

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതിനാൽ യുഎഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം. അർഹരായവർക്ക് വിസ പിഴ ഒഴിവാക്കിക്കൊണ്ട് നിയമവിധേയമാകാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ പ്രഖ്യാപിച്ച ഈ 30 ദിവസത്തെ ഗ്രേസ് പിരീഡ് ജൂൺ 10 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ജൂലൈ 9 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. വിമാന സർവീസുകൾ തടസ്സപ്പെട്ടത് മൂലം യുഎഇയിൽ കുടുങ്ങിപ്പോയ വിസ ഉടമകൾക്കും റദ്ദാക്കിയ വിസയിലുള്ളവർക്കും തങ്ങളുടെ രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ, അല്ലെങ്കിൽ പിഴയൊന്നും കൂടാതെ രാജ്യം വിടാനോ ഉള്ള അവസാന അവസരമാണിത്. മിഡിൽ ഈസ്റ്റിൽ വിമാന സർവീസുകൾ പുനസ്ഥാപിക്കപ്പെടുകയും സ്ഥിരത കൈവരികയും ചെയ്ത പശ്ചാത്തലത്തിലാണ് താൽക്കാലികമായി നൽകിയിരുന്ന പിഴയിളവ് അവസാനിപ്പിച്ച് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചത്.
നേരത്തെ, ഫെബ്രുവരി 28 മുതൽ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ യുഎഇയിൽ കുടുങ്ങിയവർക്ക് പിഴ ഒഴിവാക്കി നൽകാൻ ഐസിപി തീരുമാനിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്കും താമസക്കാർക്കും താങ്ങാകുക എന്ന യുഎഇയുടെ മാനുഷിക പരിഗണനയുടെ ഭാഗമായിരുന്നു ആ തീരുമാനം. നിലവിലെ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിയമപരമായ നടപടികൾ പൂർത്തിയാക്കാം. മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാധാരണ നടപടിക്രമങ്ങളിലൂടെ നേരിട്ട് യാത്രയാകാം. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക ചാനലുകൾ പിന്തുടരാൻ ഐസിപി ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു.
Content Highlights: The UAE has introduced a 30-day grace period for expatriates with visa-related issues, allowing them time to regularize their status without incurring overstay fines. The decision offers significant relief to many residents and visitors facing visa challenges.