2027-ൽ യുഎഇ സാമ്പത്തിക വളർച്ച 10 ശതമാനത്തിലെത്തും; വൻ കുതിച്ചുചാട്ടം പ്രവചിച്ച് സെൻട്രൽ ബാങ്ക്

ആഗോളതലത്തിലെ പണപ്പെരുപ്പവും സംഘർഷങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾ മറികടക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും സെൻട്രൽ ബാങ്ക് ഗവർണർ ആഹ്വാനം ചെയ്തു.

2027-ൽ യുഎഇ സാമ്പത്തിക വളർച്ച 10 ശതമാനത്തിലെത്തും; വൻ കുതിച്ചുചാട്ടം പ്രവചിച്ച് സെൻട്രൽ ബാങ്ക്
dot image

2026-ൽ പ്രതീക്ഷിക്കുന്ന 1.6 ശതമാനത്തിൽ നിന്ന് 2027-ൽ യുഎഇ സാമ്പത്തിക വളർച്ച ഏകദേശം 10 ശതമാനമായി വലിയ തോതിൽ ഉയരുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്ക്കരണ നയങ്ങൾ, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ നിക്ഷേപങ്ങൾ, ക്രൂഡോയിൽ ഉത്പ്പാദന ശേഷി വർദ്ധിപ്പിക്കൽ എന്നിവയാണ് ഈ ചരിത്രപരമായ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. പ്രാദേശികമായ ഭൗമരാഷ്ട്രീയ വെല്ലുവിളികളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും യുഎഇയുടെ സാമ്പത്തിക ഭാവി അതീവ ഭദ്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബാങ്കോക്കിൽ നടന്ന ഐഎംഎഫ്, വേൾഡ് ബാങ്ക് വാർഷിക യോഗങ്ങളുടെ ഭാഗമായി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ മേഖലയിലെ ബാങ്ക് ഗവർണർമാരുടെയും ധനമന്ത്രിമാരുടെയും ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവയുടെ സാന്നിധ്യത്തിലാണ് ഗവർണർ യുഎഇയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്. എണ്ണയിതര മേഖലയിലെ ദ്രുതഗതിയിലുള്ള വികസനവും ഓപെക് ധാരണകളിൽ നിന്നുള്ള മാറ്റത്തിന് ശേഷമുള്ള ഉത്പ്പാദന ശേഷിയുടെ വർദ്ധനവും 2027-ലെ വളർച്ചയ്ക്ക് കരുത്തേകും.

സമാനമായ ചർച്ചയിൽ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് സിഇഒ ഹമദ് അലിയും യുഎഇയുടെ നേട്ടങ്ങളെ പ്രകീർത്തിച്ചു. ഓരോ പത്തുവർഷത്തിലും യുഎഇ സ്വന്തം സാമ്പത്തിക വലുപ്പം ഇരട്ടിയാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണയെ മാത്രം ആശ്രയിക്കാതെ വൈവിധ്യമാർന്ന മേഖലകളിൽ കൈവെച്ചതാണ് ഇതിന് വഴിയൊരുക്കിയത്. കിഴക്കൻ-പടിഞ്ഞാറൻ വിപണികൾക്കിടയിലെ സുപ്രധാന നിക്ഷേപ ഹബ്ബായി മാറാൻ യുഎഇക്ക് സാധിച്ചുവെന്നും ആഗോള സാമ്പത്തിക വ്യതിയാനങ്ങൾക്കനുസരിച്ച് ധനകാര്യ സ്ഥാപനങ്ങൾ വേഗത്തിൽ പൊരുത്തപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശക്തമായ വിദേശനാണയ ശേഖരവും കുറഞ്ഞ കടബാധ്യതയും കാരണം സാമ്പത്തിക പ്രതിസന്ധികളെ വേഗത്തിൽ പ്രതിരോധിക്കാൻ യുഎഇ ഭരണകൂടത്തിന് സാധിക്കുന്നുണ്ട്. ഇത് ആഗോള നിക്ഷേപകർക്ക് യുഎഇയിലുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ആഗോളതലത്തിലെ പണപ്പെരുപ്പവും സംഘർഷങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾ മറികടക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും സെൻട്രൽ ബാങ്ക് ഗവർണർ ആഹ്വാനം ചെയ്തു.

Content Highlights: The UAE Central Bank forecasts 10.4% economic growth in 2027, driven by higher oil production and continued expansion in non-oil sectors.

dot image
To advertise here,contact us
dot image