

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ വിവിധ ജനവിഭാഗങ്ങളിലേക്കെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഭഗവന്ത് മാന്‍ സര്‍ക്കാര്‍. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, ഉപഭോക്താക്കള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. 2027-ലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറെടുക്കുന്ന ആംആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍, ക്ഷേമപദ്ധതികള്‍, സാമ്പത്തിക ആശ്വാസം, യുവാക്കളുടെ പങ്കാളിത്തം, പൊതു അടിസ്ഥാന സൗകര്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള ഒരു വിശാലമായ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് സൂചന.
സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപയുടെ സാമ്പത്തിക സഹായം, മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ തീര്‍ത്ഥാടന യാത്രകള്‍, യുവാക്കള്‍ക്കായി സ്റ്റേഡിയങ്ങള്‍, വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 'വണ്‍ ടൈം സെറ്റില്‍മെന്റ്' (OTS) പദ്ധതിയിലൂടെയുള്ള ആശ്വാസം എന്നിങ്ങനെ, വോട്ടര്‍മാരിലെ പ്രധാന വിഭാഗങ്ങളെല്ലാം സര്‍ക്കാരിന്റെ ഈ പദ്ധതികളുടെ പരിധിയില്‍ വരുന്നു. ഈ ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി, ശനിയാഴ്ച മുഖ്യമന്ത്രി ഭഗവന്ത് മാന്‍ 'പഞ്ചാബ് ദാ കോടിപതി' (Punjab Da Crorepati) എന്ന പേരില്‍ സംസ്ഥാനതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. ഒരു കോടി രൂപയുടെ വമ്പന്‍ സമ്മാനത്തുകയുള്ള ഈ സംരംഭം, യുവാക്കളെ പഞ്ചാബിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, ഭരണസംവിധാനം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം, പഠനത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നൂതന ചുവടുവെപ്പായാണ് അവതരിപ്പിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി, യുവാക്കളുടെ പങ്കാളിത്തവും അവര്‍ക്കുള്ള അവസരങ്ങളും തങ്ങളുടെ ഭരണനേട്ടങ്ങളുടെ ഭാഗമായി ഉയര്‍ത്തിക്കാട്ടാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗ്രാമീണ കായിക അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലും യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഈ സമീപനം പ്രകടമാണ്. 'പെണ്ടു ഖേദ് മൈദാന്' (Pendu Khed Maidan) പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി 1,000 ഗ്രാമീണ കായിക മൈതാനങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്തു. ഇതോടെ, ലക്ഷ്യമിട്ട 3,100 മൈതാനങ്ങളില്‍ 1,764 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു.1,500 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന ഈ പദ്ധതി, ഗ്രാമതലത്തില്‍ കായിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും, യുവാക്കളെ ലഹരിവസ്തുക്കളില് നിന്ന് അകറ്റി നിര്‍ത്തുന്നതിനും സഹായിക്കുന്നു. കായിക ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളും സര്‍ക്കാര്‍ ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്.

സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ പദ്ധതിയാണ് 'മുഖ്യമന്ത്രി മാവന് ധിയാന്‍ സത്കാര് യോജന' (Mukh Mantri Mawan Dheeyan Satkar Yojana).ഈ പദ്ധതി പ്രകാരം, അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപയും, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് 1,500 രൂപയും ലഭിക്കുന്നു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എഎപി നല്കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. അധികാര കാലാവധിയുടെ ഭൂരിഭാഗം സമയത്തും നടപ്പിലാക്കാതിരുന്ന ഈ പദ്ധതി, ഒടുവില്‍ 2026 ജൂലൈയിലാണ് ആരംഭിച്ചത്. പദ്ധതിയുടെ വ്യാപ്തി ഇതിനെ രാഷ്ട്രീയമായി പ്രാധാന്യമുള്ളതാക്കുന്നു. ഓഗസ്റ്റ് മാസത്തോടെ 76 ലക്ഷത്തിലധികം സ്ത്രീകള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യുകയും, 68 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു നിര്‍ണായക ഘടകമായി മാറിയേക്കാം എന്നാണ് വിലയിരുത്തല്‍.
'മുഖ്യമന്ത്രി തീര്‍ത്ഥയാത്ര യോജന' (Mukh Mantri Tirath Yatra Scheme) വഴി മുതിര്‍ന്ന പൗരന്മാരുമായി ബന്ധം സ്ഥാപിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം, 50 വയസ്സും അതില്‍ കൂടുതലുമുള്ള അര്‍ഹരായ താമസക്കാര്‍ക്ക് സൗജന്യ തീര്‍ത്ഥയാത്ര സൗകര്യങ്ങള്‍ നല്കുന്നു. ഇതില്‍ യാത്ര, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നു. ഖാതു ശ്യാം, സലാസര്‍ ബാലാജി, ഹരിദ്വാര്‍-ഋഷികേശ്, മഥുര-വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് തീര്‍ത്ഥയാത്രകള്‍ സംഘടിപ്പിക്കുന്നത്. മതപരമായ വികാരം, സാമൂഹിക ക്ഷേമം, ജനങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തനം എന്നിവയിലൂടെ മുതിര്‍ന്ന വോട്ടര്‍മാരിലേക്ക് എത്താന്‍ ഈ പദ്ധതി സര്‍ക്കാരിനെ സഹായിക്കുന്നു.

