

യുഎഇയിലെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകിക്കൊണ്ട് ദുബായിലും അബുദാബിയിലും താമസസ്ഥലങ്ങളുടെ വാടക നിരക്കുകൾ കുറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കുതിച്ചുയർന്നിരുന്ന വാടക നിരക്കുകൾക്കാണ് ഇപ്പോൾ ശമനമായിരിക്കുന്നത്. അബുദാബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചതും, ദുബായിൽ കൂടുതൽ പുതിയ ഫ്ലാറ്റുകൾ വിപണിയിലെത്തിയതുമാണ് താമസക്കാർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതോടെ വാടക കരാർ പുതുക്കുമ്പോൾ നിരക്ക് കുറയ്ക്കാനും കുറഞ്ഞ ചെലവിൽ മികച്ച വീടുകളിലേക്ക് മാറാനും പ്രവാസികൾക്ക് അവസരമൊരുങ്ങും.
2026 മാർച്ചിലുണ്ടായ പ്രാദേശിക പ്രതിസന്ധിക്ക് പിന്നാലെ വിപണിയിലുണ്ടായ മാറ്റങ്ങളും നിർമ്മാണം പൂർത്തിയായ കൂടുതൽ താമസകേന്ദ്രങ്ങൾ വിപണിയിലെത്തിയതുമാണ് ദുബായിൽ വാടക കുറയാൻ പ്രധാന കാരണം. പ്രമുഖ റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബലിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ദുബായിൽ അപ്പാർട്ട്മെന്റുകളുടെ വാടക കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. സാധാരണയായി ഒരു വർഷത്തേക്കാണ് വാടക കരാറുകൾ ഒപ്പിടുന്നത് എന്നതിനാൽ, കരാർ കാലാവധി കഴിയുമ്പോൾ കെട്ടിട ഉടമകളുമായി സംസാരിച്ച് വാടക കുറയ്ക്കാൻ പ്രവാസികൾക്ക് സാധിക്കും.
വരും വർഷങ്ങളിലും ദുബായിൽ വാടക കുറയാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 2027, 2028 വർഷങ്ങളിൽ ദുബായിൽ പുതിയ ഫ്ലാറ്റുകളുടെയും വില്ലകളുടെയും എണ്ണത്തിൽ ഏകദേശം 20 ശതമാനത്തോളം വർദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടുതൽ വീടുകൾ ലഭ്യമാകുന്നതോടെ വാടക നിരക്കുകളിൽ ഇനിയും കുറവുണ്ടാകും. എന്നാൽ ദുബായിലെ കടകളുടെയും ഓഫീസുകളുടെയും വാടകയിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, 2026 ജൂണിൽ ഭരണകൂടം പ്രഖ്യാപിച്ച താൽക്കാലിക വാടക മരവിപ്പിക്കൽ നയമാണ് അബുദാബിയിലെ പ്രവാസികൾക്ക് തുണയാകുന്നത്. വാർഷിക വാടക വർദ്ധനവ് അഞ്ച് ശതമാനത്തിൽ നിന്ന് പൂജ്യമായി കുറച്ചതോടെ കെട്ടിട ഉടമകൾക്ക് വാടക കൂട്ടാൻ കഴിയില്ല. വീടുകൾക്ക് പുറമെ അബുദാബിയിലെ കടകൾക്കും ഓഫീസ് കെട്ടിടങ്ങൾക്കും ഈ വാടക നിയന്ത്രണം ബാധകമാണ്. ജീവിതച്ചെലവുകൾക്കിടയിൽ വാടകയിലുണ്ടാകുന്ന ഈ ആശ്വാസം പ്രവാസി കുടുംബങ്ങൾക്ക് വലിയ കൈത്താങ്ങാകും.
Content Highlights: Tenants in Dubai and Abu Dhabi are seeing signs of relief in the rental market as rents moderate and housing supply increases. In Dubai, more completed residential units are giving tenants greater bargaining power. In the third quarter of 2026, 21.4% of rental transactions recorded lower rents than the previous contracts, while 38.7% remained unchanged. In Abu Dhabi, rental controls and new housing supply are also putting pressure on rental growth.