സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ കൂടി ഇന്ന് ഓറഞ്ച് അലേർട്ട്; അതിശക്തമായ മഴ തുടരും

ഇതോടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ കൂടി ഇന്ന് ഓറഞ്ച് അലേർട്ട്; അതിശക്തമായ മഴ തുടരും
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കൂടുതല്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തുടങ്ങി ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. മറ്റ് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തുടരുന്നുണ്ട്.

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. അച്ചന്‍കോവില്‍, അമ്പനാട് മേഖലയില്‍ ശക്തമായ മഴയുണ്ട്.
അമ്പനാട് പ്രിയ എസ്റ്റേറ്റില്‍ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തും ശക്തമായ മഴ തുടരുകയാണ്. ഇടിയോട് കൂടി അതിശക്തമായ മഴയാണ് ഇവിടെ പെയ്യുന്നത്. നഗര പ്രദേശങ്ങളിലും മലയോര മേഖലകളിലും മഴയുണ്ട്.

അതേസമയം തുലാവര്‍ഷം ആരംഭിച്ചതായി ഇന്ന് ഉച്ചയോടെ കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരും. കാലവര്‍ഷം രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങിയതിന് പിന്നാലെ കേരളത്തിന് പുറമേ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, മാഹി എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയ്ക്ക് തുടക്കമായി.

ഡിസംബര്‍ വരെയും തുലാവര്‍ഷം തുടരും. വടക്കന്‍ കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിലാണ് തുലാവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ മഴയാകും ഉണ്ടാകുക. വൈകുന്നേരത്തോടെ ഇടിയോട് കൂടിയ മഴയാകും ഉണ്ടാകുകയെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നാല്‍പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും പ്രവചിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Content Highlights: Kerala’s rain alert has been updated, with orange alerts issued for three additional districts. Very heavy rainfall is expected to continue across the state.

dot image
To advertise here,contact us
dot image