പഞ്ചാബില്‍ 'ആം ആദ്മി പാര്‍ട്ടി'യുടെ രാഷ്ട്രീയ പ്രചാരണത്തിലെ മറ്റൊരു പ്രധാന ഘടകമാണ് വൈദ്യുതി. പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം, ഏറ്റവും ശ്രദ്ധേയമായ ക്ഷേമപദ്ധതികളിലൊന്നായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഏകദേശം 90 ശതമാനം കുടുംബങ്ങള്‍ക്കും വൈദ്യുതി ബില്‍ തുക പൂജ്യമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച 'വണ്‍ ടൈം സെറ്റില്‍മെന്റ്' (OTS) പദ്ധതിയാണ് ഇതിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഒന്ന്.2026 മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക ബില്ലുകളിലെ പിഴയും പലിശയും പൂര്‍ണ്ണമായും (100 ശതമാനം) ഒഴിവാക്കിക്കൊടുക്കുന്ന പദ്ധതിയാണിത്. ഏകദേശം 24.86 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും, 518 കോടി രൂപയുടെ ആശ്വാസം അവര്‍ക്ക് ലഭിക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. ഉപഭോക്താക്കള്‍ യഥാര്‍ത്ഥ കുടിശ്ശിക തുക (principal amount) അടയ്ക്കേണ്ടതുണ്ട്. ഇതിനായി ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്നതും വിച്ഛേദിക്കപ്പെട്ടതുമായ കണക്ഷനുകള്‍ക്ക് ഈ പദ്ധതി ബാധകമാണ്. കുടിശ്ശികകള്‍ കാരണം ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഇതൊരു വലിയ ആശ്വാസമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
ഈ പദ്ധതികള്‍ വോട്ടായി മാറുമോ എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, വെറും പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവയുടെ ദീര്‍ഘകാല സ്വാധീനം തെളിയിക്കുക എന്നതും ഒരു വെല്ലുവിളിയാണ്. തൊഴിലില്ലായ്മ, ലഹരി ഉപയോഗം, കുടിയേറ്റം, ക്രമസമാധാന പ്രശ്നങ്ങള്‍, സാമ്പത്തിക സ്ഥിതി എന്നിവ പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ആശങ്കാജനകമായ വിഷയങ്ങളാണ്. കായിക മൈതാനങ്ങളും ക്വിസ് മത്സരങ്ങളും അവസരങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ യുവാക്കള്‍ സര്‍ക്കാരിനെ വിലയിരുത്തുക തൊഴിലവസരങ്ങള്‍, കരിയര്‍ സാധ്യതകള്‍, സംസ്ഥാനത്ത് തങ്ങള്‍ക്ക് ഒരു ഭാവി കെട്ടിപ്പടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
'ഒടിഎസ്' (OTS - ഒറ്റത്തവണ തീര്‍പ്പാക്കല്‍) പദ്ധതി തല്ക്കാലം ആശ്വാസം നല്‍കിയേക്കാം, എന്നാല്‍ ഇത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ രാഷ്ട്രീയ സ്വാധീനം. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ, ഈ നടപടികളുടെ സമയം, സാമ്പത്തിക പ്രത്യാഘാതങ്ങള്‍, നടപ്പാക്കല്‍ രീതി എന്നിവയെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പരമ്പരാഗത രാഷ്ട്രീയ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ, നേരിട്ടുള്ള ആനുകൂല്യങ്ങള്‍, പൊതുസൗകര്യങ്ങള്‍, പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ എന്നിവ തങ്ങളുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവാക്കാനാണ് മന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
'പഞ്ചാബ് ദാ കോടീശ്വതി' (Punjab Da Crorepati) എന്ന പദ്ധതിയുടെ തുടക്കവും ഈ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ്. ഒരു കോടി രൂപയുടെ സമ്മാനത്തുകയായിരിക്കാം ഇതിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇതിനു പിന്നിലെ വലിയ രാഷ്ട്രീയ ലക്ഷ്യം പഞ്ചാബിലെ യുവാക്കളുടെ ജീവിതത്തില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ്. സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സാധാരണ കുടുംബങ്ങളുടെയും ജീവിതത്തില്‍ മറ്റ് പദ്ധതികളിലൂടെ സര്‍ക്കാര്‍ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കുന്നത് സമാനമാണ് ഈ പദ്ധതിയും. ക്ഷേമപദ്ധതികള്‍ വിപുലീകരിച്ചുകൊണ്ടുള്ള ഈ നീക്കം, എഎപി അധികാരത്തില്‍ അഞ്ച് വര്‍ഷം കൂടി തുടരാന്‍ പര്യാപ്തമാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
Content Highlights: With one year remaining for the 2027 Punjab Assembly elections, the Bhagwant Mann government has stepped up efforts to reach different sections of society. Several initiatives targeting women, young people, farmers, consumers and senior citizens have been announced and implemented. The Aam Aadmi Party government is seeking to build a broader political agenda centred on welfare schemes, financial relief, youth participation and public infrastructure development as it prepares for the next electoral contest.