

മലയാള സിനിമയിൽ ഇന്നും പ്രേക്ഷകരുടെ എവർഗ്രീൻ ഫേവറിറ്റ് ചിത്രങ്ങളിൽ ഒന്നാണ് റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണം'. ചിത്രത്തിലെ നായികമാരുടെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചിരുന്നത് നടി അഭിരാമിയെ ആയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രം നിരസിച്ചതിന് പിന്നിലെ കാരണം പറയുകയാണ് നടി. സിനിമ വേണ്ടെന്നുവെച്ചതല്ലെന്നും, ഡേറ്റ് പ്രശ്നങ്ങൾ കാരണം അഭിനയിക്കാൻ സാധിക്കാതെ പോയതാണെന്നുമാണ് അഭിരാമി പറയുന്നത്. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'തെങ്കാശിപ്പട്ടണം ഞാന്‍ ഒഴിവാക്കിയതല്ല, ചെയ്യാന്‍ സമയം കിട്ടാത്തതു കൊണ്ടായിരുന്നു. അന്ന് ഞാന്‍ ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുന്ന സമയമാണ്. ഒന്ന് മലയാളത്തില്‍ മേലെവാരത്തെ മാലാഖകുട്ടികള്‍ എന്ന സിനിമയായിരുന്നു. മറ്റൊന്ന് തമിഴിലിയോ കന്നഡയിലോ ആയിരുന്നു. തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല,' അഭിരാമി പറഞ്ഞു.
ചിത്രത്തിൽ ഗീതു മോഹൻദാസ് അവതരിപ്പിച്ച 'സംഗീത' എന്ന കഥാപാത്രത്തെയായിരുന്നു താൻ ചെയ്യേണ്ടിയിരുന്നതെന്നും അഭിരാമി കൂട്ടിച്ചേർത്തു. തനിക്ക് അവസരം ലഭിച്ചില്ലെങ്കിലും ആ കഥാപാത്രം ഗീതു വളരെ ഭംഗിയായി ചെയ്തുവെന്നും, ചിത്രത്തിലെ കാവ്യ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരുടെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും വളരെ മികച്ചതായിരുന്നുവെന്നും താരം ഓർത്തെടുത്തു. ലാൽ, സുരേഷ് ഗോപി, ദിലീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'തെങ്കാശിപ്പട്ടണം' ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു നേടിയിരുന്നത്.
Content Highlights: Actress Abhirami has revealed why she declined the opportunity to act in the Malayalam blockbuster ‘Thenkasippattanam’. The actress shared insights into the reason behind her decision and her career choices.