'തോന്നുമ്പോൾ വരാനും പോകാനും കോൺഗ്രസ് വഴിയമ്പലമാണോ?, പത്മജയെ സ്വീകരിക്കാൻ മുട്ടി നിൽക്കുന്നവർ അൽപം അടങ്ങണം'

ഭരണം വന്നപ്പോള്‍ തിരികെ വരുന്നത് അധികാരത്തിന്റെ കസേരയില്‍ കയറി ഇരിക്കാനാണെങ്കില്‍ അത് മനസാക്ഷിയുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നും മഞ്ജുക്കുട്ടന്‍

'തോന്നുമ്പോൾ വരാനും പോകാനും കോൺഗ്രസ് വഴിയമ്പലമാണോ?, പത്മജയെ സ്വീകരിക്കാൻ മുട്ടി നിൽക്കുന്നവർ അൽപം അടങ്ങണം'
dot image

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുക്കുട്ടന്‍. പത്മജയ്ക്ക് തോന്നുമ്പോള്‍ തിരികെ വരാനും പോകാനും കോണ്‍ഗ്രസ് വഴി അമ്പലമാണോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

പാര്‍ട്ടിയുടെ നല്ല സമയത്ത് എല്ലാ അനുകൂല്യവും വാങ്ങി, എല്ലാ സുഖവും അനുഭവിക്കുകയും മോശം സമയത്ത് പാര്‍ട്ടിയെ തള്ളി പറയുകയും കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുകയും ചെയ്ത ശേഷം ഭരണം വന്നപ്പോള്‍ തിരികെ വരുന്നത് അധികാരത്തിന്റെ കസേരയില്‍ കയറി ഇരിക്കാനാണെങ്കില്‍ അത് മനസാക്ഷിയുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നും മഞ്ജുക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. പത്മജയെ സ്വീകരിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ അല്‍പം അടങ്ങണമെന്ന് പറഞ്ഞാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

മരണം വരെ കോണ്‍ഗ്രസ് ആയിരുന്ന ഒരു മനുഷ്യന്റെ സ്മൃതി മണ്ഡപത്തില്‍ കണ്ട ചാണക സംഘികളെ വിളിച്ചു കയറ്റി തെമ്മാടിത്തരം കാണിച്ച പത്മജ ഇപ്പോള്‍ അവര്‍ക്ക് തോന്നുമ്പോള്‍ തിരികെ വരാനും പോകാനും കോണ്‍ഗ്രസ് എന്താണ് വഴി അമ്പലമാണോ. ഇനി പത്മജ ആയത് കൊണ്ട് അവര്‍ക്ക് എന്തും ആകാം എന്നാണോ. പാര്‍ട്ടിയുടെ നല്ല സമയത്ത് എല്ലാ അനുകൂല്ല്യവും വാങ്ങി എല്ലാ സുഖവും അനുഭവിച്ചിട്ട് അവസാനം മോശം സമയത്ത് പാര്‍ട്ടിയെ തള്ളി പറയുകയും കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുകയും ചെയ്തിട്ട് ഒരു കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യവും വിളിച്ചിട്ട് ഇനി ഭരണം വന്നപ്പോള്‍ തിരികെ വരുന്നത് അധികാരത്തിന്റെ കസേരയില്‍ കയറി ഇരിക്കാന്‍ ആണ് ഭാവമെങ്കില്‍ അതിനെ മനസാക്ഷിയുള്ള ഒരു കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാന്‍ കഴിയില്ല. ഇനി അതല്ല കെപിസിസി തലപ്പത്തെ ആളുകള്‍ക്ക് വല്ല അജണ്ടയും ഉണ്ടെങ്കില്‍ ഡോക്ടര്‍ സരിനെയും, ഷാനിബിനെയും, പി രാമഭദ്രനെയും എന്‍. എസ് നുസൂറിനെയും എല്ലാം തിരികെ വരുമ്പോള്‍ ഇതെ പോലെ സ്വീകരിക്കണം അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അതിനെ വേറെ പലതായും തോന്നും.. പത്മജയെ സ്വീകരിക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ അല്പം അടങ്ങണം…

അതേസമയം, പത്മജ വേണുഗോപാലിനെ സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പത്മജയെ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പത്മജയെ സ്വീകരിക്കണമെന്നാണ് മന്ത്രി കെ മുരളീധരന്റെ നിലപാട്. കോണ്‍ഗ്രസിലേക്ക് പത്മജയെ സ്വാഗതം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. എന്നാല്‍ പത്മജയുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാന്‍ മന്ത്രി രമേശ് ചെന്നിത്തല
തയ്യാറായില്ല.

പത്മജ വേണുഗോപാല്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തതില്‍ പത്മജ കെപിസിസി അധ്യക്ഷനെ നന്ദി അറിയിച്ചു. വൈകാതെ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‍പര്യം അറിയിച്ചുള്ള കത്ത് പത്മജ സണ്ണി ജോസഫിന് കൈമാറിയേക്കും. എന്നാൽ പത്മജയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുക.

