

സ്‌കൂള്‍ വിട്ട് മിഠായി വാങ്ങി നടന്നു വരുന്ന നാല് കുട്ടികള്‍, അവരെ കാത്തിരിക്കുന്ന വീട്ടുകാര്‍…പക്ഷേ കുട്ടികളുടെ നീട്ടിയുള്ള വിളിക്ക് പകരം മരണ വാര്‍ത്തയാണ് ഇന്നത്തെ വൈകുന്നേരം ആ വീടുകളിലേക്കെത്തിയത്.
പാലക്കാട് കല്ലടിക്കോട് സിമന്റ് ലോഡ് വഹിച്ച ലോറി മറിഞ്ഞ് നാല് പെണ്‍കുട്ടികളുടെ ദാരുണാന്ത്യമാണ് ഇന്ന് കേരളക്കരയെയാകെ ഞെട്ടിച്ചിരിക്കുന്നത്. സ്ഥിരം അപകടമുണ്ടാകുന്ന കരിമ്പ പനയംപാടത്ത് നിയന്ത്രണം വിട്ടാണ് ലോറി കുട്ടികള്‍ക്ക് മുകളില്‍ മറിഞ്ഞത്. അപകടത്തിന് പിന്നാലെ ആയിഷ, റിദ, ഇര്‍ഫാന, മിതയെന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മരണം നാടിനെയൊന്നാകെ വിറപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് അപകട വാര്‍ത്തകള്‍ സ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. കളര്‍ക്കോട് അപകടത്തില്‍ ആറ് മിടുക്കരായ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ നിന്നുള്ള നടുക്കം മാറുന്നതിന് മുമ്പേയാണ് പാലക്കാടും അപകടമുണ്ടായിരിക്കുന്നത്.
റോഡരികില്‍ പൊലിഞ്ഞ സ്വപ്‌നങ്ങള്‍
ഏറെ സ്വപ്നങ്ങളോടെ ഡോക്ടറാകാന്‍ വേണ്ടി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിയ ആറ് സുഹൃത്തുക്കള്‍ക്കാണ് കളര്‍ക്കോട് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഡിസംബര്‍ രണ്ടിന് ദേശീയപാതയില്‍ കളര്‍ക്കോട് ചങ്ങനാശ്ശേരി മുക്കിന് സമീപത്ത് രാത്രിയുണ്ടായ അപകടത്തിലാണ് ആറ് പേരുടെ ജീവന്‍ ഇല്ലാതായത്. ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശി ദേവനന്ദന്‍, പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ തത്ക്ഷണവും എടത്വ സ്വദേശി ആല്‍ബിന്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

സിനിമയ്ക്ക് പോകുന്നതിനിടെ ടവേര കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചായിരുന്നു അപകടം. 11 പേരായിരുന്നു അന്ന് വാഹനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. വാഹനമോടിച്ച വിദ്യാര്‍ത്ഥി ഗൗരി ശങ്കറിന്റെ മൊഴി പ്രകാരം ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വിചാരിച്ച സ്പീഡ് കിട്ടാതെ വരികയും പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ കാര്‍ തെന്നി നീങ്ങി കെഎസ്ആര്‍ടിസിയില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ഗൗരി ശങ്കറിനെതിരെയും കാര്‍ ഉടമ ഷാമില്‍ ഖാനെതിരെയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
നാട്ടികയില്‍ രാത്രി സുരക്ഷിതമെന്ന് കരുതി കിടന്നുറങ്ങിയ നാടോടികള്‍ക്ക് മേലെ പാഞ്ഞുകയറിയ തടി ലോറി ഇല്ലാതാക്കിയത് അഞ്ച് പേരുടെ ജീവനായിരുന്നു. നവംബര്‍ 26ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), എന്നിവരും ഒരു കുട്ടിയുമാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരുക്കുമേറ്റു.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയ പാതയില്‍ വാഹനങ്ങള്‍ വരില്ലെന്ന പ്രതീക്ഷയിലായിരുന്നു ഗോവിന്ദപുരം സ്വദേശികളായ ഇവര്‍ കിടന്നിരുന്നത്. ഈ ഭാഗം ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. ഇവ തകര്‍ത്താണ് തടി കയറ്റിയെത്തിയ ലോറി ഇടിച്ചുകയറിയത്. മദ്യലഹരിയില്‍ മയങ്ങിപ്പോയ ക്ലീനര്‍ അലക്‌സിന്റെ ശ്രദ്ധക്കുറവായിരുന്നു അപകടത്തിനിടയാക്കിയത്.
