ദുബായ് മെട്രോ അൽ മക്തൂം വിമാനത്താവളത്തിലേക്ക് നീട്ടുന്നു; രണ്ട് ബില്യൺ ദിർഹമിന്റെ പദ്ധതിക്ക് അംഗീകാരം

റൂട്ട് 2020 വിപുലീകരണം പൂർത്തിയാകുന്നതോടെ എയർപോർട്ട് എക്സ്പ്രസ് ലൈനുമായും ഇത്തിഹാദ് റെയിലിന്റെ അതിവേഗ റെയിൽ ശൃംഖലയുമായും നേരിട്ടുള്ള സമ്പർക്കം സാധ്യമാകും

ദുബായ് മെട്രോ അൽ മക്തൂം വിമാനത്താവളത്തിലേക്ക് നീട്ടുന്നു; രണ്ട് ബില്യൺ ദിർഹമിന്റെ പദ്ധതിക്ക് അംഗീകാരം
dot image

ദുബായിലെ പൊതുഗതാഗത മേഖലയിൽ വൻ വികസന കുതിപ്പിന് വഴിതുറന്ന് മെട്രോ റൂട്ട് 2020 വിപുലീകരണം. ദുബായ് മെട്രോയുടെ നിലവിലുള്ള റൂട്ട് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വരെ നീട്ടുന്നതിനുള്ള വൻ പദ്ധതിക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. രണ്ട് ബില്യൺ ദിർഹം ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ സർവീസുകൾ 2031-ൽ ആരംഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സമുച്ചയമായ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് സിറ്റിയെ ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് നിർമ്മിക്കുന്നത്. വിമാനത്താവളത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും വേഗത്തിലുള്ള യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം എയർപോർട്ട് നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പദ്ധതി സഹായിക്കും. യു.എ.ഇ ഗവൺമെന്റ് വാർഷിക യോഗത്തിലാണ് ഷെയ്ഖ് ഹംദാൻ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. 2031-ഓടെ വിപുലീകരിച്ച മെട്രോ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

റൂട്ട് 2020 വിപുലീകരണം പൂർത്തിയാകുന്നതോടെ എയർപോർട്ട് എക്സ്പ്രസ് ലൈനുമായും ഇത്തിഹാദ് റെയിലിന്റെ അതിവേഗ റെയിൽ ശൃംഖലയുമായും നേരിട്ടുള്ള സമ്പർക്കം സാധ്യമാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം എന്നിവയെ ബന്ധിപ്പിക്കുന്ന എയർപോർട്ട് എക്സ്പ്രസ് ലൈനിൽ നിന്ന് വേറിട്ടാണ് ഡിഡബ്ല്യുസി വെസ്റ്റ് ടെർമിനലിലേക്കുള്ള ഈ മെട്രോ ലൈൻ പ്രവർത്തിക്കുക.

മെട്രോ വികസനത്തിന് പുറമെ, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സേവനങ്ങൾ ഉൾപ്പെടെ 11 ബില്യൺ ദിർഹത്തിന്റെ മറ്റ് തന്ത്രപ്രധാന പദ്ധതികൾക്കും എക്സിക്യൂട്ടീവ് കൗൺസിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ദുബായിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആഗോളതലത്തിൽ നഗരത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് ഷെയ്ഖ് ഹംദാൻ എക്‌സിൽ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് വിപണിയുടെ സുസ്ഥിര വികസനവും പ്രായപൂർത്തിയാകാത്തവർക്കുള്ള ഫണ്ടുകളുടെ നിക്ഷേപ നയ പരിഷ്കരണവും യോഗം അംഗീകരിച്ചു.

Content Highlights: Dubai approves a AED 2 billion Metro extension to Al Maktoum International Airport City, adding two stations along a 3-kilometre route, with services expected in 2031

dot image
To advertise here,contact us
dot image