കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ് വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യങ്ങൾ; ജാഗ്രത പാലിക്കണമെന്ന് റാസല്‍ഖൈമ പൊലീസ്

പണം കൈപ്പറ്റിയ ശേഷം ഇത്തരക്കാര്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്

കുറഞ്ഞ നിരക്കിൽ വാഹന ഇൻഷുറൻസ് വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യങ്ങൾ; ജാഗ്രത പാലിക്കണമെന്ന് റാസല്‍ഖൈമ പൊലീസ്
dot image

കുറഞ്ഞ നിരക്കില്‍ വാഹന ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി റാസല്‍ഖൈമ പൊലീസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ അവഗണിക്കണമെന്നാണ് മുന്നറിയിപ്പ്. തട്ടിപ്പ് സംഘങ്ങള്‍ക്കെതിരായ ആന്വേഷണവും പൊലീസ് ശക്തമാക്കി.

കുറഞ്ഞ നിരക്കില്‍ വാഹന ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന തരത്തിലാണ് പരസ്യങ്ങള്‍. ഇത്തരം പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങളില്‍ പണം തട്ടിയെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ ലക്ഷ്യമെന്നും വ്യാജ പരസ്യങ്ങള്‍ അവഗണിക്കണമെന്നും റാസല്‍ഖൈമ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പരസ്യങ്ങളില്‍ ആകൃഷ്ടരായി ഇടപാട് നടത്തിയ നിരവധി ആളുകള്‍ക്കാണ് ഇതിനകം പണം നഷ്ടമായത്. പണം കൈപ്പറ്റിയ ശേഷം ഇത്തരക്കാര്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

വിശ്വസനീയമായ ഇന്‍ഷുറന്‍സ് കമ്പനികളുടെയും അംഗീകൃത ബ്രോക്കര്‍മാരുടെയും പേരിലാണ് വ്യാജ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. അതാണ് പലരും തട്ടിപ്പിന് ഇരയാകാന്‍ കാരണമെന്നും പൊലീസ് ചൂണ്ടികാട്ടുന്നു. പണം നല്‍കുന്നതിന് മുമ്പ് പരസ്യങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ആധികാരികത പരിശോധിക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വളരെ കുറഞ്ഞ നിരക്കിലെത്തുന്ന ഓഫറുകളെ സംശയത്തോടെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുക, കമ്പനിയുടെ ലൈസന്‍സ് പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി പ്രത്യേക ക്യാമ്പയിനും റാസല്‍ഖൈമ പൊലീസ് തുടക്കം കുറിച്ചു. തട്ടിപ്പു സംഘങ്ങള്‍ക്കെതിരായ അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ വെബ്‌സൈറ്റുകളും അക്കൗണ്ടുകളും ശ്രദ്ധയില്‍പ്പെടുന്നവര്‍ ഇക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: Ras Al Khaimah Police warn residents about fake online vehicle insurance ads offering low rates and urge the public to verify providers and avoid scams.

dot image
To advertise here,contact us
dot image