

ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക് കടന്നതായി യുഎഇ. ഉപരോധം ലംഘിക്കുന്ന രാജ്യങ്ങൾക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഉപരോധം ഹോർമുസിൻ്റെ നിയന്ത്രണം പിടിക്കാനുള്ള ഇറാൻ ശ്രമങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
ഇറാനുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, ഷിപ്പിംഗ് എന്നീ അഞ്ച് മേഖലകളെയാണ് യു.എസ് ട്രഷറി ലക്ഷ്യമിടുന്നത്. ഈ ഉപരോധ നടപടിയെ 'സാമ്പത്തിക ഡി-ഡേ' എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശേഷിപ്പിച്ചത്.
ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇറാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും യുഎഇ നിർത്തിവെച്ചിരിക്കുകയാണ്. സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
സംഘർഷങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ വേണമെന്ന് സൗദി അറേബ്യയും ആവശ്യപ്പെട്ടു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഹോർമുസ്, ബാബ് അൽ-മന്ദാബ് കടലിടുക്കുകൾ സുരക്ഷിതമായി തുറന്നു നൽകണമെന്നും സൗദി ആവശ്യപ്പെട്ടു.
അതേസമയം, അമേരിക്കൻ ഉപരോധങ്ങളെ പ്രതിരോധിക്കാൻ രണ്ടു വർഷത്തെ പദ്ധതി കയ്യിലുണ്ടെന്ന് ഇറാൻ ധനമന്ത്രി അലി മദനിസാദെ പ്രതികരിച്ചു. അമേരിക്കയുടെ ഈ നീക്കവും പരാജയപ്പെടുമെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷിയും ആണവ നിലയങ്ങളും തകർത്തതിന് ശേഷമാണ് ഈ കടുത്ത സാമ്പത്തിക നീക്കത്തിലേക്ക് അമേരിക്ക കടന്നിരിക്കുന്നത്.
Content Highlights: The UAE said the West Asia conflict has entered a new phase and announced the suspension of trade, commercial exchanges, and financial transactions with Iran. The decision was linked to regional security concerns following recent tensions, while UAE authorities said they remain committed to regional stability and diplomatic engagement.