

ജനുവരി ഒന്നുമുതൽ യുഎഇയിൽ ഹെവി ട്രക്കുകളും ഹെവി ബസുകളും പരസ്പരം മറികടക്കുന്നതിന് വിലക്ക്. വാഹനങ്ങളുടെ ലോഡ് പരിധി, സഞ്ചരിക്കാവുന്ന പാതകൾ, ഡ്രൈവർമാരുടെ കാഴ്ചശേഷി എന്നിവയിലും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ട്രാഫിക് നിയമങ്ങളുടെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2024ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 14 പ്രകാരമുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് 2026ലെ ക്യാബിനറ്റ് തീരുമാനം നമ്പർ 174 പുറത്തിറക്കിയത്. ഇതിലെ ആർട്ടിക്കിൾ 34 പ്രകാരം നഗരപരിധിക്കുള്ളിൽ ഹെവി ബസുകളും ഹെവി വാഹനങ്ങളും പരസ്പരം ഓവർടേക്ക് ചെയ്യാൻ പാടില്ല. നഗരത്തിന് പുറത്തുള്ള റോഡുകളിൽ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത സാഹചര്യത്തിൽ മാത്രമേ മറികടക്കാൻ അനുമതിയുള്ളൂ. ഹെവി വാഹനങ്ങൾക്കായി പ്രത്യേക പാതകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവ വിട്ട് സഞ്ചരിക്കാനും പാടില്ല.
പുതിയ ചട്ടത്തിലെ ആർട്ടിക്കിൾ 31 പ്രകാരം ഹെവി വാഹന ഡ്രൈവർമാർ ആറ് പ്രധാന നിബന്ധനകൾ പാലിക്കണം. റോഡിന്റെ വലതുവശത്തുകൂടി വേണം വാഹനമോടിക്കാൻ. അത്യാവശ്യ സാഹചര്യങ്ങളിലോ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോഴോ മാത്രമേ ഈ പാതയിൽനിന്ന് മാറാൻ പാടുള്ളൂ. ലൈസൻസിങ് അതോറിറ്റി അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ ഭാരം കയറ്റാനോ നിശ്ചിത ഉയരപരിധി ലംഘിക്കാനോ പാടില്ല. വാഹന ഉടമയുടെ ജീവനക്കാർക്കും ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കും മാത്രമാണ് ഹെവി വാഹനങ്ങളിൽ യാത്രാനുമതി. ഇതിനായി വാഹനത്തിൽ പ്രത്യേകം സീറ്റുകൾ ഉണ്ടായിരിക്കണം. ചരക്കുകൾ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ ഗതാഗതത്തിന് തടസ്സമാകുന്നതോ ആകരുത്. മണൽ ഉൾപ്പെടെയുള്ള പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിക്കാത്തവിധം മൂടിക്കെട്ടണം. കൂടാതെ, കയറ്റുന്ന ചരക്കുകൾ വാഹനത്തിന്റെ നിശ്ചിത അളവുകൾക്കുള്ളിൽ തന്നെയായിരിക്കണം. വാഹനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ചരക്കുകൾ നീണ്ടുനിൽക്കാനും പാടില്ല.
പുതിയ ചട്ടത്തിലെ ആർട്ടിക്കിൾ 29 പ്രകാരം ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന റോഡുകൾ, പാതകൾ, സമയക്രമങ്ങൾ എന്നിവ നിശ്ചയിക്കാൻ ലൈസൻസിങ്, ട്രാഫിക് അധികൃതർക്ക് അധികാരമുണ്ട്. ബസുകളുടെ സഞ്ചാരത്തിനും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. ഹെവി വാഹനങ്ങൾ, ടാക്സികൾ, ബസുകൾ, വിവിധ യന്ത്രങ്ങൾ എന്നിവ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ നിശ്ചിത കാഴ്ചശേഷിയും നിർബന്ധമാണ്. ആർട്ടിക്കിൾ 62 പ്രകാരം ഹെവി വാഹന, ടാക്സി ലൈസൻസുകൾക്ക് അപേക്ഷിക്കുന്നവർക്ക് രണ്ട് നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് പാലിക്കാം. ഒരു കണ്ണിന് 6/6 കാഴ്ചശേഷിയുണ്ടെങ്കിൽ മറ്റേ കണ്ണിന് 6/9 മുതൽ 6/18 വരെയുള്ള കാഴ്ചശേഷി ഉണ്ടായിരിക്കണം. അല്ലെങ്കിൽ രണ്ട് കണ്ണുകൾക്കും കുറഞ്ഞത് 6/9 കാഴ്ചശേഷി വേണം. കണ്ണടയോ മറ്റ് കാഴ്ചപരിഹാര ലെൻസുകളോ ഉപയോഗിച്ചും ഈ മാനദണ്ഡങ്ങൾ പാലിക്കാം.
ലൈറ്റ്, ഹെവി ബസുകൾ ഓടിക്കുന്നവർക്കും വിവിധ ഉപകരണങ്ങളും യന്ത്രങ്ങളും പ്രവർത്തിപ്പിക്കുന്നവർക്കും കൂടുതൽ കർശനമായ വ്യവസ്ഥകളാണുള്ളത്. ഇവർക്ക് രണ്ട് കണ്ണുകൾക്കും കുറഞ്ഞത് 6/6 കാഴ്ചശേഷി നിർബന്ധമാണ്. കണ്ണട ഉപയോഗിച്ചോ അല്ലാതെയോ ഈ മാനദണ്ഡം പാലിക്കാം. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കുമ്പോൾ യുഎഇക്ക് പുറത്തുനിന്നുള്ള കാഴ്ചപരിശോധനാ റിപ്പോർട്ടുകൾ സ്വീകരിക്കാനും ലൈസൻസിങ് അധികൃതർക്ക് അനുമതിയുണ്ട്. റോഡ് ഉപയോഗം, ഡ്രൈവിങ് ലൈസൻസ്, വാഹനസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ജനുവരി ഒന്നുമുതൽ യുഎഇയിലുടനീളം പ്രാബല്യത്തിൽ വരും.
Content Highlights: The UAE will introduce a ban on overtaking between heavy vehicles from January 1, 2027, along with new traffic rules on vehicle loads, designated routes and driver requirements.