

തിരുവനന്തപുരം: അഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്. രമേശ് ചെന്നിത്തല വളരെ നല്ലയാളാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വകുപ്പ് മഹാമോശമാണെന്നും ജി സുധാകരന് നിയമസഭയില്‍ പറഞ്ഞു. വകുപ്പ് മോശമാണെങ്കില്‍ മന്ത്രി എങ്ങനെയാണ് നന്നാവുകയെന്നും വെളുത്ത് സുന്ദരനായിട്ട് വല്ല കാര്യവുമുണ്ടോയെന്നും സുധാകരന് സഭയില്‍ ചോദിച്ചു.
'പൊലീസുകാര്‍ മുഴുവന്‍ കുഴപ്പമാണ്. രമേശ് ചെന്നിത്തല മഹാനും നല്ലയാളുമാണ്. അദ്ദേഹം അത് ആസ്വദിച്ചുകൊണ്ടിരിക്കുകയുമാണ്. പക്ഷേ അതിലുള്ള കെണിയെന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ല. വകുപ്പ് മോശമാണെങ്കില്‍ മന്ത്രി എങ്ങനെയാണ് നന്നാവുക, വെളുത്ത് സുന്ദരനായിട്ട് വല്ല കാര്യവുമുണ്ടോ? അദ്ദേഹത്തെ ആക്ഷേപിക്കുകയല്ല എന്നാല്‍ ആഭ്യന്തരവകുപ്പ് എല്ലാ കാലത്തും പ്രശ്നമാണ്. പൊലീസുകാരെ നിയന്ത്രിക്കണം' - സുധാകരന് വിമര്‍ശിച്ചു
പൊലീസുകാര്‍ യൂണിഫോം അണിഞ്ഞ പൗരന്മാരാണെന്നും പൗരന്മാരെന്നത് യൂണിഫോം അണിയാത്ത പൊലീസുകാരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് ഡല്‍ഹിയിലെ പൊലീസ് ആസ്ഥാനത്ത് എഴുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമം പാലിക്കണം. ആ തരത്തില്‍ ജനങ്ങളെ വളര്‍ത്താനും പൊലീസിനെ ബോധ്യപ്പെടുത്താനുമുള്ള നടപടിയുണ്ടാകണം. പൊലീസുകാരുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്നും വനിതാ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തിലും പൊലീസിനെ വിന്യസിക്കണമെന്നും അടിക്കാനും പിടിക്കാനും മാത്രമല്ല പൊലീസെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെക്രട്ടേറിയേറ്റില്‍ കാര്യമായ മാറ്റമൊന്നുമില്ലെന്നും മനുഷ്യത്വമില്ലാത്ത ഇടമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നും സെക്രട്ടേറിയേറ്റിനെ പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയേറ്റിനെ നന്നാക്കാന്‍ കഴിയില്ലെന്നും തുരുമ്പിച്ച ആ സാധനം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: G Sudhakaran MLA has sharply criticized Kerala's Home Department, questioning its performance and making remarks about ministerial responsibility. He also praised Ramesh Chennithala in his comments.