ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി രണ്ട് മടങ്ങ് വര്‍ദ്ധിപ്പിക്കുക ലക്ഷ്യം; പദ്ധതിയുമായി യുഎഇ

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഒഴിവാക്കി ഗള്‍ഫ് ഓഫ് ഒമാന്‍ തീരത്തേക്ക് നേരിട്ട് എണ്ണ കയറ്റുമതി ചെയ്യാന്‍ സഹായിക്കുന്നതാണ് പദ്ധതി

ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി രണ്ട് മടങ്ങ് വര്‍ദ്ധിപ്പിക്കുക ലക്ഷ്യം; പദ്ധതിയുമായി യുഎഇ
dot image

യുഎഇയിലെ ഫുജൈറ വഴിയുള്ള എണ്ണ കയറ്റുമതി ശേഷി രണ്ട് മടങ്ങ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് അഡ്നോക്കിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. അബുദാബിയിലെ ജെബല്‍ ധന്ന മുതല്‍ ഫുജൈറ തീരം വരെ 520 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്.

അഡ്നോക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പൈപ്പ് ലൈന്‍ നിര്‍മാണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഒഴിവാക്കി ഗള്‍ഫ് ഓഫ് ഒമാന്‍ തീരത്തേക്ക് നേരിട്ട് എണ്ണ കയറ്റുമതി ചെയ്യാന്‍ സഹായിക്കുന്നതാണ് പദ്ധതി. നിലവിലെ ഹബ്ഷാന്‍-ഫുജൈറ പൈപ്പ്‌ലൈനിന്റെ കയറ്റുമതി ശേഷി ദിവസേന 18 ലക്ഷം ബാരല്‍ ആണ്. പുതിയ വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാകുമ്പോള്‍ ഫുജൈറ വഴിയുള്ള മൊത്തം കയറ്റുമതി ശേഷി രണ്ട് മടങ്ങ് ആയി വര്‍ദ്ധിപ്പിക്കാനാകും.

പ്രതിദിനം 36 ലക്ഷം ബാരല്‍ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. സുരക്ഷിതമായി പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനൊപ്പം പ്രാദേശിക അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് ഇന്ധനം വിതരണം ചെയ്യാനുള്ള അഡ്നോക്കിന്റെ പ്രതിരോധശേഷിയെയും കിരിടാവകാശി അഭിനന്ദിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയും സൗദി അറേബ്യയും മാത്രമാണ് ഹോര്‍മുസ് പ്രതിസന്ധി ഒഴിവാക്കി ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാന്‍ പൈപ്പ്‌ലൈനുകള്‍ ഉപയോഗിക്കുന്നത്. ദീര്‍ഘമായ തീരപ്രദേശമുള്ള രാജ്യമാണ് ഒമാന്‍. ഗള്‍ഫ് ഓഫ് ഒമാന്‍ തീരത്ത് നിന്ന് നേരിട്ടുള്ള കയറ്റുമതി പരമാവധി വര്‍ദ്ധിപ്പിക്കാന്‍ യുഎഇ ശ്രമിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സംബന്ധിച്ച് ഇത് നിര്‍ണായകമായ പദ്ധതിയാണ്.

Content Highlights: The UAE aims to double its crude oil export capacity through the Fujairah route, strengthening its energy logistics network and reducing reliance on strategic chokepoints.

dot image
To advertise here,contact us
dot image