ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബുദാബിയിൽ കഫേയ്ക്ക് പൂട്ടിട്ട് അധികൃതർ

അബുദാബിയിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ ഭക്ഷണശാലകളെയും ക്രമമായി പരിശോധിക്കുന്നതിനുമായി രൂപീകരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു

ആവർത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ നിയമലംഘനം; അബുദാബിയിൽ കഫേയ്ക്ക് പൂട്ടിട്ട് അധികൃതർ
dot image

അബുദാബിയിൽ പൊതുജന ആരോഗ്യത്തിന് ഭീഷണിയാകുംവിധം പ്രവർത്തിച്ച ഖാലിദിയ പ്രദേശത്തെ 'ലെറ്റ്‌സ് ടോക്ക് റിസ് കോർണർ കഫേ - എൽഎൽസി' എന്ന സ്ഥാപനം അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി താൽക്കാലികമായി അടച്ചുപൂട്ടി. അബുദാബിയിലെ ഭക്ഷണശാലകൾക്കുള്ള 2008-ലെ രണ്ടാം നമ്പർ നിയമത്തിലെ വ്യവസ്ഥകളും ഇതുമായി ബന്ധപ്പെട്ട മറ്റ് നിർദ്ദേശങ്ങളും ലംഘിച്ചതിനെ തുടർന്നാണ് ഈ നടപടി.

വൻതോതിലുള്ള ഭക്ഷ്യസുരക്ഷാ വീഴ്ചകൾ ആവർത്തിച്ച് കണ്ടെത്തുകയും മുമ്പ് നൽകിയ മുന്നറിയിപ്പുകൾ പ്രകാരം ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ കഫേ മാനേജ്‌മെന്റ് പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടാഫ്സയുടെ അടിയന്തര ഇടപെടൽ. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപനം ഉടനടി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

സ്ഥാപനത്തിലെ തരാറുകൾ പൂർണ്ണമായും പരിഹരിക്കുകയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കുകയും ചെയ്യുന്നത് വരെ ഈ അടച്ചുപൂട്ടൽ ഉത്തരവ് പ്രാബല്യത്തിൽ തുടരും. വീഴ്ചകൾ പരിഹരിച്ച് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ കൈവരിച്ചു എന്ന് ഉദ്യോഗസ്ഥർ ബോധ്യപ്പെട്ടാൽ മാത്രമേ കഫേയ്ക്ക് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകൂ എന്ന് അധികൃതർ വ്യക്തമാക്കി.

അബുദാബിയിലുടനീളം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ ഭക്ഷണശാലകളെയും ക്രമമായി പരിശോധിക്കുന്നതിനുമായി രൂപീകരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. ഹോട്ടലുകളിലും കഫേകളിലും പരിശോധന തുടർന്നുപോരും. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ ശുചിത്വത്തിലോ സംശയം തോന്നിയാൽ പൊതുജനങ്ങൾക്ക് അബുദാബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതി നൽകാവുന്നതാണെന്നും അടാഫ്സ അഭ്യർത്ഥിച്ചു.

Content Highlights: Abu Dhabi authorities have ordered the temporary closure of The Original Lessi Cafe after repeated food safety violations and failure to implement effective corrective measures.

dot image
To advertise here,contact us
dot image