

തിരുവനന്തപുരം: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി തലസ്ഥാനത്തെത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പി സി വിഷ്ണുനാഥ്, എം ലിജു, കെ പ്രവീണ്‍കുമാര്‍, പഴകുളം മധു, കെ ജയന്ത്, ടി സിദ്ദിഖ് തുടങ്ങിയവരാണ് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.
പാര്‍ട്ടി തീരുമാനം ശിരസാവഹിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. പാർട്ടി ഒരു അന്തിമ തീരുമാനം എടുത്താൽ അതനുസരിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ്. അതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വം. കെ സി പക്ഷമെന്ന പക്ഷമില്ല. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിച്ച്, ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കും. രമേശ് ചെന്നിത്തല മന്ത്രിസഭയിലുണ്ടാകുമോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ആരെയൊക്കെ കാണമെന്ന് തീരുമാനിച്ചിട്ടില്ല. നല്ല മന്ത്രിമാരുണ്ടാകുമെന്നും അര്‍ഹത നോക്കി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് മുന്നോട്ട് പോകും. അതിന് സർക്കാരിന് അവസരം കൊടുക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വൻ വരവേൽപ്പാണ് പ്രവർത്തകർ അദ്ദേഹത്തിന് നൽകിയത്. മുതിർന്ന നേതാവ് വയലാർ രവിയെ കണ്ട ശേഷം നെട്ടൂരിലെ തന്റെ വീട്ടിലേക്ക് വി ഡി സതീശൻ പോകും.
Content Highlights: KC Venugopal says he will move with the party decision