എൽ നിനോ സ്വാധീനം വരുന്നു; യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

ശൈത്യകാലത്തും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ

എൽ നിനോ സ്വാധീനം വരുന്നു; യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
dot image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസമേകി കാലാവസ്ഥാ വ്യതിയാനവും മഴ സാധ്യതയും പ്രവചിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ മൂന്ന് വ്യാഴാഴ്ച മുതൽ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കാറ്റും പൊടിക്കാറ്റും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെങ്കിലും തുടർന്നെത്തുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് താപനിലയിൽ ആശ്വാസകരമായ കുറവു വരുത്തും. കൂടാതെ, വരുന്ന ശൈത്യകാലത്ത് എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ഈ സ്ഥിതി 2026 അവസാനം വരെ തുടർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സെപ്റ്റംബർ മൂന്ന് വ്യാഴാഴ്ച തീരദേശ, ആഭ്യന്തര മേഖലകളിൽ രാവിലെ ഈർപ്പമുള്ള അന്തരീക്ഷവും മഞ്ഞിനും സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങൾ രൂപപ്പെടാം. തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാം. തീരദേശങ്ങളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ഉൾനാടുകളിൽ 42 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 29 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. കടൽ പടിഞ്ഞാറൻ മേഖലകളിലും ഒമാൻ ഉൾക്കടലിലും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ നാല് വെള്ളിയാഴ്ച തീരദേശങ്ങളിൽ രാവിലെ മഞ്ഞുരൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തിയേക്കാം. തീരദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് - 42 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാവും താപനില. ഉൾനാടുകളിൽ 42 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മലയോരങ്ങളിൽ 29 ഡിഗ്രി സെൽഷ്യസ് - 37 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും താപനില. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ ശാന്തമായിരിക്കും.

സെപ്റ്റംബർ അഞ്ച് ശനിയാഴ്ച തീരദേശങ്ങളിലും ഉൾനാടുകളിലും രാവിലെ മഞ്ഞുണ്ടാകും. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെങ്കിലും പൊതുവേ താപനില ഉയരും. തീരദേശങ്ങളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും ഉൾനാടുകളിൽ 43 ഡിഗ്രി സെൽഷ്യസ് മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 31 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ എത്തിയേക്കാം.

സെപ്റ്റംബർ ആറ് ഞായറാഴ്ചയും സെപ്റ്റംബർ ഏഴ് തിങ്കളാഴ്ചയും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാവിലെ സമയങ്ങളിൽ തീരദേശ-ഉൾനാടൻ മേഖലകളിൽ ഈർപ്പവും മഞ്ഞുമുണ്ടാകും. ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷവും മഴസാധ്യതയും പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ ഉൾനാടുകളിൽ ഉയർന്ന താപനില 48 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെയായിരിക്കും. ഇരു ദിവസങ്ങളിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Content Highlights: The UAE may experience rainfall in the coming days due to changing weather patterns linked to the El Niño influence. The weather centre has issued updates on the expected climate conditions across the region.

dot image
To advertise here,contact us
dot image