ഡീപ്‌ഫേക്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ ദുബായ്; വ്യാജ വീഡിയോകൾ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ വരുന്നു

അറബ് ലോകത്ത് ഒരു സർക്കാർ സ്ഥാപനം സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ആദ്യത്തെ എഐ മോഡലാണിത്

ഡീപ്‌ഫേക്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ ദുബായ്; വ്യാജ വീഡിയോകൾ കണ്ടെത്താൻ എഐ സാങ്കേതികവിദ്യ വരുന്നു
dot image

വ്യാജ വീഡിയോകളും ചിത്രങ്ങളും കണ്ടെത്തുന്നതിനായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനവുമായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ. 'സറാബ്' എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ വീഡിയോകൾ വിശദമായി പരിശോധിക്കുകയും അതിൽ കൃത്രിമത്വം കാണിച്ച ഭാഗങ്ങൾ 'ഹീറ്റ് മാപ്പ്' മുഖേന പ്രത്യേകമായി അടയാളപ്പെടുത്തി കാണിക്കുകയും ചെയ്യും. ഈ വർഷം അവസാനത്തോടെ ഈ സംവിധാനം ഔദ്യോഗികമായി പുറത്തിറക്കും.

ദുബായ് എക്സ്പോ സിറ്റിയിലെ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസം നീളുന്ന 'ജിസെക് ഗ്ലോബൽ' സൈബർ സുരക്ഷാ സമ്മേളനത്തിലാണ് അധികൃതർ ഈ പ്രഖ്യാപനം നടത്തിയത്. ഒരു വീഡിയോ മുഴുവനായി പരിശോധിച്ച് അതിലെ ഏതെങ്കിലും ചെറിയ ഭാഗത്ത് പോലും ഡിജിറ്റൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് കൃത്യമായി കണ്ടെത്താൻ സറാബിന് സാധിക്കും. 91 ശതമാനം കൃത്യതയോടെ പ്രവർത്തിക്കുന്ന ഈ മോഡൽ, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കൃത്യതയുള്ള ഡീപ്‌ഫേക്ക് കണ്ടെത്തൽ സംവിധാനങ്ങളിലൊന്നാണെന്ന് അധികൃതർ വ്യക്തമാക്കി.

അറബ് ലോകത്ത് ഒരു സർക്കാർ സ്ഥാപനം സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ആദ്യത്തെ എഐ മോഡലാണിത്. ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ 'ഹഗ്ഗിംഗ് ഫെയ്സ്' വഴിയായിരിക്കും ഇത് ലഭ്യമാക്കുക. അതിനാൽ ആഗോള തലത്തിലെ ഗവേഷകർക്കും ഡെവലപ്പർമാർക്കും ഇതിന്റെ കോഡുകൾ പരിശോധിക്കാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും.

Also Read:

വ്യാജ പരസ്യങ്ങൾ നിർമ്മിച്ച് ജനങ്ങളെ വഞ്ചിക്കുന്ന ഡീപ്‌ഫേക്ക് തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ആറു മാസമായി ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ ഈ പദ്ധതിക്കായി പ്രവർത്തിച്ചത്. സൈബർ തട്ടിപ്പുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും സംരക്ഷണം ഒരുക്കുന്നതിൽ 'സറാബ്' നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Dubai is set to use AI technology to identify fake videos and address deepfake-related fraud. The initiative focuses on improving digital security by detecting manipulated video content and preventing online scams.

dot image
To advertise here,contact us
dot image