

യുഎഇയിലെ ഫുജൈറയിൽ നിർമ്മിച്ച ‘മ്യൂസിക്കൽ സ്ട്രീറ്റ്’ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ മ്യൂസിക്കൽ സ്ട്രീറ്റെന്ന നേട്ടം ഫുജൈറയുടെ സാംസ്കാരിക രംഗത്ത് വലിയൊരു നാഴികക്കല്ലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കലയും പൊതുഇടങ്ങളും തമ്മിൽ സമന്വയിപ്പിക്കുന്ന എമിറേറ്റിന്റെ നവീകരണ ശ്രമങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണിത്.
ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയുടെ സവിശേഷമായ ഈ സംരംഭം, ഫുജൈറ നഗരത്തിന്റെ പ്രവേശന കവാടത്തിലുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലാണ് 750 മീറ്റർ നീളത്തിൽ ഒരുക്കിയിരിക്കുന്നത്. സംഗീതത്തെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും സാധാരണ നഗര അന്തരീക്ഷത്തെ ആകർഷകമായ സാംസ്കാരിക അനുഭവമാക്കി മാറ്റാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫുജൈറ അമീരി കോർട്ടിൽ നടന്ന ചടങ്ങിൽ ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി, ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറലിൽ നിന്നും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
സമൂഹത്തിന്റെ ക്ഷേമം വർദ്ധിപ്പിക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും കലയ്ക്കും സംഗീതത്തിനും വലിയ പങ്കുണ്ടെന്ന് ചടങ്ങിൽ കിരീടാവകാശി ഓർമ്മിപ്പിച്ചു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായി, ഇത്തരം ക്രിയേറ്റീവ് പ്രോജക്ടുകൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫുജൈറയെ സാംസ്കാരിക നവീകരണത്തിന്റെയും കലാപരമായ ആവിഷ്കാരങ്ങളുടെയും ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാൻ ഈ അപൂർവ്വ നേട്ടം സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Content Highlights: A UAE city has achieved international recognition by setting a Guinness World Record for the world's longest musical street. The landmark project transforms a roadway into an interactive musical experience, highlighting the country's commitment to innovation and tourism development.