

റമദാൻ മാസത്തിൽ യുഎഇയിൽ പ്രവർത്തിച്ചിരുന്ന 13 അംഗ ഭിക്ഷാടന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിൽ കുടുങ്ങിപ്പോയതാണെന്നും സഹായം ആവശ്യമാണെന്നും അവകാശപ്പെട്ട് ജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന വിവിധ രീതികളാണ് ഈ സംഘം ഉപയോഗിച്ചിരുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരുടെ സംഘത്തലവൻ വിദേശത്തായിരുന്നു.
ഭിക്ഷാടകരോട് സഹതാപം കാണിക്കുന്നതിനെതിരെയും അവർക്ക് പണം നൽകുന്നതിനെതിരെയും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പള്ളികൾ, ക്ലിനിക്കുകൾ, ആശുപത്രികൾ, വിപണികൾ, തെരുവുകൾ എന്നിവ കേന്ദ്രീകരിച്ച് കാരുണ്യം ചൂഷണം ചെയ്യാനായി മെനയുന്ന വ്യാജ കഥകളിലും തന്ത്രങ്ങളിലും വീഴരുതെന്ന് അധികൃതർ യുഎഇയിലെ നിവാസികളോട് അഭ്യർത്ഥിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിലെ സസ്പിഷ്യസ് പേഴ്‌സൺസ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി, സേനയുടെ നിലവിലുള്ള ഭിക്ഷാടന വിരുദ്ധ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ അറസ്റ്റുകൾ നടന്നതെന്ന് പറഞ്ഞു.
എമിറേറ്റിൽ അറസ്റ്റിലാകുന്ന ഭിക്ഷാടകരിൽ 90 ശതമാനവും സന്ദർശക വിസയിലാണ് രാജ്യത്തെത്തുന്നതെന്നും താമസക്കാരുടെ ഉദാരമനസ്കത മുതലെടുക്കാൻ അവർ മനപ്പൂർവ്വം റമദാൻ മാസം തിരഞ്ഞെടുക്കുകയാണെന്നും ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ മൂന്ന് ആഡംബര കാറുകൾ സ്വന്തമായുള്ള ഒരു ഭിക്ഷാടകനെ പൊലീസ് പിടികൂടിയിരുന്നു. സഹായം അഭ്യർത്ഥിച്ച് ഇയാൾ വൻതുക സമ്പാദിച്ചിരുന്നു. പകൽ സമയത്തെ തന്റെ ഭിക്ഷാടനം കഴിഞ്ഞ്, വേഷം മാറി ആഡംബര വാഹനത്തിലാണ് ഇയാൾ മടങ്ങിപ്പോയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വൻതുക കൈവശം വച്ചിരുന്ന വ്യക്തികളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സംഭവത്തിൽ, ഭക്ഷണത്തിന് പണമില്ലെന്ന് അവകാശപ്പെട്ട് ട്രാഫിക് സിഗ്നലുകളിലും പാർക്കിംഗ് ലോട്ടുകളിലും ആഡംബര കാർ ഉടമകളെ ലക്ഷ്യമിട്ടിരുന്ന ഭിക്ഷാടകനിൽ നിന്ന് 20,000 ദിർഹം കണ്ടെടുത്തു.
രാജ്യത്തുടനീളം സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റമദാൻ മാസത്തിൽ 19 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി റാസൽഖൈമ പൊലീസ് അറിയിച്ചു. ഇതിൽ ഒരാളുടെ കൈവശം 11,000 ദിർഹം ഉണ്ടായിരുന്നു.
നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഓൺലൈൻ ഭിക്ഷാടന തട്ടിപ്പുകളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെഡിക്കൽ എമർജൻസികൾ വ്യാജമായി നിർമിച്ചും സഹതാപം ജനിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും കൃത്രിമമായി ഉണ്ടാക്കിയും സോഷ്യൽ മീഡിയ വഴി ഇവർ തട്ടിപ്പ് നടത്തുന്നു.
901 എന്ന കോൾ സെന്റർ വഴിയോ, ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലെ ‘പൊലീസ് ഐ’ (Police Eye) സേവനം വഴിയോ, ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ ഭിക്ഷാടകരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ അൽ ഷംസി താമസക്കാരോട് അഭ്യർത്ഥിച്ചു. സഹായം യഥാർത്ഥത്തിൽ ആവശ്യമുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഔദ്യോഗിക ചാരിറ്റി സ്ഥാപനങ്ങൾ വഴി മാത്രം സംഭാവന നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Dubai Police arrested 13 members of an organised begging gang operating in the emirate, while the mastermind behind the racket is believed to be coordinating the activities from abroad.