

സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി നിർമ്മിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന 'മിറ' (Mira) എന്ന പേഴ്സണൽ അസിസ്റ്റന്റിനെ യുഎഇ അവതരിപ്പിച്ചു. രാജ്യത്തെ താമസക്കാരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി സർക്കാർ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഈ പുതിയ സംവിധാനത്തിന് സാധിക്കും. 2027 മാർച്ച് മുതൽ 'മിറ' പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.
പൊതുസേവന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനാണ് യുഎഇ ഇതിലൂടെ തുടക്കമിടുന്നത്. ആദ്യഘട്ടത്തിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഏറ്റവും അത്യാവശ്യമായ സർക്കാർ സേവനങ്ങളാണ് 'മിറ' വഴി ലഭ്യമാക്കുക. തുടർന്ന് 2027 അവസാനത്തോടെ രാജ്യത്തെ മുഴുവൻ സർക്കാർ സേവനങ്ങളും ഈ ഒരൊറ്റ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം. യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുക എന്ന ശൈഖ് മുഹമ്മദിന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ദീർഘവീക്ഷണത്തിന്റെ തുടർച്ചയാണിതെന്ന് യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി സേവനങ്ങൾ നൽകുന്ന പുതിയൊരു ഘട്ടത്തിലേക്കാണ് യുഎഇ ഇതോടെ കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: The UAE has unveiled ‘Mira’, an AI-powered personal government assistant designed to make public services faster, simpler and more personalised. Users can explain their requirements in everyday language, and Mira will identify the relevant service, guide them through the process and help complete transactions through a single conversation