

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും കടുത്ത മുന്നറിയിപ്പുമായി പുതിയ നിയന്ത്രണങ്ങൾ വരുന്നു. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, പ്രാക്ടിക്കൽ ഡ്രൈവിങ് പരീക്ഷയിൽ 75 ശതമാനത്തിലധികം മാർക്ക് നേടിയാലും ഒരു ഗുരുതരമായ തെറ്റ് വരുത്തിയാൽ പരീക്ഷാർത്ഥി തോൽക്കാൻ സാധ്യതയുണ്ട്.
പുതിയ വ്യവസ്ഥ അനുസരിച്ച് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിൽ ലൈസൻസ് ലഭിക്കുന്നതിനായി കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയിരിക്കണം. എന്നാൽ ഈ മാർക്ക് നേടിയതുകൊണ്ടു മാത്രം ഡ്രൈവിങ് ടെസ്റ്റ് പാസാകുമെന്ന് ഉറപ്പില്ല. ഡ്രൈവിങ്ങിനിടെ വരുത്തുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകളും അപകടകരമായ പിഴവുകളും നേരിട്ടുള്ള പരാജയത്തിന് കാരണമാകുമെന്ന് ജുഡീഷ്യൽ കൗൺസിലർ ഹിഷാം അൽ റാഫി വ്യക്തമാക്കി. ചെറിയ തെറ്റുകൾക്ക് മാർക്ക് കുറയ്ക്കുന്ന രീതി തുടരുമെങ്കിലും സുരക്ഷയെ ബാധിക്കുന്ന വലിയ തെറ്റുകൾക്ക് ഉടനടി പരാജയം നേരിടേണ്ടി വരും.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, നടപ്പാതയുടെ അരികിലോ വേലിയിലോ ഇടിക്കുക, ട്രാഫിക് സിഗ്നലുകളോ ബോർഡുകളോ അവഗണിക്കുക, ഗിയർ മാറ്റുമ്പോൾ ഗുരുതരമായ വീഴ്ചകൾ വരുത്തുക തുടങ്ങിയവയാണ് നേരിട്ടുള്ള പരാജയത്തിന് കാരണമാകുന്ന അപകടകരമായ പിഴവുകൾ. കൂടാതെ, അപകട സാഹചര്യം ഒഴിവാക്കാൻ പരീക്ഷാ ഉദ്യോഗസ്ഥന് ഇടപെടേണ്ടി വന്നാലും പരീക്ഷാർത്ഥി തോറ്റതായി പ്രഖ്യാപിക്കും. എന്നാൽ ഇത്തരത്തിൽ ഒരു പിഴവ് സംഭവിച്ചാൽ ടെസ്റ്റ് ഉടൻ അവസാനിപ്പിക്കണമോ അതോ തുടർന്ന് നടത്തണമോ എന്ന കാര്യത്തിൽ അതാത് എമിറേറ്റുകളിലെ ലൈസൻസിങ് അതോറിറ്റികൾക്ക് തീരുമാനമെടുക്കാം.
ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് അടുത്ത പരീക്ഷയ്ക്കുള്ള തീയതി അതോറിറ്റികൾ ലഭ്യമാക്കും. ഇതിനായി നിശ്ചിത ദിവസങ്ങൾ കാത്തിരിക്കണമെന്നോ വീണ്ടും ഡ്രൈവിങ് ക്ലാസുകളിൽ പങ്കെടുക്കണമെന്നോ പുതിയ നിയമത്തിൽ നിർബന്ധമില്ല. കൂടാതെ, വീണ്ടും പരീക്ഷ എഴുതുന്നതിനുള്ള ഫീസ് സംബന്ധിച്ച കാര്യങ്ങളും അതത് എമിറേറ്റുകളിലെ അതോറിറ്റികളുടെ തീരുമാനത്തിന് വിധേയമായിരിക്കും.
2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം നടപ്പിലാകുന്നത്. ഇതിന് മുമ്പ് ക്ലാസുകൾ ആരംഭിച്ചവർക്കും ടെസ്റ്റ് ബുക്ക് ചെയ്തവർക്കും പുതിയ നിയമം ബാധകമായിരിക്കും. അതുകൊണ്ട് തന്നെ ജനുവരി ഒന്ന് മുതൽ പരീക്ഷ എഴുതുന്ന എല്ലാവരും പുതിയ മൂല്യനിർണ്ണയ രീതികൾക്ക് വിധേയരാകേണ്ടി വരും. ഇതിന് മുന്നോടിയായി രാജ്യത്തെ ഡ്രൈവിങ് സ്കൂളുകളും ലൈസൻസിങ് അതോറിറ്റികളും തങ്ങളുടെ പരിശോധനാ രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
Content Highlights: New UAE driving test regulations from January 1, 2027, require a minimum score of 75% in theory and practical tests, but dangerous mistakes can still lead to automatic failure