

ലോകത്തിന്റെ ഏത് കോണിലെ വേദനകള്‍ക്ക് മുന്നിലും കാരുണ്യത്തിന്റെ വാതിലുകള്‍ തുറന്നിടുന്ന ദുബായുടെ വലിയ മനസ്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അപൂര്‍വ്വ അസ്ഥിരോഗം ബാധിച്ച് ദുരിതത്തിലായ പാകിസ്താന്‍ സ്വദേശിയായ ഒരു കുട്ടിക്കും കുടുംബത്തിനും ക്ലിനിക്കല്‍ ട്രയലിനായി അതിവേഗം വിസയൊരുക്കിയ നല്‍കിയ ദുബായ് ജിഡിആര്‍എഫ്എയുടെ നടപടിയാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം.
കുരുന്നുകളുടെ ചികിത്സയില്‍ ഓരോ നിമിഷവും എത്രത്തോളം വിലപ്പെട്ടതാണെന്ന് അധികൃതര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ, നിയമങ്ങളുടെയും ചുവപ്പുനാടകളുടെയും നൂലാമാലകളില്‍ കുടുങ്ങിയ പാകിസ്താന്‍ സ്വദേശിയായ കുട്ടിയുടെ ചികിത്സ ഒരു നിമിഷം പോലും വൈകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ക്ലിനിക്കല്‍ ട്രയലിനായി ദുബായിലെത്തേണ്ടിയിരുന്ന ആ കുരുന്നിനും കുടുംബത്തിനും ജിഡിആര്‍എഫ്എ എല്ലാ മുന്‍ഗണനകളും നല്‍കി.
അതിവേഗത്തില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു ജീവന്റെ കാവലാളായി ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥര്‍ മാറി. പാകിസ്താനിലെ ഒരു വീട്ടില്‍ വേദന കടിച്ചമര്‍ത്തി ജീവിച്ച കുട്ടിയുടെ കുടുംബത്തിന് ദുബായ് അല്‍ ജലീല ആശുപത്രിയിലെ ചികിത്സ മാത്രമായിരുന്നു ഏക പ്രതീക്ഷ. പക്ഷെ അതിന് നിയമങ്ങളുടെ നൂലാമാലകള്‍ തടസമായി. എന്നാല്‍ എല്ലാം പ്രതിസന്ധികളും മറികടന്ന് ആ കുരുന്നിനെയും കുടുംബത്തെയും ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥര്‍ ദുബായില്‍ എത്തിച്ചു.
ഈ വലിയ സ്‌നേഹത്തിന് മെഡിക്കല്‍ ലോകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനായി അല്‍ ജലീല ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറും ക്ലിനിക്കല്‍ ഗവേഷകനുമായ പ്രൊഫസര്‍ മുഹമ്മദ് സുല്‍ഫിക്കറും സംഘവും ദുബായ് ജിഡിആര്‍എഫ്എ ആസ്ഥാനത്തെത്തി. ഒരു കുരുന്നിന് മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച വലിയ മനസ്സിനും പിന്തുണയ്ക്കും അദ്ദേഹം അദ്ദേഹം നന്ദി അറിയിച്ചു.
ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണ മെഡിക്കല്‍ ഗവേഷണങ്ങള്‍ക്ക് വലിയ വേഗതയാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവത്തോടെ അപൂര്‍വ്വ രോഗങ്ങളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണ ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി മാതൃകയാവുകയാണ്.
Content Highlights: Dubai’s GDRFA has extended support to a child suffering from a rare bone disease, ensuring access to advanced medical treatment. The initiative highlights the authority’s humanitarian efforts.