

രാജ്യത്ത് മഴയുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി ഡ്രോണുകൾ, നിർമ്മിത ബുദ്ധി (AI), പുതിയ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കാൻ 30 ലക്ഷം ഡോളറിന്റെ പുതിയ ഗവേഷണ പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കുന്നു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴിലുള്ള 'മഴ വർദ്ധിപ്പിക്കുന്നതിനുള്ള യുഎഇ ഗവേഷണ പദ്ധതി'യുടെ ഏഴാമത് ഘട്ടമാണിത്. ഒന്ന് മുതൽ മൂന്ന് വർഷം വരെ നീളുന്ന പരമാവധി അഞ്ച് ഗവേഷണ പദ്ധതികൾക്കാണ് ഈ തുക നൽകുക.
നിലവിൽ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളിൽ ഉപ്പ് കണികകൾ വിതറിയാണ് യുഎഇയിൽ കൃത്രിമ മഴ പെയ്യിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മഴ പെയ്യുമ്പോൾ, വിമാനങ്ങളുടെ സഹായത്തോടെ എത്രത്തോളം അധിക മഴ ലഭിച്ചുവെന്ന് കൃത്യമായി അളക്കുക എന്നത് ശാസ്ത്രജ്ഞർക്ക് വലിയ വെല്ലുവിളിയാണ്. സ്വാഭാവികമായി പെയ്യുന്ന മഴയും കൃത്രിമമായി പെയ്യിക്കുന്ന മഴയും തമ്മിൽ വേർതിരിച്ചറിയാനും മേഘങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങളെ തന്നെ അനുകൂലമാക്കി മാറ്റാനുമുള്ള പുതിയ മാർഗ്ഗങ്ങളാണ് ഈ ഗവേഷണത്തിലൂടെ തേടുന്നത്.
മഴ പെയ്യാൻ സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്താനും കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കാനും കൃത്യമായ ഇടങ്ങളിൽ മരുന്ന് വിതറാനും കഴിയുന്ന സ്വയം നിയന്ത്രിത ഡ്രോണുകളുടെ ഉപയോഗമാണ് പുതിയ ഗവേഷണത്തിലെ പ്രധാന വിഷയം. കൂട്ടമായി പ്രവർത്തിക്കുന്ന ആളില്ലാ വിമാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഇതിലുണ്ട്. കൂടാതെ, കടുത്ത ചൂടും വരൾച്ചയുമുള്ള അന്തരീക്ഷത്തിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്ന പുതിയ വസ്തുക്കൾ കണ്ടെത്താനും അവ പരിസ്ഥിതിക്ക് ദോഷകരമല്ലെന്ന് ഉറപ്പാക്കാനും ഗവേഷകർ ശ്രമിക്കും. ഭൂപ്രകൃതിയും പ്രാദേശികമായ ചൂടും മഴയെ എങ്ങനെ ബാധിക്കുന്നു എന്നതും പഠനവിധേയമാക്കും.
പ്രധാനപ്പെട്ട ശാസ്ത്രീയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പുതിയ മാർഗ്ഗങ്ങൾ വികസിപ്പിക്കാനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പദ്ധതിയുടെ ഡയറക്ടർ ഡോ. അഹമ്മദ് അൽ കമാലി പറഞ്ഞു. കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കും മഴ പെയ്യിക്കുന്നതിന്റെ വിജയം വിലയിരുത്തുന്നതിനുമായി നിർമ്മിത ബുദ്ധിയും നൂതന കമ്പ്യൂട്ടർ സംവിധാനങ്ങളും ഈ ഘട്ടത്തിൽ ഉപയോഗിക്കും.
ശുദ്ധജല സ്രോതസ്സുകൾ കുറവായ യുഎഇയിൽ, കടൽജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിന് പുറമെ വിശ്വസനീയമായ ഒരു ജലസ്രോതസ്സായി മഴയെ മാറ്റിയെടുക്കാനാണ് ഈ ശ്രമങ്ങൾ. പുതിയ ഗവേഷണ ഘട്ടത്തിലേക്കുള്ള അപേക്ഷകൾ ഡിസംബർ എട്ടിന് ആരംഭിക്കും. 2027 മാർച്ച് 12 വരെ പ്രാഥമിക നിർദ്ദേശങ്ങൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പദ്ധതികൾ 2028 ജനുവരിയിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: The UAE has launched a new $3 million research initiative to develop advanced technologies for enhancing rainfall, with a focus on drones, artificial intelligence and improved cloud-seeding methods. Managed by the National Centre of Meteorology (NCM), the seventh funding cycle will support up to five research projects lasting between one and three years