

ദുബായുടെ റോഡ് ശൃംഖലയും അന്തർ-എമിറേറ്റ് ഗതാഗതവും ശക്തമാക്കുന്ന പുതിയ 'ഫോർത്ത് കോറിഡോർ' പദ്ധതിക്ക് ഹംദാൻ ബിൻ മുഹമ്മദ് അംഗീകാരം നൽകി. അബുദാബിയിലെ അൽ ഫയാ റോഡ് മുതൽ ഷാർജയിലെ അൽ ഷനൂഫ് റോഡ് വരെ ഏകദേശം 80 കിലോമീറ്റർ നീളുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 3.5 ബില്ല്യൺ യുഎഇ ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇരുവശങ്ങളിലേക്കുമായി 12 ലെയ്നുകളോടെ നിർമ്മിക്കുന്ന അതിവേഗ പാതയിൽ 72 പാലങ്ങൾ, 17 തുരങ്കങ്ങൾ, 45 വെള്ളപ്പൊക്ക നിവാരണ കലുങ്കുകൾ എന്നിവ ഉൾപ്പെടുന്നു. മണിക്കൂറിൽ ഇരുവശങ്ങളിലേക്കുമായി കാൽലക്ഷം വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ഈ പുതിയ ഇടനാഴിയിലൂടെ സാധിക്കും. 31 ലക്ഷത്തിലധികം ആളുകൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി യാഥാർത്ഥ്യമാക്കുന്നത്.
ദുബായെ മറ്റ് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഫോർത്ത് കോറിഡോർ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായും ഇത്തിഹാദ് റെയിലുമായും നേരിട്ട് ബന്ധിപ്പിക്കും. എമിറേറ്റുകൾക്കിടയിലെ ചരക്ക്-വാണിജ്യ ഗതാഗത മേഖലയ്ക്ക് വലിയ ഊർജ്ജം പകരുന്നതാണ് ഈ കണക്റ്റിവിറ്റി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ചെറുക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് പദ്ധതിയുടെ രൂപകൽപ്പന.
ഷാർജ, ദുബായ്, അബുദാബി എമിറേറ്റുകൾക്കിടയിലുള്ള യാത്ര അതിവേഗത്തിലാക്കാൻ പദ്ധതി സഹായിക്കും. നിലവിലുള്ള പ്രധാന ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ പരിഹരിക്കാനും അന്തർ-എമിറേറ്റ് വാണിജ്യ നീക്കങ്ങൾക്ക് വേഗത കൂട്ടാനും ഫോർത്ത് കോറിഡോർ വരുന്നതോടെ സാധിക്കുമെന്ന് ആർടിഎ വ്യക്തമാക്കി.
Content Highlights: The RTA has announced a new 12-lane road project to improve connectivity between Sharjah, Dubai, and Abu Dhabi. The initiative aims to enhance traffic flow and make travel between the emirates more efficient.