പിണറായി തുടരണം എന്നാണ് വ്യക്തിപരമായ ആഗ്രഹം, സതീശൻ അടക്കം എല്ലാവരും യോഗ്യർ: വെള്ളാപ്പിള്ളി നടേശൻ

സതീശനെക്കുറിച്ചുള്ള മുൻ നിലപാടും വെള്ളാപ്പള്ളി തിരുത്തി

പിണറായി തുടരണം എന്നാണ് വ്യക്തിപരമായ ആഗ്രഹം, സതീശൻ അടക്കം എല്ലാവരും യോഗ്യർ: വെള്ളാപ്പിള്ളി നടേശൻ
dot image

ആലപ്പുഴ: പിണറായി വിജയൻ തന്നെ മൂന്നാമതും തുടരണം എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നന്നായി പണം ചിലവാക്കിയ പ്രചാരണമാണ് നടന്നത് എന്നും കേരളം കണ്ട ഏറ്റവും വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ഒന്നും പ്രവചിക്കാൻ സാധിക്കുന്നില്ല. പ്രവചനത്തെ സംബന്ധിച്ച് പെട്ടി പൊട്ടിച്ച ശേഷം പറയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

പി പി ചിത്തരഞ്ജൻ വീണ്ടും വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ മുഖ്യമന്ത്രിയാകുമോ എന്നതിലേക്ക് താൻ കടക്കുന്നില്ല. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ പലർക്കും ആഗ്രഹമുണ്ട്. രാഷ്ട്രീയത്തിൽ അത് സ്വാഭാവികമാണ് എന്നും ജനിക്കാൻ പോകുന്ന കൊച്ചിനെ പറ്റി ഇപ്പോൾത്തന്നെ ഞാൻ പറയണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഇതിനിടെ സതീശനെക്കുറിച്ചുള്ള മുൻ നിലപാടും വെള്ളാപ്പള്ളി തിരുത്തി. വി ഡി സതീശൻ അടക്കം എല്ലാവരും യോഗ്യന്മാരാണ് എന്നാണ് വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എംഎൽഎമാരായി മത്സരിച്ച ജയിച്ചുവരുന്നവരെല്ലാം യോഗ്യരാണ്. അയോഗ്യർ എന്നുപറഞ്ഞാൽ ശരിയല്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശൻ പ്രതിപക്ഷ നേതാവാകാൻ പോലും യോഗ്യനല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മുൻ നിലപാട്. നേരത്തെ സതീശനെതിരെ വെള്ളാപ്പള്ളി കടുത്ത വിമർശനം ഉയർത്തിയിരുന്നു.

സംസ്ഥാനത്ത് എൻഡിഎ വോട്ട് ശതമാനം വർധിപ്പിക്കുമെന്നും അക്കൗണ്ട് ഓപ്പൺ ചെയ്യുമോ എന്ന് തനിക്ക് അറിയില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ചെറ്റ പരാമർശം എല്ലാവരും കണ്ടതാണെന്നും തത്കാലം മറ്റ് വിഷയങ്ങളിലേക്ക് കടക്കേണ്ട എന്നും വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: SNDP Yogam General Secretary Vellappally Natesan stated that his personal wish is for Pinarayi Vijayan to continue for a third term as Kerala Chief Minister. He also remarked that the ongoing election is witnessing one of the most intense triangular contests in Kerala’s history, with massive campaign spending and heightened political competition among major fronts.

dot image
To advertise here,contact us
dot image