മരുഭൂമിയിലെ കുതിരസവാരി മുതൽ വിമാനത്തിലെ സദ്യ വരെ; ഓണം ആഘോഷിച്ച് മലയാളി പ്രവാസികൾ

മലയാളികൾക്കൊപ്പം വിവിധ രാജ്യക്കാരായ സഹപ്രവർത്തകരും ആഘോഷങ്ങളിൽ പങ്കുചേർന്നു

മരുഭൂമിയിലെ കുതിരസവാരി മുതൽ വിമാനത്തിലെ സദ്യ വരെ; ഓണം ആഘോഷിച്ച് മലയാളി പ്രവാസികൾ
dot image

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ആഘോഷമാക്കി ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ. ഓഫീസുകളിലെ പൂക്കളങ്ങളും തിരുവാതിരക്കളിയും മുതൽ മരുഭൂമിയിലെ കുതിരസവാരിയും വിമാനയാത്രകളിൽ വിളമ്പിയ ഓണസദ്യയും വരെയും പ്രവാസികളുടെ ​ആഘോഷങ്ങളുടെ ഭാ​ഗമായി.

മലയാളികൾക്കൊപ്പം വിവിധ രാജ്യക്കാരായ സഹപ്രവർത്തകരും ആഘോഷങ്ങളിൽ പങ്കുചേർന്നു. വിളവെടുപ്പിന്റെ ഉത്സവത്തിലെ ഏറ്റവും പ്രധാന ദിനമായ തിരുവോണം ഇത്തവണ ബുധനാഴ്ചയായതിനാൽ പ്രവാസികൾക്ക് അവധി ലഭിച്ചിരുന്നില്ല. എങ്കിലും ആഴ്ചയുടെ അവസാനം നടക്കുന്ന കുടുംബസംഗമ ഓണോഘോഷത്തിന് മുന്നോടിയായി പലരും തങ്ങളുടെ ജോലിസ്ഥലങ്ങളിലും റെസ്റ്റോറന്റുകളിലും സദ്യ കഴിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. യുഎഇയിലെ പ്രമുഖ റെസ്റ്റോറന്റുകളിൽ പരമ്പരാഗത വിഭവങ്ങളോടെയുള്ള സദ്യ കഴിക്കാൻ രാവിലെ 11 മണി മുതൽ തന്നെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ആഘോഷങ്ങൾ മരുഭൂമിയുടെ മണൽത്തരികളിൽ നിന്ന് ആകാശത്തോളം ഉയരത്തിൽ വരെ നീണ്ടു. യുഎഇയുടെയും ഇന്ത്യയുടെയും ദേശീയ ദിനങ്ങളും ആഘോഷങ്ങളും കുതിരപ്പുറത്ത് ആഘോഷിക്കുന്ന 'റോയൽ സ്റ്റാലിയൻസ് റൈഡേഴ്സ്' എന്ന മലയാളി സുഹൃത്തുക്കളുടെ സംഘം ഇത്തവണ മരുഭൂമിയിലൂടെ പ്രത്യേക കുതിരസവാരി നടത്തിയാണ് ഓണത്തെ വരവേറ്റത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവരുടെ യാത്ര. പരമ്പരാഗത രീതിയിൽ സാരിയണിഞ്ഞു കുതിര ഓടിക്കുന്നത് വെല്ലുവിളിയായിരുന്നെങ്കിലും സമീപകാലത്ത് മാത്രം കുതിരസവാരി പഠിച്ച തനിക്ക് ഇതൊരു അഭിമാന നിമിഷമായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന താര തങ്കച്ചൻ പറഞ്ഞു.

Also Read:

മരുഭൂമിയിൽ കുതിരസവാരി പുരോഗമിക്കുമ്പോൾ മറ്റൊരു ഓണാഘോഷം ആകാശത്ത് നടക്കുകയായിരുന്നു. ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ, കേരളത്തിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാർക്ക് 35,000 അടി ഉയരത്തിൽ വെച്ച് ഓണസദ്യ വിളമ്പി. നബിദിനത്തോട് അനുബന്ധിച്ച് ഓ​ഗസ്റ്റ് 27, 28, 29 തിയതികളിൽ ​യുഎഇയിൽ അവധിയുണ്ട്. ഈ ദിവസങ്ങൾ കൂടുതൽ ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ് മലയാളികൾ.

Content Highlights: Malayali expatriates across the Gulf marked Onam with traditional sadya, pookkalam competitions, cultural programmes, and community gatherings. Many celebrated the festival in unique settings, including desert destinations and special airline events, while preserving Kerala’s traditions and strengthening community bonds away from home.

dot image
To advertise here,contact us
dot image