സ്വർണവില കുറഞ്ഞു, പക്ഷെ വാങ്ങാന്‍ ഓടാതെ ജനം: പകരം കൈയ്യിലുള്ള സ്വർണം വിറ്റ് കാശാക്കുന്നത് കൂടി

സ്വർണ്ണത്തിന്റെ ആവശ്യകതയിൽ 70 ശതമാനത്തിലധികം ഇടിവുണ്ടായെന്നാണ് കണക്ക്

സ്വർണവില കുറഞ്ഞു, പക്ഷെ വാങ്ങാന്‍ ഓടാതെ ജനം: പകരം കൈയ്യിലുള്ള സ്വർണം വിറ്റ് കാശാക്കുന്നത് കൂടി
അജ്മല്‍ എം കെ
3 min read|01 Jul 2026, 07:56 pm
dot image

ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയിലുണ്ടായ വൻ വർധനവും വിപണിയിലെ വിലയിടിവും കാരണം സ്വർണ്ണ വാങ്ങുന്ന കാര്യത്തില്‍ കടുത്ത ജാഗ്രത പുലർത്തി ഇന്ത്യന്‍ ഉപഭോക്താക്കള്‍. തീരുവ വർധനയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ആവശ്യകതയിൽ 70 ശതമാനത്തിലധികം ഇടിവുണ്ടായെന്നാണ് ഇന്ത്യ ബുളളിയൻ ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കുന്നത്. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെ, മെയ് 13-നാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും നികുതി വർധനവുമാണ് വിപണിയിൽ പെട്ടെന്നുള്ള ഡിമാൻഡ് കുറയാൻ കാരണമായതെന്നും സുരേന്ദ്ര മേത്ത വിലയിരുത്തുന്നു. പുതിയ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്ന ഈ സാഹചര്യത്തിൽ, നിരവധി കുടുംബങ്ങൾ തങ്ങളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ വിറ്റഴിക്കുന്നു പ്രവണതയും വർധിച്ചിട്ടുണ്ട്. , 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പഴയ സ്വർണ്ണത്തിന്റെ വിൽപ്പന ഏകദേശം 50 ടണ്ണോളം എത്തിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കൂടുതലാണ്.

വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ സ്വർണ്ണപ്പണയ വായ്പകളിലും വലിയ വർധനവുണ്ടായിട്ടുണ്ട്. എങ്കിലും, നിലവിലെ സ്വർണ്ണവില ഒരു വർഷം മുൻപ് രേഖപ്പെടുത്തിയ 95,600 രൂപയേക്കാൾ വളരെ മുകളിലാണ്. വിപണിയിലെ നിലവിലെ സാഹചര്യം ഒട്ടും അനുകൂലമല്ലെന്നും, വില ഇനിയും ഇടിയുമെന്ന ഭയത്താലാണ് ഉപഭോക്താക്കളും നിക്ഷേപകരും പൊതുവിപണിയിൽ സ്വർണ്ണം വിറ്റഴിക്കുന്നതെന്നും ഐബിജെഎ സെക്രട്ടറി കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണ്ണവിലയിൽ വലിയ തിരുത്തലുകളാണ് സമീപമാസങ്ങളിൽ ഉണ്ടായിട്ടുള്ളത്. ജനുവരി 29-ന് 10 ഗ്രാമിന് 1,80,000 രൂപ (5,600 ഡോളർ) എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സ്വർണ്ണവില, ജൂൺ 30 ആയപ്പോഴേക്കും ഏകദേശം 30 ശതമാനത്തോളം ഇടിഞ്ഞ് 1,40,000 രൂപയിലേക്ക് (3,960 ഡോളർ) എത്തി. ഓഗ്‌മണ്ട് ബുള്ളിയൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക് പതിച്ച് കഴിഞ്ഞ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി നിൽക്കുകയാണ്.

പശ്ചിമേഷ്യൻ സംഘർഷങ്ങളും യു.എസിലെ ഉയർന്ന പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളുമാണ് തുടർച്ചയായ നാലാം മാസവും സ്വർണ്ണത്തിന് തിരിച്ചടിയായത്. ഈ മാസം മാത്രം സ്വർണ്ണവിലയിൽ 12 ശതമാനത്തിലധികവും, ഈ പാദത്തിൽ 15 ശതമാനത്തിനടുത്തും ഇടിവുണ്ടായി. 2013-ന് ശേഷമുള്ള ഏറ്റവും വലിയ പാദവർഷ ഇടിവാണിത്. നിലവിലെ 1,40,000 രൂപ (3,960 ഡോളർ) നിരക്കിൽ നിന്ന് വില ഇനിയും തകർന്നാൽ അത് 1,30,000 രൂപയിലേക്ക് (3,600 ഡോളർ) എത്തിയേക്കാമെന്നും, എന്നാൽ വിപണി തിരിച്ചുപിടിച്ചാൽ 1,45,000 രൂപ (4,100 ഡോളർ) വരെയോ 1,47,000 രൂപ (4,165 ഡോളർ) വരെയോ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Content highlights: The recent decline in gold prices has not triggered a surge in buying. Instead, many investors and households are selling their existing gold to lock in gains after the sharp rally seen in recent months. The trend reflects increased profit booking, even as gold prices remain significantly higher than their long-term averages.

dot image
To advertise here,contact us
dot image