റമദാന്‍ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക ലക്ഷ്യം; ക്യാമ്പയിനുമായി യുഎഇ

സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കാന്‍ ആര്‍ക്കും അധികാരം ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു

റമദാന്‍ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക ലക്ഷ്യം; ക്യാമ്പയിനുമായി യുഎഇ
dot image

യുഎഇയില്‍ റമദാന്‍ കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ പ്രത്യേക ക്യാമ്പയിനുമായി സാമ്പത്തിക മന്ത്രാലയം. അമിത വില ഈടാക്കി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ പരാതി നല്‍കാന്‍ പൊതു ജനങ്ങള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റമദാന്‍ കാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിശോധനാ ക്യാമ്പയിൻ നടക്കുന്നത്. പാചക എണ്ണ, മുട്ട, പാല്‍, പഞ്ചസാര, അരി, ഗോതമ്പ്, കോഴി, പയറുവര്‍​ഗങ്ങള്‍, റൊട്ടി, തുടങ്ങിയ അടിസ്ഥാന ഉത്പ്പന്നങ്ങളുടെ വില സാമ്പത്തിക മന്ത്രാലയം സൂഷ്മമായി നിരീക്ഷിക്കും. റമദാന്‍ മാസം മുഴുവന്‍ വിപണികളില്‍ ദിവസേനയുള്ള പരിശോധനകള്‍ ഉണ്ടാകും. അന്യായമായി വില കൂട്ടുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. കനത്ത പിഴ ഉള്‍പ്പെടെയുളള ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കാന്‍ ആര്‍ക്കും അധികാരം ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിലനിര്‍ണയ നയം ഇത്തവണയും തുടരാനാണ് തീരുമാനം. വില മാറ്റേണ്ടതുണ്ടെങ്കില്‍ ചില്ലറ വ്യാപാരികള്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍ രണ്ട് വില വര്‍ധനവുകള്‍ക്കിടയില്‍ ആറ് മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഈ നിയമം ചില്ലറ വ്യാപാരികള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

വിപണിയിലെ കൃത്രിമ വിലക്കയറ്റം തടയാന്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. ഓരോ ഉത്പ്പന്നത്തിന്റെയും വിപണി മൂല്യം മന്ത്രാലയം കൃത്യമായി വിലയിരുത്തും. റമദാന്‍ കിറ്റുകളും ഓഫറുകളും നിരീക്ഷണത്തിന് വിധേയമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി വിലവിവരം ദിവസേന വിശകലനം ചെയ്യാനുള്ള സംവിധാനവും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ വില നിലവാരത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് സാമ്പത്തിക മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും.

Content Highlights: The UAE has launched a campaign to prevent food price hikes during Ramadan, ensuring that essential goods remain affordable for consumers

dot image
To advertise here,contact us
dot image