

സാറ്റ്ലെെറ്റ് വഴിയുള്ള ഇന്റർനെറ്റ്, ആശയവിനിമയ സൗകര്യങ്ങളുമായി പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാൻ യുഎഇ ആസ്ഥാനമായ സ്പേസ്42. സൗത്ത് കൊറിയൻ കമ്പനിയായ ഏഷ്യ പസഫിക് സാറ്റ്ലെെറ്റ് ഇൻകോർപറേഷനുമായി (APSI) ചേർന്ന് തുറയ ടു ( ThurayaTwo) എന്ന പുതിയ തലമുറ സാറ്റ്ലെെറ്റ് ഡാറ്റ സ്മാർട്ട്ഫോണിന്റെ നിർമാണം ആരംഭിച്ചു. വാണിജ്യ ആവശ്യങ്ങൾക്കും സർക്കാപ് മേഖലയ്ക്കുമായി രണ്ട് പതിപ്പുകളിൽ പുറത്തിറക്കുന്ന ഫോൺ 2027 നാലാം പാദത്തിൽ യുഎഇ വിപണിയിലെത്തും.
സ്പേസ്42ന്റെ ജിയോസ്റ്റേഷനറി സാറ്റ്ലൈറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഫോൺ പ്രവർത്തിക്കുക. സെക്കൻഡിൽ 120 കെബിപിഎസ് വരെ ഡാറ്റാ വേഗത ലഭിക്കും. സാറ്റ്ലൈറ്റ് കണക്ടിവിറ്റിക്ക് പുറമെ സാധാരണ 4ജി, 5ജി നെറ്റ്വർക്കുകളും ഉപയോഗിക്കാനാകും. ജിയോസ്റ്റേഷനറി സാറ്റലൈറ്റ് ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും ഉയർന്ന ഡാറ്റാ വേഗത നൽകുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

മൊബൈൽ നെറ്റ്വർക്ക് സൗകര്യം പരിമിതമായതോ വിശ്വസനീയമല്ലാത്തതോ ആയ വിദൂര മേഖലകളിൽ കഴിയുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ ഫോൺ. സാറ്റ്ലൈറ്റ് കണക്ഷൻ ഉപയോഗിച്ച് വിവിധ സ്മാർട്ട്ഫോൺ ആപ്പുകൾ വഴിയുള്ള ഡാറ്റാ സേവനങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത വോയ്സ് കോളുകളും (VoIP) ലഭ്യമാകും. യുഎഇയിൽ അംഗീകാരമുള്ള ആപ്പുകൾ ഉപയോഗിച്ച് താമസക്കാർക്കും ഇത്തരം കോളുകൾ ചെയ്യാനാകും. രണ്ട് പതിപ്പുകളിലായാണ് തുറയ ടു പുറത്തിറക്കുന്നത്. ബിസിനസ് സ്ഥാപനങ്ങൾക്കും ഫീൽഡ് ജീവനക്കാർക്കും വിദൂര മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ളതാണ് വാണിജ്യ പതിപ്പ്. സാറ്റ്ലൈറ്റ്, മൊബൈൽ നെറ്റ്വർക്ക് സേവനങ്ങൾക്കിടയിൽ മാറി ഉപയോഗിക്കാവുന്ന ഡ്യുവൽ സിം സംവിധാനവും ഇതിലുണ്ടാകും.
സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ വിഭാഗങ്ങൾക്കും പ്രത്യേക ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങൾക്കുമായി സർക്കാർ പതിപ്പ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഫോൺ അനധികൃതമായി തുറന്നോ മാറ്റം വരുത്തിയോ എന്ന് കണ്ടെത്തുന്നതിനും സ്റ്റാർട്ടപ്പ് സമയത്ത് ഉപകരണത്തിന്റെ സുരക്ഷ പരിശോധിക്കുന്നതിനും ആപ്പുകളും വിവരങ്ങളും അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങൾ ഇതിലുണ്ടാകും. സാറ്റ്ലൈറ്റ് കണക്ടിവിറ്റിയും 4ജി, 5ജി സേവനങ്ങളും ഒരേ ഉപകരണത്തിൽ ലഭ്യമാക്കുന്നതിലൂടെ ആശയവിനിമയം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് സ്പേസ്42 സ്പേസ് സർവീസസ് സിഇഒ അലി അൽ ഹാഷ്മി പറഞ്ഞു.
അതേസമയം വിശ്വസനീയമായ കണക്ടിവിറ്റിയും ശക്തമായ സുരക്ഷയും ആവശ്യമായ മേഖലകളിൽ സാന്നിധ്യം വിപുലീകരിക്കാൻ പുതിയ ഫോൺ സഹായിക്കുമെന്ന് എപിഎസ്ഐ സിഇഒ ഡോ. സങ്ഹീ ലീ വ്യക്തമാക്കി. നിലവിലെ മോഡലായ 'തുറയ വൺ' യുഎഇയിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ആൻഡ്രോയിഡ് സംവിധാനത്തിലുള്ള ഈ ഫോണിൽ സാധാരണ മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കൊപ്പം സാറ്റ്ലൈറ്റ് വഴി വോയ്സ് കോളുകളും എസ്എംഎസും ലഭിക്കും.
Content Highlights: Satellite smartphone manufacturing has started in the UAE, with the first devices expected to reach the market in 2027.