

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി ഗണ്യമായി വര്‍ധിച്ചെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ആഗോള സമ്മര്‍ദ്ദങ്ങളും പാശ്ചാത്യ ഉപരോധങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണവിതരണം വര്‍ധിച്ചതിന്റെ കണക്കുകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ലാവ്‌റോവ് പറഞ്ഞു.
യുഎസിനെ നിശിതമായി വിമര്‍ശിച്ച ലാവ്‌റോവ്, ലോക ഊര്‍ജ വിപണിയെ നിയന്ത്രിക്കാനാണ് വാഷിങ്ടണ്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. റഷ്യന്‍ ഊര്‍ജകമ്പനികളായ ലൂക്കോയില്‍, റോസ്നെഫ്റ്റ് തുടങ്ങിയവയെ ആഗോള വിതരണശൃംഖലയില്‍ നിന്ന് പുറത്താക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ ഊര്‍ജവിതരണ പാതകളെയും അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഇന്ത്യയും റഷ്യയും തമ്മിലുള്ള 'പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' കൂടുതല്‍ വിപുലീകരിക്കുകയാണെന്നും ലാവ്‌റോവ് വ്യക്തമാക്കി. പ്രതിരോധം, ബഹിരാകാശ സഹകരണം, കാര്‍ഷിക മേഖലകള്‍ എന്നിവയിലും ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നടത്തിയ കൂടിക്കാഴ്ചകളില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിക്‌സ് യോഗം നടക്കുന്നതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും ആഗോള ഊര്‍ജവിപണിയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ ഉറപ്പുനല്‍കല്‍. ഇറാന്‍, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നിവിടങ്ങളിലെ ജിയോപൊളിറ്റിക്കല്‍ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യ എല്ലാവരോടും തുല്യ അകലം പാലിക്കുന്ന നയതന്ത്ര നിലപാട് സ്വീകരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ ഊര്‍ജസുരക്ഷയും സാമ്പത്തിക താല്‍പര്യങ്ങളും മുന്‍നിര്‍ത്തിയാണ് എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളുന്നതെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയ്ക്ക് ചെലവുകുറഞ്ഞ ഇന്ധനം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ക്രൂഡ് ഓയിലിനായി ഇന്ത്യ നിലവില്‍ വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
Content Highlights: Russian Foreign Minister Sergey Lavrov on Friday confirmed that Russian crude oil exports to India have surged, reinforcing a strategic partnership that continues to defy global pressures and Western sanctions.