ഒക്‌ടോബര്‍ 22ന് പാലക്കാട് കല്ലടിക്കോട് മറ്റൊരു അപകടം കൂടി നടന്നിരുന്നു. പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളായ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. രാത്രി 10: 40 ഓടെ നടന്ന അപകടത്തില്‍ കോങ്ങാട് മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17), രമേഷ് (31), വിഷ്ണു (28), കെ കെ വിജേഷ് (35), മഹേഷ് എന്നിവരാണ് മരിച്ചത്.
പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അന്ന് അപകടമുണ്ടായത്. മാസങ്ങളുടെ വ്യത്യാസത്തിലുണ്ടായ ഈ നാല് അപടകവും കൂട്ടമരണങ്ങളും റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്. ഇതിനിടയിൽ ദിനം പ്രതി അപകടങ്ങൾ കൂടുകയും ഒറ്റപ്പെട്ട മരണങ്ങളും സംഭവിക്കുന്നുമുണ്ട്.
കൂടി വരുന്ന അപകടവും അപകട മരണങ്ങളും
കേരളത്തില്‍ റോഡപകടങ്ങളില്‍ ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധനവാണെന്നാണ് സംസ്ഥാന ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 2023 ജൂണിനും 2024 മെയ് മാസത്തിനും ഇടയില്‍ റോഡപകടങ്ങളുടെ എണ്ണത്തില്‍ ആറര ശതമാനം വര്‍ധനവാണുണ്ടായത്.
2023 ജനുവരി മുതല്‍ ഈ ഒക്ടോബര്‍ വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 7,300ല്‍ അധികം ജീവനുകളാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 99,977 പേര്‍ക്കാണ് ഇക്കാലയളവില്‍ അപകടങ്ങളില്‍ പരിക്കേറ്റത്. ഈ കാലയളവില്‍ സംസ്ഥാനത്ത് ആകെ 88,912 അപകടങ്ങളാണുണ്ടായത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങളുണ്ടാകുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2023 ജനുവരിയില്‍ 4,474 വാഹനാപകടങ്ങളും ഡിസംബറില്‍ 4171 വാഹനാപകടങ്ങളുമാണുണ്ടായത്. യഥാക്രമം 408 പേര്‍ക്ക് ജനുവരിയിലും 392 പേര്‍ക്ക് ഡിസംബറിലും ജീവന്‍ നഷ്ടമായി.
കഴിഞ്ഞവര്‍ഷം ഉണ്ടായ റോഡപകടങ്ങളില്‍ 2,292 എണ്ണത്തിന്റെയും കാരണം അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ ആണ്. 512 അപകടങ്ങള്‍ക്ക് കാരണമായത് എതിരെ വന്ന വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയോ പിഴവോ ആയിരുന്നു. വാഹനമോടിച്ചവരുടെ അശ്രദ്ധയും പിഴവും അപകടകാരണമായതിന്റെ എണ്ണം 2022ല്‍ 7940 ആയിരുന്നു.
ഡിസംബര്‍ രണ്ടിന് കേരള പൊലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ വരെ 40,821 അപകടങ്ങളാണ് നടന്നത്. ഇതില്‍ 3168 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 45,657 പേര്‍ക്ക് കൂടിയതും കുറഞ്ഞതുമായ പരിക്കും പറ്റിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 48, 901 അപകടമുണ്ടായതില്‍ നിന്നും ഈ വര്‍ഷം അപകടം കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വാസത്തിനുള്ള വകയില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: Road accidents in Kerala Kalladikkod Kalarkkod Nattika