

പശ്ചിമേഷ്യയിലെ മാസങ്ങളോളം നീണ്ടുനിന്ന സൈനിക സംഘര്‍ഷങ്ങളും വ്യോമഗതാഗത മേഖലയെ ബാധിച്ച പ്രതിസന്ധികളും ഉണ്ടായിട്ടും ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി. കോവിഡ്-19 മഹാമാരിക്കാലത്ത് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത് ഏറെ വേദനാജനകമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ പ്രതിസന്ധിക്കിടയിലും ഒരു ജീവനക്കാരനെയും പിരിച്ചുവിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
2026 ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെയുള്ള പല ഗള്‍ഫ് രാജ്യങ്ങള്‍ക്കും വ്യോമപാതകള്‍ താല്‍ക്കാലികമായി അടയ്‌ക്കേണ്ടി വന്നിരുന്നു. ഇതോടെ വ്യോമഗതാഗത മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടായിരുന്നു. എന്നാൽ പ്രതിസന്ധികൾക്ക് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ മാസങ്ങളുടെ അടിസ്ഥാനത്തിൽ പുരോഗതിയുണ്ടായതായി ദുബായ് എയർപോർട്സ് അധികൃതർ പറഞ്ഞു. ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതായും വ്യോമഗതാഗത മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും അധികൃതർ പറഞ്ഞു. 2026ൽ 100 മില്യണ്‍ യാത്രക്കാരെ പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ വിലയിരുത്തൽ പ്രകാരം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 2026ൽ ഏകദേശം 70 ദശലക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദുബായ് എയർപോർട്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 രണ്ടാം പാദത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 13 മില്യണ്‍ യാത്രക്കാരെ സ്വീകരിച്ചു. ഇതോടെ ആദ്യ ആറുമാസത്തെ ആകെ യാത്രക്കാരുടെ എണ്ണം 31.5 ദശലക്ഷമായി. എന്നാൽ ഇത് 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 31.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രവർത്തന സാഹചര്യങ്ങളിൽ ഒന്നിനെ അതിജീവിച്ച ശേഷമാണ് ഇപ്പോഴത്തെ തിരിച്ചുവരവെന്ന് ദുബായ് എയർപോർട്സ് അധികൃതർ വ്യക്തമാക്കി.
Content Highlight: Dubai Airports CEO Paul Griffiths said no employees have been laid off despite regional challenges, highlighting the resilience of the aviation sector and continued strong travel demand.