പ്രതിസന്ധികൾക്കിടയിലും കുതിപ്പ്; വിനോദ സഞ്ചാര മേഖലയിൽ ചരിത്രം കുറിച്ച് റാസൽഖൈമ

രാജ്യാന്തര വിമാന സർവീസുകളെയും യാത്രാ പ്ലാനുകളെയും മേഖലയിലെ സംഘർഷങ്ങൾ പ്രതികൂലമായി ബാധിച്ചെങ്കിലും യുഎഇയിലെ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 47 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്

പ്രതിസന്ധികൾക്കിടയിലും കുതിപ്പ്; വിനോദ സഞ്ചാര മേഖലയിൽ ചരിത്രം കുറിച്ച് റാസൽഖൈമ
dot image

പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ അന്താരാഷ്ട്ര യാത്രാ മേഖലയെ സാരമായി ബാധിച്ചിട്ടും വിനോദസഞ്ചാര രംഗത്ത് മികച്ച മുന്നേറ്റവുമായി റാസൽഖൈമ. 2026-ന്റെ ആദ്യ പകുതിയിൽ 6,70,000-ത്തിലധികം വിനോദസഞ്ചാരികളെ സ്വീകരിച്ച് എമിറേറ്റ്സ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പകുതിവർഷ റെക്കോർഡ് കുറിച്ചു. യുഎഇക്ക് അകത്തുനിന്നുള്ള സ്വദേശി, പ്രവാസി സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവാണ് ഈ നേട്ടത്തിന് കരുത്തായതെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.

രാജ്യാന്തര വിമാന സർവീസുകളെയും യാത്രാ പ്ലാനുകളെയും മേഖലയിലെ സംഘർഷങ്ങൾ പ്രതികൂലമായി ബാധിച്ചെങ്കിലും യുഎഇയിലെ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 47 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി മെയ് മാസത്തിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ റാസൽഖൈമയിലേക്ക് ഒഴുകിയെത്തിയത്. പ്രത്യേക ആഭ്യന്തര ടൂറിസം ക്യാമ്പെയ്നിലൂടെ മാത്രം 10 കോടിയിലധികം ദിർഹത്തിന്റെ വരുമാനം നേടാൻ എമിറേറ്റിലെ ഹോട്ടലുകൾക്ക് സാധിച്ചു.

2027-ൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന വമ്പൻ പദ്ധതിയായ 'വിൻ അൽ മർജാൻ ഐലൻഡ്' ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് ടൂറിസം മേഖലയുടെ പ്രധാന ആകർഷണം. അന്താരാഷ്ട്ര ഹോട്ടൽ ബ്രാൻഡായ റൊട്ടാന, ജെബൽ ജെയ്‌സിലെ പ്രകൃതിദത്ത റിസോർട്ടായ സെയ്ജ് മൗണ്ടൻ ലോഡ്ജ് എന്നിവ ഈ വർഷം അവസാനത്തോടെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. പുതിയ നഗര വികസന പദ്ധതികളുടെ പിൻബലത്തിൽ 2030-ഓടെ പ്രതിവർഷം 35 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.

ഗതാഗത മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് റാസൽഖൈമ തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഓട്ടോണമസ് ഷട്ടിൽ സർവീസുകൾ, 2027 മുതൽ യാഥാർത്ഥ്യമാകുന്ന എയർ ടാക്സികൾ, ദുബായിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി പ്രത്യേക യാച്ച് സർവീസുകൾ എന്നിവ ആരംഭിക്കും. കൂടാതെ സാഹസിക സഞ്ചാരികളെ ആകർഷിക്കുന്നതിനായി ആക്ഷൻ ഫ്ലൈറ്റുമായി സഹകരിച്ച് പ്രത്യേക ആസ്ട്രോനട്ട് പരിശീലന പരിപാടിയും ഉടൻ നടപ്പിലാക്കും.

Content Highlights: Ras Al Khaimah has recorded a landmark achievement in its tourism sector despite ongoing regional and global challenges. The emirate witnessed significant growth in visitor numbers, reflecting the success of its tourism strategy, infrastructure development, and expanding international appeal.

dot image
To advertise here,contact us
dot image