കെ കരുണാകരന്റെ മകളുടെ പുനഃപ്രവേശനത്തിന് തടസ്സം നില്‍ക്കേണ്ടതില്ലെന്ന അഭിപ്രായം ഒരുവിഭാഗത്തിന് ഉണ്ടെങ്കിലും കെ മുരളീധരനെതിരെ അടക്കം പത്മജ നടത്തിയ പരാമര്‍ശം തിരുത്തണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ നിന്നും ഉയരുന്നുണ്ട്.

പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കണമെന്ന് കെ പി നൗഷാദ് അലി എംഎല്‍എ പറഞ്ഞു. പത്മജയുടെ രാജി ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയം ദുര്‍ബലപ്പെടുത്തുന്നതാണെന്നും കെ പി നൗഷാദ് അലി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ബിജെപിയുടെ കൂറുമാറ്റരാഷ്ട്രീയം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയാകുന്ന പ്രതീതിയാണ് പത്മജയുടെ രാജി പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പോവുകയും പിന്നീട് പശ്ചാത്താപവും മനസ്താപവും മുന്‍നിര്‍ത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ആളുകള്‍ ചരിത്രത്തില്‍ ധാരാളം ഉണ്ട്. അവരുടെ മുന്നില്‍ എന്നന്നേക്കുമായി വാതില്‍ കൊട്ടിയടച്ച പാരമ്പര്യം കോണ്‍ഗ്രസിന് ഇല്ല. പുതിയ തലമുറയിലെ സാമൂഹിക മാധ്യമങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിപുലമായി ചിന്തിക്കാത്തതുകൊണ്ടാവാം എതിര്‍ക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ പാരമ്പര്യവും പൈതൃകവും റദ്ദ് ചെയ്യേണ്ട കാര്യം ഇല്ല. കോണ്‍ഗ്രസിലേക്ക് വരാന്‍ പത്മജ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എഐസിസി, കെപിസിസി നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ടാവാം', കെ പി നൗഷാദ് അലി പറഞ്ഞു.

പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം ചര്‍ച്ചയായതോടെ രൂക്ഷവിമര്‍ശനവുമായി ജിന്റോ ജോണ്‍ രംഗത്തെത്തി. ഭാഗ്യാന്വേഷികളുടെ വഴിയമ്പലമല്ല കോണ്‍ഗ്രസ് എന്ന് ജിന്റോ ജോണ്‍ പറഞ്ഞു. 'അവര്‍ക്ക് പാര്‍ട്ടിയിലുണ്ടായിരുന്ന സ്ഥാനം പാര്‍ട്ടിയില്‍ നടത്തിയ കഠിനാധ്വാനത്തിന്റെയോ കഷ്ടപ്പാടിന്റെയോ അല്ല. ലീഡറുടെ മകള്‍ എന്ന പ്രിവിലേജ് കൊണ്ടുമാത്രമാണ്. എന്നാല്‍ അത് മനസ്സിലാക്കാതെ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയെ പരമാവധി ആക്ഷേപിച്ച് ഇറങ്ങിപ്പോയപ്പോള്‍ വല്ലാത്ത രീതിയിലുള്ള സങ്കടമുണ്ട്. അതിന് മറുപടി വരട്ടെ. ഷാഫി പറമ്പില്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നു. ആ അഭിപ്രായത്തിന് മാറ്റം വന്നിട്ടുണ്ടോയെന്ന് അറിയണം. സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസില്‍ വന്നാല്‍ ജീവിച്ചുപോകാന്‍ വലിയ ബുദ്ധിമുട്ടാണെന്ന സ്ത്രീവിരുദ്ധപരാമര്‍ശം. ആ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിലെ സ്ത്രീകളോട് മാപ്പ് പറഞ്ഞിട്ടുവേണം പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍. സൗകര്യം പോലെ വരാനും പോകാനുമുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അവര് പോയപ്പോള്‍ വഴിയിലുപേക്ഷിച്ചുപോയ കൊടി ഇവിടെ അവശേഷിച്ച മനുഷ്യര്‍ ഉയര്‍ത്തിയതുകൊണ്ടാണ് ഇന്ന് വി ഡി സതീശന്‍ സര്‍ക്കാര്‍ കേരളം ഭരിക്കുന്നത്', എന്നായിരുന്നു ജിന്റോയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു രണ്ടരവര്‍ഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് പത്മജ വേണുഗോപാല്‍ രാജീവ് ചന്ദ്രശേഖറിനെ രാജി അറിയിച്ചത്. ഇമെയില്‍ വഴിയായിരുന്നു രാജിക്കൈമാറ്റം. എടുത്തുചാട്ടമായിരുന്നു ബിജെപി പ്രവേശനം എന്നും ഇപ്പോള്‍ തിരുത്തുന്നുവെന്നുമായിരുന്നു നീക്കത്തില്‍ പത്മജ പ്രതികരിച്ചത്.

Content Highlights:Manjukuttan criticises Padmaja Venugopal amid speculation about her return to the Congress after quitting the BJP

dot image
To advertise here,contact us
dot image