

കാലത്തിനനുസരിച്ച മാറ്റങ്ങളുമായി അത്യാധുനിക ആംബുലന്‍സുകള്‍ പുറത്തിറക്കി യുഎഇ. സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ ആംബുലന്‍സുകള്‍ പുറത്തിറക്കി അബുദാബി ആരോഗ്യ വകുപ്പും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും. ഐസിയു അടക്കം പ്രത്യേക സൗകര്യങ്ങളുള്ള പതിനെട്ട് അത്യാധുനിക ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നതിനായി നിരത്തിലിറക്കുന്നത്.
മൊബൈല്‍ ഐസിയു, ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കുമുള്ള പ്രത്യേക സൗകര്യങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കുള്ള സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ദുരന്തനിവാരണ രംഗത്ത് അടിയന്തര സഹായം ലഭ്യമാക്കുന്ന യൂണിഫൈഡ് മെഡിക്കല്‍ ഓപ്പറേഷന്‍ സെന്ററുമായി ഘടിപ്പിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. രോഗികളെ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളില്‍ എത്തിക്കുന്നതുവരെയുള്ള സമയത്തിനിടയില്‍ ആംബുലന്‍സിനുള്ളില്‍ വെച്ച് തന്നെ വിദഗ്ധ പരിചരണം ഉറപ്പാക്കാന്‍ ഈ ആംബുലന്‍സുകള്‍ക്ക് സാധിക്കും. അള്‍ട്രാസൗണ്ട് സിസ്റ്റം, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ അടക്കമുള്ള അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഇന്‍കുബേറ്ററുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പരിചരണം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന.
350 കിലോഗ്രാം വരെ ഭാരം താങ്ങാന്‍ ശേഷിയുള്ള ഹൈഡ്രോളിക് സ്‌ട്രെച്ചറുകളും അനുബന്ധ സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. രോഗികളെ കൊണ്ടുപോകുക എന്നതിലുപരി രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള ആദ്യഘട്ട ചികിത്സാകേന്ദ്രമായി ആംബുലന്‍സുകള്‍ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അബുദാബി ആരോഗ്യ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി, സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാലം അബ്ദുള്ള അല്‍ ധാഹിരി, പൊതുജന ആരോഗ്യ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ റാഷിദ് അല്‍ സുവൈദി എന്നിവരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്.
Content Highlight: Abu Dhabi has launched 18 smart ambulances equipped with advanced medical technology to improve emergency response and provide specialised patient care.