ് വാര്യർ രംഗത്തെത്തിയതോടെ അനുനയ നീക്കങ്ങള്‍ നടന്നുവെങ്കിലും അതെല്ലാം പാളി. സിപിഐഎമ്മിലേക്കോ കോൺഗ്രസിലേക്കോ എന്ന നിലയിൽ സന്ദീപ് വാര്യരുടെ പാർട്ടിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ പാലക്കാട് തിരഞ്ഞെടുപ്പിലെ ഹോട്ട്‌ടോപ്പിക്കായിരുന്നു.

ഒടുവിൽ ബിജെപി തന്നെ പൂർണമായി അവഗണിക്കുന്നുവെന്ന് തോന്നിയ സന്ദീപ് തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പാളയത്തിലേക്കെത്തുകയായിരുന്നു. ഊഹാപോഹങ്ങൾക്ക് അവസരം നൽകാതെ വർഗീയത വിട്ട് ഗാന്ധിയൻ ആശയത്തോട് ചേരുന്നുവെന്ന് സന്ദീപ് പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ കോൺഗ്രസിൻ്റെ പുതുതലമുറ നേതാക്കൾക്കൊപ്പമുള്ള സ്ഥാനമാണ് സന്ദീപ് വാര്യർക്ക് ലഭിക്കുന്നത്.

പത്മജ വേണുഗോപാൽ

ഈ വർഷം ഏറ്റവും കൂടുതൽ ഞെട്ടിയ കൂറുമാറ്റമായിരുന്നു മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിൻ്റേത്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സമയത്തായിരുന്നു കോൺഗ്രസ് കുടുബത്തിൽ നിന്നും പത്മജ ബിജെപിയിലേക്ക് ചേക്കേറിയത്. തൃശ്ശൂരിൽ വിജയിക്കണമെന്ന ലക്ഷ്യത്തോടെ സുരേഷ് ഗോപി കച്ചകെട്ടിയിറങ്ങിയ സമയത്താണ് പത്മജയുടെ ബിജെപിയിലേക്കുള്ള രംഗപ്രവേശം.

Pathmaja Venugopal
പത്മജ വേണുഗോപാൽ

പത്മജയുടെ കൂറുമാറ്റം അപ്രതീക്ഷിതമായിരുന്നെങ്കിലും തൃശൂർ കോൺഗ്രസിനുള്ളിലെ തർക്കം പലപ്പോഴായായി പത്മജ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രവുമല്ല, കോൺഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലുമായിരുന്നില്ല. നേതൃത്വം തന്നെ തഴയുന്നുവെന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു. കരുണാകരൻ സ്മാരക മന്ദിരത്തിന്റെ നിർമാണം വൈകുന്നതും, തൃശൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താന് ശ്രമിച്ചവർക്കെതിരെ നടപടി എടുത്തില്ല എന്നതും പത്മജയുടെ പ്രധാനപ്പെട്ട അതൃപ്തികളായിരുന്നു. ഇതിനൊടുവിലാണ് പത്മജ ബിജെപിയിലെത്തിയത്.

പത്മജയുടെ കൂറുമാറ്റം പത്മജയേക്കാളും ബാധിച്ചത് സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ മുരളീധരനെയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുരളീധരനെ വടകരയിൽ നിന്നും മത്സരിപ്പിക്കുന്നതിന് പകരം തൃശൂരിൽ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെ ഒരു കാരണം പത്മജയുടെ ബിജെപി രംഗപ്രവേശമാണെന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ മുരളീധരന് തൃശൂരിൽ വിജയിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ബിജെപി ആദ്യമായി അവിടെ വിജയിക്കുകയും ചെയ്തു. പക്ഷേ, കോൺഗ്രസിലേത് പോലെ തന്നെ പത്മജയ്ക്ക് തിളങ്ങാനുള്ള അവസരങ്ങളൊന്നും ബിജെപിയിൽ നിന്നും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ഇ പി ജയരാജൻ

ഈ വർഷം ഇ പി ജയരാജനോളം ഊരാക്കുടുക്കിൽപ്പെട്ട മറ്റൊരു നേതാവുണ്ടാകില്ല. നിർണായകമായ രണ്ട് തിരഞ്ഞെടുപ്പുകളിലാണ് ഇ പി ജയരാജനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള ഗുരുതര ആരോപണമുണ്ടാകുന്നത്. സിപിഐഎമ്മിലെ മുതിർന്ന നേതാവായ ഇ പി ജയരാജൻ്റെ എൽഡിഎഫ് കൺവീനർ സ്ഥാനം ഇല്ലാതാകാനും ഇതിലൊരു ആരോപണം കാരണമായി.

ഏറെ നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു ആദ്യമായി സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കുന്ന തരത്തിൽ ഇ പി ജയരാജനെതിരെ ആരോപണങ്ങളുയർന്നത്. ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കർ ഇ പി ജയരാജനെ സന്ദർശിച്ചുവെന്ന് ദല്ലാൾ നന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരികയായിരുന്നു.

