റമദാൻ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുക ലക്ഷ്യം; കർശന നടപടികളുമായി ദുബായ്

റമദാന്‍ കാലത്ത് വിലനിയന്ത്രണവും വിപണിയില്‍ സുതാര്യയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി

റമദാൻ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുക ലക്ഷ്യം; കർശന നടപടികളുമായി ദുബായ്
dot image

റമദാന്‍ വിപണിയില്‍ അനാവശ്യ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ദുബായ് സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പ്. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ മറയാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് ഒരുതരത്തിലും അനുവദിക്കില്ല. വിപണിയിലെ അസ്വാഭാവികമായ വിലക്കയറ്റം തടയാന്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് നടക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

റമദാന്‍ കാലത്ത് വിലനിയന്ത്രണവും വിപണിയില്‍ സുതാര്യയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അരി, പഞ്ചസാര, പാചക എണ്ണ തുടങ്ങി ഒമ്പത് അവശ്യസാധനങ്ങളുടെ വില അനുമതില്ലാതെ വര്‍ദ്ധിപ്പിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്ന് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കിയതിനൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും വിലവിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ബില്ലുകള്‍ ഇന്‍ഷുറന്‍സ് പോളിസി പോലെ കരുതി ഉപഭോക്താക്കള്‍ നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അമിതവില ഈടാക്കിയാല്‍ ഈ ബില്ലുകള്‍ തെളിവായി കാണിച്ച് ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി പരാതി നല്‍കാന്‍ സാധിക്കും. പരാതികള്‍ ബോധ്യപ്പെട്ടാല്‍ ഈടാക്കിയ അധികതുക തിരികെ ലഭ്യമാക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഇതിലൂടെ സാധിക്കും. നിലവില്‍ രാജ്യത്ത് അടുത്ത ആറുമാസത്തേക്കുള്ള ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും വിതരണ ശൃംഖലയില്‍ തടസ്സങ്ങളില്ലെന്നും ദുബായ് സാമ്പത്തിക-വിനോദസഞ്ചാവകുപ്പ് വ്യക്തമാക്കി.

ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഉത്പന്നങ്ങളുടെ വില താരതമ്യം ചെയ്ത് വര്‍ധനയില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തുന്നുണ്ട്. റമദാന്‍ കാലത്തെ തിരക്ക് ഒഴിവാക്കാനും അനാവശ്യമായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് നിയന്ത്രിക്കാനും ജനങ്ങള്‍ സഹകരിക്കണമെന്നും ദുബായ് സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം ആവശ്യപ്പെട്ടു.

Content Highlights: Dubai implements strict measures to control price hikes in the Ramadan market, ensuring affordability and fair trade practices for consumers.

dot image
To advertise here,contact us
dot image