

ന്യൂഡല്‍ഹി: സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നെഹ്‌റു പ്രധാനമന്ത്രി ആയപ്പോള്‍ സന്യാസിമാര്‍ ചെങ്കോല്‍ കൈമാറിയെന്ന് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ പരാമര്‍ശം. ഒന്‍പതാംക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. 1947 ഓഗസ്റ്റ് 15ന് തമിഴ്നാട്ടിലെ അധീനം പാരമ്പര്യത്തില്‍പ്പെട്ട സന്യാസിമാര്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയെന്നാണ് പരാമര്‍ശം. 2023 ല്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതും പാഠപുസ്തകത്തിലുണ്ട്. 1947 ലെ അധികാര കൈമാറ്റത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചെങ്കോല്‍ കണക്കാക്കുന്നതെന്നാണ് നരേന്ദ്രമോദി പറഞ്ഞിരുന്നത്.
പുതിയ അധ്യയന വര്‍ഷം തുടങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച 'അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് - പാര്‍ട്ട് 2' (Understanding Society India and Beyond - Part 2) എന്ന പാഠപുസ്തകം പുറത്തിറക്കിയത്. ഈ പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം ജൂണില്‍ പുറത്തിറക്കിയിരുന്നു. 2023 മെയ് 28-ന്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോല്‍ സ്ഥാപിച്ചത്. പിന്നാലെ അത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്തെ സന്യാസിമാരുടെ സാനിധ്യം ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രം എന്ന പ്രതിപക്ഷം വിമര്‍ശനത്തിനും ഇടയായിരുന്നു.
1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയിലേക്ക് അധികാരം കൈമാറിയതുമായി ചെങ്കോലിനുള്ള ബന്ധത്തെച്ചൊല്ലി രാഷ്ട്രീയ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് പാഠപുസ്തകത്തില്‍ അതിന്റെ ചരിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ഈ ചെങ്കോലിനെ ലോര്‍ഡ് മൗണ്ട് ബാറ്റണോ സി രാജഗോപാലാചാരിയോ ജവഹര്‍ലാല്‍ നെഹ്റുവോ വിശേഷിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളൊന്നും ഇല്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
പുരാതന തമിഴ് സംസ്‌കാരത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളില്‍ വേരൂന്നിയ ഒരു പ്രതീകമായാണ് സാംസ്‌കാരിക മന്ത്രാലയം ചെങ്കോലിനെ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ അധികാരം ധര്‍മ്മത്താല്‍ നയിക്കപ്പെടണം എന്ന ആശയത്തെയാണ് അത് പ്രതിനിധീകരിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. തമിഴ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകളുടെ ഭാഗമായിരുന്ന ചെങ്കോല്‍ ഒരു ഭരണാധികാരിയുടെ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളെയാണ് പ്രതിനിധീകരിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പ് നെഹ്റുവിന് ചെങ്കോല്‍ സമ്മാനിച്ചതോടെ 1947-ല്‍ ഈ പാരമ്പര്യം പുനരുജ്ജീവിപ്പിക്കപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. വുമിഡി ബംഗാരു ചെട്ടി കൈപ്പണിയായി നിര്‍മ്മിച്ച ഈ ചെങ്കോല്‍ തിരുവടുതുറൈ അധീനത്തിലെ സന്യാസിവര്യന്മാരാല്‍ വിശുദ്ധീകരിക്കപ്പെട്ടതാണ്. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ സാംസ്‌കാരികമായി വേരുകളുള്ള ഒരു പ്രക്രിയ എന്ന നിലയില്‍ ഇത് പ്രതിനിധീകരിക്കുന്നുവെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
Content Highlights: The NCERT Class 9 Social Science textbook refers to the Sengol being presented to Jawaharlal Nehru by ascetics from the Adheenam tradition in Tamil Nadu on August 15, 1947. It also mentions the installation of the Sengol in Parliament by Narendra Modi in 2023 and the claim that it symbolises the transfer of power in 1947.