

യുഎഇയില്‍ ഇന്ന് മുതല്‍ പുതുക്കിയ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റിക്കും ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ലാന്‍ഡ് ഏരിയയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി ഇരുദിശകളിലേക്കും രണ്ട് ലൈനുകള്‍ വീതം ഉപയോഗിക്കാം. ഇന്‍ഡസ്ട്രിയല്‍ ഏരിയ പതിനേഴില്‍ നിന്ന് യൂണിവേഴ്‌സിറ്റി പാലം വഴി യൂണിവേഴ്‌സിറ്റി സിറ്റിയില്‍ അവസാനിക്കുന്ന റോഡിലാണ് ഇപ്പോള്‍ ഗതാഗതം പുഃനസ്ഥാപിച്ചിരിക്കുന്നത്. റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് വികസനം പുരോഗമിക്കുന്നതിനിടെ ഷാര്‍ജയിലെ പ്രധാന പാതകളിലൊന്നായ യൂണിവേഴ്‌സിറ്റി സിറ്റി റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് പുതിയ ഗതാഗത നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരുന്നുണ്ട്.
ഇന്ന് മുതല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 17 ല്‍ നിന്ന് മലീഹ റോഡിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഭാഗികമായി നിരോധനമുണ്ടാകും. ഈ വഴിയേ പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍, നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, സമീപത്തെ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ റോഡ് അതോറിറ്റി നിര്‍ദേശിച്ചിട്ടുള്ള ബദല്‍ പാതകള്‍ ഉപയോഗിക്കണം എന്നും അധികൃതര്‍ അറിയിച്ചു. ദേശീയ റെയില്‍ ശൃഖലയുടെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഇത്തിഹാദ് റെയില്‍ സ്‌റ്റേഷന്‍ ആക്‌സസ് റോഡ്‌സ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് റോഡ് നിര്‍മാണങ്ങള്‍ നടക്കുന്നത്. അഞ്ച് ആഴ്ചയിലേറെ നീളുന്ന ഗതാഗത നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ അഞ്ച് വരെ തുടരുമെന്നും അറിയിച്ചു.
Content Highlight: New traffic restrictions and road management measures have come into effect in parts of the UAE, with authorities advising motorists to follow updated traffic guidance and plan journeys accordingly.