

ഒമാനില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവരുടെ വീടുകളിലെ വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ വിച്ഛേദിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുളള പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച കരട് നിയമം വിശദമായ പരിശോധനക്കായി പ്രത്യേക സമിതിക്ക് കൈമാറി. നിയമത്തില്‍ ശൂറാ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയായി.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമം അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക പരാധീനതക്ക് പുറമെ ജോലി നഷ്ടപ്പെട്ട വ്യക്തികള്‍, മാനുഷിക പരിഗിണന അര്‍ഹിക്കുന്നവര്‍ തുടങ്ങിയ കുടുംബങ്ങളിലെ വൈദ്യുതി, വെള്ളം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കുടിശികയുടെ പേരില്‍ വിഛേദിക്കരുതെന്നാണ് നിയമത്തിലെ പ്രധാന ശുപാര്‍ശ. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ ലഭ്യമാകേണ്ടത് അത്യാവശ്യമാണെന്ന് കരട് നിയമം വ്യക്തമാക്കുന്നു. ഇത്തരക്കാര്‍ക്ക് അവശ്യസേവനങ്ങള്‍ നിക്ഷേധിക്കുന്നത് സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും നിയമം ചൂണ്ടികാട്ടുന്നു.
കുട്ടികളുള്ള വീടുകള്‍, പ്രായമായ അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. ശൂറാ കൗണ്‍സിലിന്റെ പരിശോധനക്ക് ശേഷം കരട് നിയമം വിശദമായ പഠനത്തിനായി പ്രത്യേക സമിതിക്ക് കൈമാറി. നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി നിയമ, സാമ്പത്തിക വശങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. സേവന ദാതാക്കളുടെ സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് സാമൂഹിക സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തുന്നിന്റെ സാധ്യതകളും സമിതി പരിശോധനക്ക് വിധേയമാക്കും. പ്രത്യേക കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കൗണ്‍സിലിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.
Content Highlights: Oman has taken a significant step to protect its citizens from financial hardship by passing a law to prevent the disconnection of essential services, including electricity and water, for those struggling financially.