യുഎഇ ലോട്ടറിയിൽ ഷാർജയിലെ ഇന്ത്യൻ പ്രവാസിക്ക് അഞ്ച് മില്യൺ ദിർഹം സമ്മാനം

ലക്കി ഡേ ഗെയിം യുഎഇയിൽ ആരംഭിച്ചതിന് ശേഷം ലഭിക്കുന്ന ഏറ്റവും പുതിയ രണ്ടാം സമ്മാന നേട്ടമാണിത്

യുഎഇ ലോട്ടറിയിൽ ഷാർജയിലെ ഇന്ത്യൻ പ്രവാസിക്ക് അഞ്ച് മില്യൺ ദിർഹം സമ്മാനം
dot image

യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ ഷാർജയിലെ 59കാരനായ ഇന്ത്യൻ പ്രവാസി കിഷോറിന് അഞ്ച് മില്യൺ ദിർഹം സമ്മാനം. ‘ഈസി പിക്’ ഓപ്ഷൻ ഉപയോഗിച്ച് നമ്പറുകൾ തിരഞ്ഞെടുത്താണ് കിഷോർ രണ്ടാം സമ്മാനം നേടിയത്. ഒക്ടോബർ മൂന്ന് ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ ‘ഡേയ്‌സ്’ വിഭാഗത്തിലെ ആറ് നമ്പറുകളും കിഷോറിന് ഒത്തുവന്നു. യുഎഇ ലോട്ടറിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെ 50 ദിർഹം ചെലവഴിച്ചാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ലക്കി ഡേ ഗെയിം യുഎഇയിൽ ആരംഭിച്ചതിന് ശേഷം ലഭിക്കുന്ന ഏറ്റവും പുതിയ രണ്ടാം സമ്മാന നേട്ടമാണിത്.

വിജയികളുടെ പട്ടികയിൽ സ്വന്തം പേര് കണ്ടപ്പോൾ ആദ്യം തനിക്ക് വിശ്വസിക്കാനായില്ല. തുടർന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സമ്മാനം ലഭിച്ച വിവരം സ്ഥിരീകരിച്ചതെന്നും കിഷോർ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം തത്സമയം നടത്തിയ നറുക്കെടുപ്പിലാണ് വിജയിച്ച നമ്പറുകൾ പ്രഖ്യാപിച്ചത്. എന്നാൽ ഇന്നാണ് ഈ ഭാഗ്യവാനെ തിരിച്ചറിയുന്നത്.

സാധാരണയായി വാങ്ങിയ ഒരു ലോട്ടറി ടിക്കറ്റ് കിഷോറിന് 5 മില്യൺ ദിർഹത്തിന്റെ സമ്മാനമായി മാറുകയായിരുന്നു. കിഷോർ രണ്ടാം സമ്മാനം നേടിയെങ്കിലും ലക്കി ഡേ ഗെയിമിലെ 30 മില്യൺ ദിർഹത്തിന്റെ ഗ്രാൻ്റ് സമ്മാനം ഇപ്പോഴും ബാക്കിയുണ്ട്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി 9.30നാണ് ലക്കി ഡേ നറുക്കെടുപ്പ് നടക്കുന്നത്. വരാനിരിക്കുന്ന നറുക്കെടുപ്പുകൾക്കുള്ള ടിക്കറ്റുകൾ യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വാങ്ങാൻ സാധിക്കും.

ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യുഎഇ ലോട്ടറി സുരക്ഷിതവും സുതാര്യവും നിയന്ത്രിതവുമായ ഗെയിമിങ് അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ടിക്കറ്റ് വാങ്ങൽ, നറുക്കെടുപ്പ് വിവരങ്ങൾ, നിബന്ധനകൾ എന്നിവ അറിയാൻ ഔദ്യോഗിക യുഎഇ ലോട്ടറി വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Indian expatriate living in Sharjah has won a Dh5 million prize in the UAE Lottery, bringing a major win for the UAE-based resident.

dot image
To advertise here,contact us
dot image