E P Jayarajan
ഇ പി ജയരാജൻ

ഇ പി ജയരാജനെ പോലുള്ള ഒരാൾ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് സിപിഐഎമ്മിന് വെല്ലുവിളിയായി. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇ പി ജയരാജൻ സമ്മതിച്ചതോടെ, സമ്മർദം ശക്തമായി. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വേളയിലുള്ള ഈ പ്രതികരണത്തിന് പിന്നാലെ പ്രതിരോധത്തിലായ സിപിഐഎം ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി.

പിന്നീട് പാർട്ടി പരിപാടികളിൽ നിന്നും മാറി നിന്ന ഇ പി വീണ്ടും വലിയ രീതിയിൽ ചർച്ചയാകുന്നത് ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ടാണ്. അതും മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്താണ് വീണ്ടും ഇ പി ജയരാജനെ മുൾമുനയിൽ നിർത്തിക്കൊണ്ട് വിവാദങ്ങളുണ്ടാകുന്നത്.

'കട്ടൻചായയും പരിപ്പുവടയും' എന്ന പേരിൽ ഇപിയുടേതെന്ന പേരിൽ ഡി സി ബുക്സ് പുറത്തിറക്കിയ ആത്മകഥയുടെ കവർ ചിത്രമാണ് പുറത്തുവന്നത്. കവർ ചിത്രത്തിന് പിന്നാലെ ആത്മകഥയുടേതെന്ന പേരിൽ പ്രസക്ത ഭാഗങ്ങളും വ്യാപകമായി പ്രചരിച്ചു. പിന്നാലെ ഈ ആത്മകഥ തൻ്റേതല്ലെന്ന് വ്യക്തമാക്കി ഇ പി രംഗത്ത് വരികയും ഡി സി ബുക്സിനെതിരെ കേസ് നൽകുകയും ചെയ്തെങ്കിലും ഈ വർഷം ഇപിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ സിപിഐഎമ്മിനെ കാര്യമായി രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

ഷാഫി പറമ്പിൽ

ഇത്തവണത്തെ ക്രൌഡ് പുള്ളർ, കിംഗ് മേക്കർ ഇമേജ് നേടിയെടുത്ത യുവ നേതാവാണ് വടകര എം പി ഷാഫി പറമ്പിൽ. ഒരു പക്ഷേ രാഷ്ട്രീയ ഭേദമന്യേ ആരാധകരെ സൃഷ്ടിക്കാനും ഷാഫിക്ക് സാധിച്ചിട്ടുണ്ട്. പാലക്കാട് എംഎൽഎയായി പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് കോൺഗ്രസ് പാർട്ടി ലോക്സഭയിൽ മത്സരിക്കുന്നതിന് വേണ്ടി ഷാഫിയെ വടകരയിലെത്തിക്കുന്നത്. നിറകണ്ണുകളോടെയായിരുന്നു അന്ന് പാലക്കാട് ഷാഫിക്ക് യാത്ര നൽകിയത്.

Shafi Parambil
ഷാഫി പറമ്പിൽ

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാക്കളിലൊരാളായ സിപിഐഎം നേതാവ് കെ കെ ശൈലജ ടീച്ചറെ നേരിടാനായിരുന്നു കെ മുരളീധരന്‍ അടക്കമുള്ള മുതിർന്ന നേതാക്കളെ മറികടന്ന് ഷാഫി പറമ്പിലിനെ വടകരയിലേക്കെത്തിച്ചത്. സ്ഥാനാർത്ഥിത്വം കൊണ്ട് തന്നെ തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ട വടകര മണ്ഡലം കാഫിർ വിവാദത്തോടെ കൂടുതൽ പ്രാധാന്യമുള്ള മണ്ഡലമായി മാറി. ഏവരും ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലത്തിൽ 114,506 വോട്ടുകളെന്ന വന്‍ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ വിജയിക്കുകയും ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസങ്ങൾക്ക് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഷാഫിയുടെ കൂടിയ ഇടപെടലിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്ഥാനാർത്ഥിയായതും. എന്നാൽ രാഹുലിനേക്കാൾ സ്റ്റാർ പരിവേഷം അപ്പോഴും ഷാഫിക്കായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് അധ്യക്ഷനിൽ നിന്നും കോൺഗ്രസിൻ്റെ പ്രധാന നേതാക്കളിലൊരാളായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മാറിയ വർഷമായിരുന്നു 2024. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യാജമായി തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന ആരോപണത്തിലാണ് രാഹുലിൻ്റെ 2023 അവസാനിച്ചത്. എന്നാൽ ഈ വർഷം അവസാനിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി മാറുകയായിരുന്നു.

Rahul Mankoottathil
രാഹുൽ മാങ്കൂട്ടത്തിൽ

നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് 2023 ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് കയറി അറസ്റ്റ് ചെയ്തത് വലിയ കോലാഹലങ്ങളായിരുന്നു സൃഷ്ടിച്ചത്. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് വമ്പൻ വരവേൽപ്പാണ് കോൺഗ്രസ് നൽകിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിച്ചപ്പോഴും പിന്നണിയിലെ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടുത്തതും രാഹുൽ തന്നെ. തുടർന്ന് ഷാഫിയുടെ പിൻഗാമിയായി രാഹുൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വമ്പൻ ഭൂരിപക്ഷത്തില്‍ വിജയിക്കുകയുമായിരുന്നു.

Content Highlights: Political Icons in Kerala 2024

dot image
To advertise here,contact us
dot image