

വ്യോമ ഗതാഗത മേഖലയിലെ പ്രതിസന്ധി മൂലം യുഎഇയില്‍ കുടുങ്ങിയവര്‍ക്കായി ഇന്ത്യയിലേക്ക് കൂടുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തുന്നു. കൂടുതല്‍ ആളുകള്‍ക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായണ് നടപടി. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ യാത്രാ പ്രതിസന്ധി നേരിടുന്നവരെ കൂടി ലക്ഷ്യമിട്ടാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാമ ഗതാഗതമേഖല പ്രതിസന്ധിയിലായതോടെ നിവധി ആളുകളാണ് യാത്രാ ചെയ്യാനാകെ യുഎഇയില്‍ കഴിയുന്നത്. ഇത്തരത്തില്‍ കുടുങ്ങിയ വിനോദസഞ്ചാരികളും ട്രാന്‍സിറ്റ് യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായാണ് കൂടുതല്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ക്രമീകരിക്കുന്നത്. കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേയ്ക്ക് ഇപ്പോള്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ ലഭ്യമാണ്. ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ സര്‍വീസുകള്‍.
അതിനിടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധന യാത്രക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. 2,500 ദിര്‍ഹം മുതലാണ് ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന നിരക്ക്. ചില സ്വകാര്യ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ ഇതിലും ഉയര്‍ന്ന തുക ഈടാക്കുന്നുണ്ട്. ദിനംപ്രതി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ടിക്കറ്റ് നിരക്ക് ഉയരുകയാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ അടിയന്തരഘട്ടത്തില്‍ ഉയര്‍ന്ന നിരക്ക് നല്‍കിയും യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്. അതേസമയം നാട്ടില്‍നിന്ന് യുഎഇയിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുന്നവരും ഒട്ടനവധിയാണ്.
അവധിക്കും അടിയന്തര ആവശ്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പോയവരാണ് ഇതില്‍ അധികവും. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സാധാരണ സര്‍വീസുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ വിവിധ എയര്‍ലൈനുകളുടെ പ്രത്യേക സര്‍വീസുകളില്‍ നിരവധി പ്രവാസികള്‍ ഇന്ത്യയില്‍ നിന്ന് ഇതിനകം യുഎഇയില്‍ എത്തിയിട്ടുണ്ട്. കേരളത്തില്‍നിന്ന് ഒമാനിലെത്തി ബസ് മാര്‍ഗം യുഎഇയിലേക്ക് എത്താനാണ് പലരുടെയും ശ്രമം. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രതിസന്ധിക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Relief for expatriates as additional flights are arranged from the UAE to India, helping stranded passengers return home amid travel difficulties.