

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. മമിതയാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് രാധികയുടെ അമ്മ ഗീത രാധ അന്തരിച്ചെന്ന വാര്‍ത്ത എത്തിയത്. എന്നാല്‍ ചെയ്തു കൊണ്ടിരിക്കുന്ന സീന്‍ പൂര്‍ത്തിയാക്കി മടങ്ങാമെന്നായിരുന്നു രാധിക സംവിധായകനോട് പറഞ്ഞത്.
സംവിധായകന്‍ വെങ്കി അറ്റ്ലൂരിയും ചിത്രത്തിലെ താരങ്ങളായ സൂര്യയും മമിത ബൈജുവുമാണ് സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് പുറത്തുവിട്ട അഭിമുഖത്തിലായിരുന്നു താരങ്ങളുടെ പ്രതികരണം.
കോമഡി രംഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് രാധികയുടെ അമ്മ മരിച്ചെന്ന വാര്‍ത്ത എത്തിയതെന്ന് സംവിധായകന്‍ വെങ്കി അറ്റ്ലൂരി പറഞ്ഞു.'ഞങ്ങള്‍ കോമഡി രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. അപ്പോഴാണ് രാധിക മാഡത്തിന്റെ അമ്മ മരിച്ചെന്ന വാര്‍ത്ത വരുന്നത്. എന്നാല്‍ അവര്‍ ചോദിച്ചു, 'ഈ രംഗം പൂര്‍ത്തിയാക്കി പോകാമോ?' ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു'-അറ്റ്ലൂരി പറഞ്ഞു.
അമ്മ ആശുപത്രിയിലായിരുന്ന സമയത്തുതന്നെയാണ് താന്‍ ഷൂട്ടിങ്ങിനെത്തിയതെന്ന് രാധിക ശരത്കുമാര്‍ പറഞ്ഞു. ആരോഗ്യനില ഗുരുതരമാണെന്ന് അറിയാമായിരുന്നെങ്കിലും അമ്മ തന്നെയാണ് ഷൂട്ടിങ്ങിന് പോകാന്‍ നിര്‍ദേശിച്ചതെന്നും താരം വ്യക്തമാക്കി.
'വാര്‍ത്ത വന്ന ദിവസം ഞാന്‍ ശരിക്കും തകര്‍ന്നുപോയി. പക്ഷേ അവര്‍ ആ രംഗം അഭിനയിക്കുന്നത് ഞാന്‍ നോക്കിനിന്നു. പൂര്‍ണമായും കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്ന്, യാതൊരു കുറവും വരുത്താതെ കോമഡി രംഗം അവതരിപ്പിക്കുകയായിരുന്നു. ഒരു സഹതാരമെന്ന നിലയില്‍ ആ കാഴ്ചയ്ക്ക് മുന്നില്‍ എനിക്ക് വാക്കുകളില്ലാതായി'-മമിത പറഞ്ഞു.
'അവരുടെ ജോലിയോടുള്ള വലിയ ബഹുമാനം നോക്കൂ. ഇത്രയും വര്‍ഷം ഇത്രയും വലിയൊരു കരിയര്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതിന്റെ കാരണം ആ സമര്‍പ്പണം തന്നെയാണ്. സിനിമ തനിക്ക് നല്‍കിയ എല്ലാത്തിനോടും അവര്‍ പുലര്‍ത്തുന്ന ആഴത്തിലുള്ള സ്‌നേഹവും ബഹുമാനവുമാണ് ഇത് കാണിക്കുന്നത്'-സൂര്യ പറഞ്ഞു.
2025 സെപ്റ്റംബറിലായിരുന്നു രാധികയുടെ അമ്മ ഗീത രാധ അന്തരിച്ചത്. അന്തരിച്ച നടന്‍ എം.ആര്‍. രാധയുടെ ഭാര്യയായിരുന്ന ഗീത രാധയ്ക്ക് 86 വയസ്സായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു മരണം.
Content Highlights: Surya stated that Viswanath left the set of Viswanath and Sons only after completing his acting commitments, even though Radhika's mother had passed away.